Monday 20 February 2012

സ്വപ്നങ്ങള്‍...



ഈ സ്വപ്നങ്ങളെ കൊണ്ട് ഞാന്‍ തോറ്റു. പ്രതീക്ഷിക്കാത്ത നേരത്ത് ആരോടും ചോദിക്കാതെ അവയിങ്ങനെ കടന്നു വരും. കയ്പ്പും മധുരവും എരിവും പുളിയും ചവര്‍പ്പുമെല്ലാം പകര്‍ന്നു തരും. ഏതാനും നിമിഷത്തേക്ക് മാത്രം ഈ രുചിഭേദങ്ങളെല്ലാം മനക്കണ്ണിന് മുന്നില്‍ നിരത്തി വയ്ക്കും. എന്നിട്ട് ഒരു മിന്നല്‍പ്പിണര്‍ പോലെ എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തട്ടിത്തെറിപ്പിക്കും. പിന്നീടോര്‍ത്തെടുക്കാന്‍ പറ്റാത്തത്ര അകലേയ്ക്ക്...  മനസ്സാണെങ്കില്‍ കാമുകന്‍ മരിച്ചതറിയാതെ കേഴുന്ന പ്രണയിനിയെ പോലെ അലഞ്ഞ്തിരിഞ്ഞു നഷ്ടപ്പെട്ട പ്രിയപ്പെട്ടവനായി കേണുകൊണ്ടിരിക്കും... അവനെ തേടി അലഞ്ഞുകൊണ്ടേയിരിക്കും.  

സ്വപ്നവും ജീവിതവും തമ്മിലുള്ള അന്തരം മനസ്സിലാക്കാനാവാതെ എത്ര രാത്രികളിലാണ് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിട്ടുള്ളത്! പറഞ്ഞു വന്നത് സ്വപ്നങ്ങളെ കുറിച്ചല്ലേ.. നമ്മുടെ മനസ്സിലെവിടെയൊ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങളാണ് സ്വപ്നത്തില്‍ നമ്മെ തേടിയെത്തുന്നതത്രെ. എങ്കിലും നമ്മുടെ ആഗ്രഹങ്ങളെന്തേ ഇത്തരം സ്വപ്നങ്ങളിലൂടെ മാത്രം വന്ന്‍ നമ്മെ വെറുതെ വന്ന്‍ ഇങ്ങനെ മോഹിപ്പിച്ച് ഒരുപാടകലങ്ങളിലെക്കു മായുന്നത്? ചില സ്വപ്നങ്ങളെങ്കിലും സത്യമാവാന്‍ നമ്മളറിയാതെ ആഗ്രഹിച്ചു പോകാറില്ലേ? എപ്പോഴൊക്കെ കാണുന്ന സ്വപ്നങ്ങളാണ്. ചന്ദ്രനും താരകങ്ങളും നിറഞ്ഞ ആകാശത്തിനു കീഴില്‍ ഓരോ രാത്രിയും ഉറങ്ങുംപോള്‍, അലസമായി ഏതെങ്കിലുമൊരു കോണിലിരിക്കുംപോള്‍, ഒന്നുമല്ലെങ്കില്‍ ക്ലാസിലെ മടുപ്പിക്കുന്ന ശാസ്ത്രങ്ങള്‍ അധ്യാപകര്‍ ബോര്‍ഡിലെഴുതുംപോള്‍ മടുത്ത് ജാലകത്തിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുംപോള്‍ ഉറക്കം ഊഞ്ഞാല കെട്ടുന്ന കണ്ണുകളില്‍ വെറുതേ തെളിയുന്ന കാഴ്ച്ചകള്‍.. ഇവയെല്ലാം നമുക്ക് സ്വപ്നങ്ങള്‍ തന്നെയല്ലേ... 

പറഞ്ഞുപറഞ്ഞ് കാട് കയറി. സ്വപ്നങ്ങളെ കുറിച്ച് ഇനി ഞാന്‍ ഒന്നു കൂടി വിശദമായി പഠിക്കാന്‍ ഞാന്‍ പോകുന്നു... ഉറക്കത്തിന്‍റെ അഗാധര്‍ത്തങ്ങളിലേക്ക് ആഞ്ഞിറങ്ങാന്‍... ഈ രാത്രി കണ്ണടയ്ക്കുംപോള്‍ വീണ്ടും ഉണരുവാനാവട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചു കൊണ്ട്... എല്ലാവര്‍ക്കും ശുഭരാത്രി...



No comments:

Post a Comment