Tuesday 21 February 2012

ഒരു നഷ്ടപ്രണയത്തിന്‍റെ ഓര്‍മയ്ക്ക്...


കാര്‍മേഘം മൂടി നില്ക്കുന്ന ആകാശം. വെളിച്ചം കുറവാണ്. മഴ പെയ്യുമെന്ന്‍ തോന്നുന്നു. ഈ മുറിയിലാണെങ്കില്‍ ഞാനിപ്പോള്‍ തനിച്ചാണ്. പനിയാണ് കാരണം. ആകാശമാണെങ്കില്‍ ഇപ്പോള്‍ കരയുമെന്ന മട്ടിലാണ്. എന്‍റെ അവശമായ ശരീരത്തേയും മനസ്സിനേയും സ്വസ്ഥമാക്കാന്‍ ഒന്നും ഇന്നീ പ്രകൃതി ചെയ്യുമെന്ന്‍ തോന്നുന്നില്ല. മാനമേ തെളിഞ്ഞാലും നീ...

സാധാരണഗതിയില്‍ ആകാശമിങ്ങനെ മൂടിക്കെട്ടി ഇപ്പോള്‍ കരയുമെന്ന ഭാവത്തില്‍ നില്ക്കുന്നതു എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ മഴത്തുള്ളികളും ഭൂമിയില്‍ പതിക്കുംപോള്‍ ഉയരുന്ന മണ്ണിന്‍റെ ഗന്ധത്തിനായ് ഞാന്‍ കാത്തിരിക്കും. പക്ഷേ ഇന്നീ മഴക്കാറുകളെന്തുകൊണ്ടോ എന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഓര്‍മകളെന്നെ മാടി വിളിക്കുന്നു, ഭൂതകാലത്തിലേക്ക്...


















ജീവിതത്തിലുടനീളം കൂടെയുണ്ടാകുമെന്നു കരുതിയവരൊക്കെ എന്നില്‍ നിന്നും അകന്നുപോകുംപോഴൊക്കെ അതിനെല്ലാം ഈ മഴയായിരുന്നു സാക്ഷി. അധികം സംസാരിക്കാത്ത എന്‍റെ അച്ഛമ്മ ഒരു ആഗസ്റ്റ് മാസം വിടപറഞ്ഞപ്പോള്‍ മരണമെന്തെന്ന്‍ മനസ്സിലാവാത്ത എന്‍റെ കുഞ്ഞുമനസ്സിന്‍റെ വേദനയായ് പൊഴിഞ്ഞു ഈ മഴ. ആദ്യമായ് കേരളം വിട്ട് ചെന്നൈയിലേക്ക് അച്ഛനുമമ്മയ്ക്കുമൊപ്പം ട്രെയിനില്‍ കയറുംപോഴും മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. വെളുത്തതുണിയില്‍ പൊതിഞ്ഞ അമ്മച്ഛന്‍റെ തണുത്ത ശരീരം ചിതയിലേക്കുടുക്കുംപോള്‍ പ്രകൃതിയുടെ കണ്ണുനീരെന്ന പോലെ മഴയുണ്ടായിരുന്നു. മുത്തശ്ശി മരിച്ചുവെന്ന വിവരമറിഞ്ഞ് ഓടിക്കിതച്ച് ബസ്സില്‍ കയറി വടകരയ്ക്ക് യാത്ര തിരിച്ചപ്പോഴും സാന്ത്വനിപ്പിക്കാനെന്ന പോലെ ബസ്സിലെ ജനലിന്‍റെ വിടവിലൂടെ വന്നെന്‍റെ കവിളിലെ കണ്ണുനീര്‍ തുടച്ചു തന്നതും മഴയായിരുന്നു. മകളുടെ കുഞ്ഞിനെയും കണ്ട് ഓസ്ട്രേലിയയില്‍ നിന്നും തിരിച്ചുവന്നതിന്‍റെ ഇരുപതാം നാള്‍ ആരോടുമൊരു വാക്കു പോലും മിണ്ടാതെ എന്‍റെ മാമനെ തനിച്ചാക്കിക്കൊണ്ട് മാമി വിടപറഞ്ഞ ദിവസം രാത്രിയില്‍ അച്ഛനോടൊപ്പം വീട്ടിലേക്ക് തിരിച്ചപ്പോള്‍ ബസ്സിലിരുന്ന ഞങ്ങളുടെ മനസ്സിന്‍റെ വിങ്ങല്‍ പ്രകൃതിയുടെ കണ്ണുനീരായത് ഇന്നുമോര്‍ക്കുന്നു. ഒരു വിഷുവിന്‍റെ തലേന്ന്‍ അമ്മൂമ്മ വിടപറഞ്ഞ രാത്രിയില്‍ ശ്രുതിച്ചേച്ചിയുടെയും സമിത്തേട്ടന്‍റെയും കൂടെ ആംബുലന്‍സിനു പിറകെ ഒരു കാറില്‍ യാത്ര ചെയ്തപ്പോഴും ഇടയ്ക്കെപ്പോഴോ മഴ പെയ്തതിന്നും ഞാനോര്‍ക്കുന്നു. ഒരു റിപ്പബ്ലിക് ദിനത്തില്‍ രാവിലെ കളിക്കാനിറങ്ങിയ അമ്മായുടെ ജനാര്‍ദ്ധനന്‍ മാമന്‍റെ മകന്‍ ജിതേഷേട്ടന്‍ കളിക്കളത്തില്‍ നിന്നും ആരോടും പറയാതെ വിടപറഞ്ഞപ്പോള്‍ അവരുടെ അമ്മ മകനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്ഷേത്രത്തില്‍ പോയിരിക്കുകയയിരുന്നു. ജിതേഷേട്ടനെ വെള്ളത്തുണിയില്‍ പുതപ്പിച്ചുകിടത്തിയത് കാണാന്‍ വയ്യെന്ന്‍ പറഞ്ഞ് അച്ഛനേയും അമ്മയേയും യാത്രയാക്കി വീട്ടില്‍ ഞാന്‍ തനിച്ചിരുന്നപ്പോള്‍ വീണ്ടും മഴ. അച്ഛനെയും അമ്മയെയും വിട്ട് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പി.ജി. ക്ക് ചേര്‍ന്നപ്പോഴുമുണ്ടായിരുന്നു മഴ. പിന്നെ സുഖമില്ലാതെ നാട്ടിലേക്ക് പോയപ്പോഴും പോയതിനേക്കാള്‍ അവശയായി തിരിച്ചുവന്നപ്പോഴുമെല്ലാം ഈ മഴ എനിക്ക് ചുറ്റും പെയ്തുകൊണ്ടിരുന്നു.  

