Tuesday 22 April 2014

ഒരു വിടവാങ്ങൽ സന്ദേശം



ജീവിതയാത്ര ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇനിയുള്ള നിമിഷങ്ങൾ വിലപ്പെട്ടതാണ്. ഇനി വരാനിരിക്കുന്ന ഓരോ രാവും പകലും എന്റെയുള്ളിൽ നിറഞ്ഞു നിൽക്കണം. വിരിയുന്ന ഓരോ പൂവും തഴുകിയകലുന്ന ഓരോ കാറ്റും കൊണ്ട് ഉള്ള് നിറയ്ക്കണം. എനിക്ക് വഴി മാറിപ്പോകാൻ സമയമായിരിക്കുന്നു. അതിന് മുൻപ് ഇവിടം വരെയുള്ളൊരീ യാത്ര സുഖകരമാക്കി തന്ന ചിലരോടൊരു വാക്ക്... നന്ദി..

1. പത്ത് മാസം ആ ഗർഭപാത്രത്തിൽ അഭയം തന്നതിന് നന്ദി പറഞ്ഞ് അപമാനിക്കുന്നില്ല. എങ്കിലും, ഈ മകൾക്ക് ഒരു നല്ല കൂട്ടുകാരിയായതിന്, എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിച്ചതിന്, പറയാതെയറിഞ്ഞ എന്റെ നൊമ്പരങ്ങൾക്ക്, അമ്മയെ പോലൊരു പെണ്ണാക്കിയെന്നെ വളർത്തിയതിന്, ഒരുപാട് സ്നേഹം തന്നതിന്..

2. ശരിയും തെറ്റും തിരിച്ചറിയാൻ പഠിപ്പിച്ചതിനും, ചുറ്റുമുള്ള ലോകത്തെ കാണാൻ പാകത്തിനെന്റെ കണ്ണുകൾ തുറപ്പിച്ചതിന്, മൂല്യങ്ങളുടെ തിരി കൊളുത്തിയതിന്, അറിവ് പകർന്നതിന്, എന്റെ അച്ഛന്..

3. അദൃശ്യമായെന്നെ കാക്കുന്നൊരു നക്ഷത്രം പോലെ അകലെ നിന്ന് നോക്കുന്ന എന്റെ ഏട്ടന്, ഈ കുഞ്ഞു പെങ്ങളുടെ രക്ഷിതാവായി കൂടെ നടന്നതിന്, കുറുമ്പുകളൊക്കെയും പൊറുത്തതിന്, ആ വാത്സല്യം എനിക്കായ് മാത്രം കരുതി വെച്ചതിന്..

4. അമ്മയോട് പോലും പറയാത്ത മനസ്സിലെ ആഴത്തിലെ രഹസ്യങ്ങൾ ചുരണ്ടിയെടുത്തതിന്, അവയ്ക്ക് ആരുമറിയാതെ പരിഹാരം കണ്ടതിന്, പിന്നെ വല്ലപ്പോഴും നമ്മൾ രണ്ടുപേരും മാത്രം തനിച്ചാകുമ്പോൾ ഒരു കള്ളച്ചിരിയോടെ കളിയാക്കിയതിന്,, പിന്നെ സ്നേഹപൂർവ്വമുള്ളൊരു തലോടലിലൂടെ എന്റെ പരിഭവം മറച്ചതിന്, എന്റെ ചേച്ചിക്ക്..

5. എന്റെയുള്ളിലും ഒരു അമ്മ മനസ്സ് തുടിക്കുന്നുണ്ടെന്നും ആ വാത്സല്യമെന്നിലുണ്ടെന്നും അറിയിച്ച എന്റെ അനുജന്..

6. എന്നോട് മാത്രമായി വാശി കാണിക്കുകയും പിണങ്ങുകയും ഒടുവിൽ എന്റെയരികിൽ തന്നെ വന്ന് രാത്രി എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കിടക്കുകയും ചെയ്യുന്ന എന്റെ കുഞ്ഞനുജത്തിക്ക്..

7. പഴങ്കഥകൾ പറഞ്ഞു തന്നിരുന്ന, മനുഷ്യരെയും ഗന്ധർവന്മാരെയും അസുരന്മാരെയും ഒരേ പോലെ പരിചയപ്പെടുത്തി തന്ന എന്റെ മുത്തശ്ശിക്ക്..

8. തലമുറകളുടെ അന്തരമൊന്നുമൊരു പ്രശ്നമല്ലെന്ന് നടിച്ച് ഒരേ വീട്ടിൽ കഴിയുമ്പോഴും പലപ്പോഴും എടുത്ത് ചാടി ചെയ്യുമായിരുന്ന പലതും തീക്ഷ്ണമായൊരു നോട്ടം കൊണ്ട് കടിഞ്ഞാണിട്ടതിന്, എന്റെ മുത്തശ്ശന്..

