Thursday 20 March 2014

വായന





"വായിച്ചാലും വളരും
വായിച്ചില്ലേലും വളരും.
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും."

മലയാളികളുടെ പ്രിയ കവി കുഞ്ഞുണ്ണിമാഷിന്റേതാണീ വരികൾ. ലിപികളും അക്ഷരങ്ങളും വാക്കുകളും ഉണ്ടായ കാലം മുതൽ വായന മനുഷ്യ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഭാഷ പിറക്കും മുൻപ് ആംഗ്യഭാഷയിലൂടെയും പിന്നീട് ചിത്രങ്ങളിലൂടെയും പരസ്പരം പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ ഭാഷയുടെ, ലിപികളുടെ സഹായത്താൽ അടുക്കും ചിട്ടയോടും കൂടി കുറഞ്ഞ ഇടത്തിൽ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായി. വാമൊഴിയിലൂടെ മാത്രം പകർന്നു കൊടുക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് മനുഷ്യനെ കൊണ്ടെത്തിക്കാനും ലിപികൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
വേദങ്ങളും പുരാണങ്ങളും ഉപനിഷദുകളും മറ്റും കൊണ്ട് സമ്പുഷ്ടമായ നാടാണ് നമ്മുടേത്. ഇതിലുപരി, വാമൊഴിയായും അല്ലാതെയും തലമുറകളായി കൈമാറി വരുന്ന നാടൻ കഥകളും ഗുണപാഠ കഥകളും വേറെയുമുണ്ട്. ഇവയെല്ലാം തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് കൈമാറാൻ ഒരു എളുപ്പവഴി കൂടിയായി അവ കുറിച്ചു വയ്ക്കുന്നത്. വായനയിലൂടെ വിദ്യാഭ്യാസവും അതിലൂടെ ഒരു നാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഉയർച്ചയും ഉണ്ടായതിന് കാലം പലപ്പോഴും സാക്ഷിയാണ്.
ആദ്യകാലങ്ങളിൽ വായന താളിയോലകളിലും മറ്റുമായിരുന്നെങ്കിൽ കടലാസിന്റെയും അച്ചടിവിദ്യയുടെയും കടന്നുവരവോടെ പിന്നീടത് പത്രങ്ങളിലൂടെയും മാസികകളിലൂടെയും മറ്റു പുസ്തകങ്ങളിലൂടെയും വളർന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി വായനയെയും ബാധിച്ചിരിക്കുന്നു. പുസ്തകങ്ങളും പത്രത്താളുകളും മാസികകളും ഇന്ന് പേപ്പറിൽ അല്ലാതെ ടൈപ്പ് ചെയ്യപ്പെട്ട് അഡോബ് റീഡർ പോലുള്ള ഫോർമാറ്റുകളിൽ സൂക്ഷിക്കുവാനുള്ള സൗകര്യം ഇന്നുണ്ട്. അത് പോലെ ഓൺലൈൻ മാഗസിനുകൾ, പത്രങ്ങളുടെ വെബ് പോർട്ടലുകൾ എന്നിവയും ഇപ്പോൾ സജീവമാണ്.
നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള പല സാമൂഹികമായ മുന്നേറ്റത്തിനും കാരണം പലരുടെയും എഴുത്തും അതിനനുസരിച്ച് സാമൂഹികമായ ഇടപെടലുകളുണ്ടായതുമാണ്. വി.ടി.ഭട്ടത്തിരിപ്പാടിന്റെ കഥകളും മറ്റും ഒരു കാലത്ത് കേരള സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് വഴിയൊരുക്കിയവയാണ്. വായിച്ച് വളരുകയും സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടുകയും ചെയ്ത ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഡോ. ബി. ആർ. അംബേദ്കർ എന്നിവരുടെ വചനങ്ങളും തലമുറകളായി കടന്നു വന്നത് വായനയിലൂടെയാണ്.