എങ്കിലും ഞാന്‍ മഴയെ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു, പ്രണയിക്കുന്നു... കാരണം എന്‍റെ ദുഖങ്ങളിലെന്ന പോലെ സന്തോഷത്തിലും  മഴ ഒരു കളിത്തോഴനെ പോലെ കൂടെ നിന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ച് വളര്‍ന്ന കളിക്കൂട്ടുകാരെ പോലെ ഞാനും മഴയും... സൌഹൃദത്തിനും അപ്പുറത്തേക്ക് വളര്‍ന്ന ഞങ്ങളുടെ പ്രണയം ഈ സൌഹൃദം നഷ്ടപ്പെടുമെന്ന്‍ കരുതി പരസ്പരം പറയാതിരുന്നു. ഒടുവിലൊരുനാള്‍ എന്‍റെ തണുത്ത് മരവിച്ച ശരീരത്തെ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് അഗ്നിക്കിരയാക്കുംപോള്‍ അവന്‍, എന്‍റെ മഴ ദൂരെ നിന്ന്‍ ഒന്ന്‍ കരയാന്‍ പോലുമാകാതെ തരിച്ച് നില്ക്കും. ഞങ്ങളുടെ പറയാതെ പോയ പ്രണയത്തിന് ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു... വരും ജന്മത്തിലേങ്കിലും ഒരു മണ്‍തരിയോ പുല്‍ത്തകിടിയോ ആയി ജനിച്ച് ഈ ജന്മത്തിലെ നഷ്ടപ്രണയത്തെ സാക്ഷാത്ക്കരിക്കാന്‍...........


3 comments:

  1. കവിളിലെ കണ്ണുനീര്‍ തുടച്ചു തന്നതും മഴയായിരുന്നു. Nice

    ReplyDelete
    Replies
    1. നന്ദി പ്രശാന്ത്..

      Delete
  2. കവിളിലെ കണ്ണുനീര്‍ തുടച്ചു തന്നതും മഴയായിരുന്നു. Nice

    ReplyDelete