9. മിഠായിപ്പൊതികളും ചോറ്റുപാത്രവും മാത്രമല്ല, ജീവിതത്തിലെ കളിയും ചിരിയുമൊക്കെ പങ്കിട്ട എന്റെ പ്രിയ കൂട്ടുകാരിക്ക്..

10. ആരോടും പറയാതെ, ആരെയുമറിയിക്കാതെ, അകലെ നിന്നും ഒരു നോക്ക് കൊണ്ട്, മെല്ലെ മൊഴിഞ്ഞ ചില വാക്കുകൾ കൊണ്ട് എന്നെ ഞാനല്ലാതാക്കിയതിന്, ഈ ഹൃദയമെന്നിൽ നിന്നും പിടിച്ചെടുത്തതിന്, വെവ്വേറെ വഴികളിൽ യാത്രയാകാനൊരുങ്ങുമ്പോഴും അവസാന നിമിഷം വരെ ശക്തി നൽകി കൊണ്ട് കൂടെ നിൽക്കുന്നതിന്, ഒരു ജീവിതകാലം മുഴുവനും കാണേണ്ട സ്വപ്നങ്ങൾ ഒന്നിച്ച് കാണിച്ചു തന്ന എന്റെ പ്രണയത്തിന്..
 
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ സ്നേഹത്തിനിടയിൽ തന്നെ ജനിച്ചു വീഴണമെന്ന ആഗ്രഹം മാത്രമിനി ബാക്കി. എന്തെന്നാൽ നിങ്ങളിലോരോരുത്തരേയും സ്നേഹിച്ചെനിക്ക് കൊതി തീർന്നില്ലല്ലോ..

Saturday 12 April 2014

വിഷു ഗന്ധങ്ങൾ


ഇന്ന് രാവിലെ പത്രം വായിക്കുകയായിരുന്നു.. അതിലൊരു പടം കണ്ടു - പതിനാലാം ചരമ വാർഷികം - ആദർശ് ലാൽ..

പതിനാല് വർഷമായെന്ന് വിചാരിക്കാൻ പോലും വയ്യ.. പക്ഷെ അന്ന് ഞാൻ എട്ടും പൊട്ടും തിരിയാത്തൊരു സ്കൂൾ കുട്ടി മാത്രമായിരുന്നുവല്ലോ...

വർഷം 2000. വർഷാവസാന പരീക്ഷകൾ കഴിയുന്ന ആ ദിവസം. ഫറീന, സാമിയച്ചേച്ചി, എനിക്ക് പേരോർമ്മയില്ലാത്ത, ഞങ്ങൾ അട്ട എന്ന് വിളിക്കുന്ന ഒരു ചേട്ടൻ, വേറെയും കുറേ കുട്ടികൾ.. പിന്നെ, ആ ഇരട്ടക്കുട്ടികളും.. ആകാശ് ലാൽ, ആദർശ് ലാൽ. ഞങ്ങൾ ഇത്രയും കുട്ടികൾ പോയിരുന്നത് ഗിരീഷേട്ടന്റെ, ഞങ്ങളുടെ ഓട്ടോമാമന്റെ ഓട്ടോയിലായിരുന്നു..

അന്ന് പരസ്പരം ഗിൽറ്റ് വാരിയെറിഞ്ഞും സിപ്പപ്പും ചോക്ലേറ്റും വാങ്ങി കഴിച്ചും ഒക്കെ ഞങ്ങളാർമാദിച്ചു. രണ്ട് മാസം അവധി. ഇടയ്ക്ക് വിഷു. അങ്ങനെയങ്ങനെ ആഘോഷിക്കാൻ കാരണങ്ങളൊരുപാടുണ്ടായിരുന്നു എല്ലാവർക്കും..

വേനലവധിക്ക് ഞാൻ അമ്മയുടെ വീട്ടിൽ പോയി. ഒന്നും ഓർമിച്ചില്ല.. ഫറീനയേയോ അട്ടച്ചേട്ടനെയോ, ആകാശിനെയോ ആദർശിനെയോ ഒന്നും.
ഒരു ദിവസം അമ്മ പത്രത്തിലെ ചരമ പേജ് കാണിച്ച് പറഞ്ഞു, "അത് നോക്കിക്കേ.."
അതിൽ കുഞ്ഞ് ആദർശിന്റെ ഫോട്ടോ..
എങ്ങനെയാ, എപ്പളാ... ഒന്നും അറിഞ്ഞില്ല...