ഇടക്കാലത്ത് വായന നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം. കണ്മുന്നിൽ കാണാവുന്ന തരത്തിൽ ദൃശ്യങ്ങൾ കടന്നു വന്നതും വായനയേക്കാൾ സമയലാഭമുണ്ടാക്കുന്നു അവ എന്നതും ദൃശ്യമാധ്യമങ്ങളുടെ മുന്നേറ്റത്തിന് കാരണമായി. എങ്കിലും വായനയെ പോലെ നമ്മുടെ ഭാവനയെ ഉണർത്താനും ചിന്താശക്തി കൂട്ടാനും ഉള്ള ശേഷി ദൃശ്യങ്ങൾക്കില്ല എന്നത് വായനയെ എപ്പോഴും പ്രിയപ്പെട്ടതാക്കുന്നു. പ്രശസ്തമായ പല കഥകളും ദൃശ്യവത്ക്കരിക്കപ്പെട്ടപ്പോൾ അവയ്ക്ക് സംഭവിച്ചത് ഇതിനുദാഹരണമാണ്. നമ്മുടെ ഭാവനയെ ഉണർത്താതെ യാന്ത്രികമായി മാത്രം കാണാവുന്ന തരത്തിലേയ്ക്ക് ദൃശ്യങ്ങൾ നമ്മെ ചുരുക്കിയെടുക്കുന്നു. മാത്രവുല്ല കണ്ടറിയാൻ പറ്റാത്ത പലതും അനുഭവിച്ചറിയാൻ അവസരമുണ്ടാക്കുന്നുവെന്നതും വായനയുടെ മാത്രം പ്രത്യേകതയാണ്. അത് കൊണ്ട് തന്നെയാണ് പറയുന്നത് ശരീരത്തിന് അധ്വാനമെന്താണോ അത് പോലെയാണ് മനസ്സിന് വായനയും എന്ന്.
ഓരോ വ്യക്തിയുടെയും പ്രായത്തിനനുസരിച്ചുള്ള വായന അവരുടെ വായനാശീലത്തെ വളർത്തിയെടുക്കാൻ സഹായിക്കുന്നു. കൊച്ചു കുട്ടികൾക്കായ് മുതൽ മുതിർന്നവർക്കായുള്ള പുസ്തകങ്ങൾ വരെ വെവ്വേറെ സുലഭമായ നമ്മുടെ നാട്ടിൽ അതത് പ്രായത്തിനും അഭിരുചിക്കുമനുസരിച്ചുള്ള പുസ്തകങ്ങളും മറ്റും വായിക്കുവാൻ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്കിലും മറ്റ് പല കലാമേഖലകളിലും നമ്മുടെ സമൂഹത്തിലും സംഭവിച്ച മൂല്ല്യച്ചുതി എഴുത്തിലും വല്ലാതെ പ്രതിഫലിച്ചിരിക്കുന്നു. ഒരു മനുഷ്യന്റെ ആത്മീയവും മാനസികവും സാമൂഹികവുമായ വികാസമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞിട്ടുണ്ട്. വായനയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അത് കൊണ്ട് തന്നെ തിരഞ്ഞെടുത്ത് വായിക്കുക എന്നത് വളരെ അത്യാവശ്യമാണ്. കുട്ടികൾക്കായുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മുതിർന്നവർ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.രക്ഷിതാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കൊക്കെയും ഇതിൽ ഒരു വലിയ പങ്ക് തന്നെയുണ്ട്.

നമ്മുടെ മുൻ തലമുറകളിലെ കുട്ടികളെ പോലെ മുത്തശ്ശിക്കഥകളിൽ നിന്നും മറ്റും പ്രചോദനമുൾക്കൊണ്ട് വായനയിലേക്ക് ചുവട് വയ്ക്കാനുള്ള സാഹചര്യം ഇന്നത്തെ അണുകുടുംബവ്യവസ്ഥിതിയിൽ വളരുന്ന കുട്ടികൾക്ക് ലഭ്യമല്ല. അത് കൊണ്ട് തന്നെ വായനാശീലത്തിലേക്ക് കടക്കുവാനുള്ള പ്രചോദനവും പ്രോത്സാഹനവും മറ്റു രീതികളിൽ അവരിലേക്കെത്തിക്കേണ്ടതുണ്ട്. പ്രൈമറി വിദ്യാഭ്യാസ സമയത്ത് തന്നെ വായനയിലേക്കുള്ള വാതിലുകൾ കുട്ടികൾക്ക് മുന്നിലേക്ക് തുറന്നിടാൻ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  വായിച്ചു വളരുക എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

Monday 17 March 2014

ഹോളി



ഹോളി.
നിറങ്ങളുടെ ഉത്സവം.
വർണങ്ങൾ പരസ്പരം വാരി വിതറുന്ന ആളുകൾ.
അവളുടെ ദേഹത്തും ചിലർ നിറങ്ങൾ പൂശി.
പച്ച, മഞ്ഞ, നീല, വയലറ്റ്...
ചുവപ്പ് മാത്രം ഇല്ല.
മനപ്പൂർവം ആ നിറം ഒഴിവാക്കപ്പെട്ടത് പോലെ...
അവൻ ഇന്നുണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷെ അവന്റെ ഇഷ്ടനിറമായ ചുവപ്പിൽ കുളിച്ച് അവൾ നിന്നേനെ.
നെറ്റിയിലെ കുങ്കുമപ്പൊട്ടായ്,
സീമന്തരേഖയിലെ സിന്തൂരമായ്,
മാംഗല്യത്തിന്റെ ചുവന്ന കുപ്പിവളകളായ്...