വെക്കേഷൻ കഴിഞ്ഞ് വീണ്ടും അതേ ഓട്ടോ, അതേ കുട്ടികൾ. ഒരാൾ മാത്രം കുറവ്..
ആദർശ്... അവനിപ്പോഴും എന്റെ ഓർമകളിൽ നിൽക്കുന്നുവെന്നത് തന്നെ ഒരത്ഭുതമായെനിക്ക് തോന്നുന്നു.

ഇന്ന് ആദർശിന്റെ ഓർമദിനമാണെന്ന അറിവ് മാത്രമല്ല മനസ്സിനെ നനയിച്ചത്. അന്ന് മരണത്തെ അധികം പരിചയമില്ലാത്തൊരു കൊച്ചു കുട്ടി മാത്രമായിരുന്നല്ലോ ഞാൻ. എന്നാൽ ഇന്ന്, എല്ലാവരും വിഷുവിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ, ഉള്ളിൽ എവിടെയോ നഷ്ടബോധത്തിന്റെ ഒരു നീറ്റൽ മറഞ്ഞിരിപ്പുണ്ട്..

നാല് വർഷം മുൻപ് വരെ വിഷു എനിക്ക് ഗന്ധങ്ങളുടെ ഉത്സവമായിരുന്നു - കോടി വസ്ത്രങ്ങളുടെ, സദ്യയിലെ വിഭവങ്ങളുടെ, പായസത്തിന്റെ, പൊടിതട്ടിയെടുക്കുന്ന ഗ്രന്ഥത്തിന്റെ, വെയിലത്ത് വെച്ച് ഒന്നുകൂടി ഉണക്കിയെടുത്ത പടക്കത്തിന്റെ, കണി വയ്ക്കുമ്പോൾ കൂടെ വയ്ക്കേണ്ട നെയ്യപ്പത്തിന്റെ, പറമ്പിൽ നിന്നും പറിച്ചു കൊണ്ടു വന്ന ചക്കയുടെയും മാങ്ങയുടെയും, അങ്ങനെ എത്രയോ ഗന്ധങ്ങൾ...

എന്നാലിന്ന്, ഈ ഗന്ധങ്ങളെയെല്ലാം നിഷ്പ്രഭമാക്കി മറ്റൊരു ഗന്ധമാണ് എനിക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്നത്. മരണം നടന്നൊരു വീട്ടിലെ മടുപ്പിക്കുന്ന ചന്ദനത്തിരിയുടെ ഗന്ധം, പറമ്പിന്റെ തെക്കു ഭാഗത്ത് കത്തിയെരിയുന്ന മൃതദേഹത്തിന്റെ ഗന്ധം..

അതെ. കഴിഞ്ഞ നാല് വർഷങ്ങളായി ഈ ഒരു ഗന്ധമേ എനിക്കറിയാൻ കഴിയുന്നുള്ളൂ. നാല് വർഷം മുൻപ് ഇതേ പോലൊരു ഏപ്രിൽ മാസ രാത്രിയിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അമ്മൂമ്മ അവസാന ശ്വാസം വലിച്ചത്.

സാഗിച്ചേച്ചിയുടെയും ഡിങ്കുച്ചേച്ചിയുടെയും എന്റെയും അമ്മൂമ്മ..
സ്നേഹച്ചേച്ചിയുടെയും സഞ്ചുവിന്റെയും മണിക്കുട്ടിയുടെയും ഉണ്ണിയുടെയും സച്ചുവിന്റെയും അച്ഛമ്മ.
കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ.
ബാബു മാമന്റെയും സജീവമ്മാവന്റെയും സജിനി മൂത്തമ്മയുടെയും സുരേഷ്മാമന്റെയും എന്റെ അമ്മയുടെയും അമ്മ..
വിനീതമാമിയുടെയും രഞ്ജിനിമാമിയുടെയും സാരസാക്ഷൻ മൂത്തച്ഛന്റെയും ഷാജമാമിയുടെയും എന്റെ അച്ഛന്റെയും അമ്മായിയമ്മ..
പത്മിനിയമ്മൂമ്മയുടെയും ചന്ദ്രികയമ്മൂമ്മയുടെയും അശോകമ്മാവന്റെയും ലീലേടത്തി..
സങ്കീർത്തുവിന്റെയും സമൃദ്ധിമോളുടെയും വല്ല്യമ്മൂമ്മ..
നാട്ടുകാരുടെ ലീലേടത്തി.. ലീലാമ്മ..
പിന്നെ ആർക്കൊക്കെയോ മറ്റെന്തൊക്കെയോ..

എന്റെ ഓർമയിലെ അമ്മൂമ്മ സ്ഥിരമായി കുറുക്കനും അണ്ണാനും കൂടി വെള്ളരി നട്ട കഥ മാത്രം പറയാനറിയാവുന്ന വീട്ടിലെയും പറമ്പിലെയും ജോലികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ശക്തയായൊരു സ്ത്രീയായിരുന്നു. ഓരോ അവധിക്കാലത്തും അമ്മയുടെ വീട്ടിലേക്ക് ഞങ്ങളെ എത്തിച്ചുകൊണ്ടിരുന്നത് എല്ലാവരെയും ഒന്നിച്ചു നിർത്താനുള്ള അമ്മൂമ്മയുടെ കഴിവ് തന്നെയായിരിക്കണം. അമ്മച്ഛൻ മരിച്ചപ്പോളും മുത്തശ്ശി മരിച്ചപ്പോഴും ഒന്നും അധികം പതറാതിരുന്ന, കാൻസറിനു മുന്നിൽ പോലും ചിരിച്ചു കൊണ്ടു നിന്ന അമ്മൂമ്മ ഒരിക്കൽ മാത്രമേ അശക്തയായി ഞാൻ കണ്ടിട്ടുള്ളൂ - വിനീത മാമി മരിച്ചപ്പോൾ.. ബാബുമാമൻ തനിച്ചായപ്പോൾ.. ഒരുപക്ഷെ അന്നായിരിക്കണം അമ്മൂമ്മയുടെ മനഃശക്തി ക്ഷയിക്കാൻ തുടങ്ങിയത്. മാമി മരിച്ച് ഒരു വർഷം പോലും അമ്മൂമ്മ തികച്ച് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല..

കീമോതെറാപ്പിയും മറ്റുമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ നിൽക്കുമ്പോഴും മറ്റും ആ മനസ്സ് തളർന്നു വരുന്നത് ഞാൻ കാണുകയായിരുന്നു, അറിയുകയായിരുന്നു..

ഒരു രാത്രി മെഡിക്കൽ കോളേജിൽ നിന്ന് മാമന്റെ ഫോൺ വന്ന് അച്ഛനവിടേയ്ക്ക് പോയപ്പോൾ സമൃദ്ധിമോളെയും നോക്കിയിരുന്ന് ഡിങ്കുച്ചേച്ചിയുടെ അരികിലിരുന്നപ്പോളും മനസ്സ് ശാന്തമായിരുന്നില്ല. ഒടുവിൽ ആ രാത്രി തന്നെ ആംബുലൻസിനു പിന്നിൽ ഒരു കാറിൽ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് പായുമ്പോൾ എന്റെയുള്ളിൽ നിന്നും മിടിക്കേണ്ട ഹൃദയം മുന്നിലൂടെ ചീറിപ്പായുന്ന ആ ആംബുലസിനകത്തായിരുന്നുവെന്ന് എനിക്കെന്തേ തോന്നിയത്?

വർഷങ്ങൾ നാല് കഴിഞ്ഞു. കാലം മനസ്സിന്റെ വേദനകൾക്ക് മുറിവ് പുരട്ടുമ്പോളും ചിലപ്പോൾ ചില ഓർമകൾ, കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങൾ, ചില ചിത്രങ്ങൾ വീണ്ടും ഉണങ്ങിത്തുടങ്ങിയൊരു മുറിവ് പതുക്കെ വീണ്ടും ചുരണ്ടിയെടുക്കാറുണ്ട്, കണ്ണുകളിൽ ഒരല്പം നനവും മനസ്സിലൊരിത്തിരി നീറ്റലും സമ്മാനിച്ചു കൊണ്ട്...

Tuesday 8 April 2014

നിശബ്ദമായ കാലടികൾ



കഴിഞ്ഞ ഒൻപത് വർഷമായി 
എന്റെ വഴികളിലെനിക്കൊപ്പം 
സംഗീതമായി,
ചിരികളായി,
കഥകളായി,
ചിലപ്പോഴെങ്കിലുമെന്റെ നൊമ്പരച്ചിന്തുകളായി
കേട്ടിരുന്ന ആ പാദസരക്കിലുക്കം
ഞാനഴിച്ചുവെച്ചിരിക്കുകയാണ്.
എന്റെ ചലനങ്ങളിനി നിശബ്ദം..
ആത്മാവുപേക്ഷിച്ച ശരീരം പോലെ 
മൃതമെന്ന് പേരിടാവുന്ന 
തികച്ചും നിശബ്ദമായ ഒന്ന്..