Thursday 24 November 2016

കുഞ്ഞൂസ്



24/11/2016

ഇന്ന് കുഞ്ഞൂസിന്‍റെ ചരമവാര്‍ഷികമാണ്.

 അവള്‍ മരിച്ച ദിവസം.

എത്ര പത്രത്താളുകളില്‍ വാര്‍ത്ത വരുമെന്നറിയില്ല. ഒരു വര്‍ഷം മുന്‍പ് അവര്‍ കൂട്ടത്തോടെ ആഘോഷിച്ച ഒരു സെന്‍സേഷണല്‍ ന്യൂസിലെ കഥാനായിക. "ലജ്ജിക്കുക കേരളമേ.. ലജ്ജിക്കുക മാനവരേ.." എന്നൊക്കെയുള്ള തലക്കെട്ടിനു കീഴില്‍ അവളുടെ കദനകഥ പ്രസിദ്ധീകരിച്ചു സര്‍ക്കുലേഷന്‍ കൂട്ടി എല്ലാവരും. ബ്രേക്കിംഗ് ന്യൂസുകള്‍ ചീറ്റി കൊണ്ട് ചാനലുകളും രംഗത്ത് വന്നു. മാഗസിനുകളില്‍ പ്രത്യേക "കവര്‍ സ്റ്റോറി"യും പ്രശസ്തരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിവിധ സര്‍വ്വേ റിസള്‍ട്ടുകളും ഒക്കെയായി പൊടിച്ചു എല്ലാവരും. എന്നിട്ടൊടുവില്‍ മാസങ്ങള്‍ക്ക് ശേഷം അവള്‍ ഈ ദിവസം വിട പറഞ്ഞപ്പോള്‍ ഈറനണിയിക്കുന്ന വരികള്‍ ആദ്യ പേജിലും ചാനലുകളിലും നിറഞ്ഞു.

ഓ... ഒരു കാര്യം മറന്നു - ഒരു ചെറിയ തിരുത്ത്.

ഇന്നവള്‍ മരിച്ച ദിവസമല്ല. അവളുടെ ഉള്ളില്‍ യാന്ത്രികമായി മിടിക്കുന്ന ഹൃദയതാളം ഞാന്‍ മനപ്പൂര്‍വ്വം നിര്‍ത്തലാക്കിയ ദിവസമായിരുന്നു അന്ന്.

സത്യമായും ഞാനല്ല അവളെ കൊന്നത്. അത് അയാളായിരുന്നു. അവളുടെ പിഞ്ചു മനസ്സിനെയും ശരീരത്തെയും കൊത്തിക്കീറിയ അയാള്‍.

അര്‍ദ്ധപ്രാണയായി കിടന്നിരുന്ന അവളിലെ അവശേഷിക്കുന്ന എന്തൊക്കെയോ ലാബുകളിലേയ്ക്കയച്ചു കൊടുത്ത് അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയും ജീവനെങ്കിലും തിരിച്ചു കിട്ടാനെങ്കിലും പരിശ്രമിച്ച എന്‍റെ മാസങ്ങളുടെ അദ്ധ്വാനം പാഴാക്കി കൊണ്ട് കോടതി വിധി വന്നപ്പോള്‍, അയാളെ നിസ്സാര ശിക്ഷ നല്‍കി വിട്ടയച്ചപ്പോള്‍... എന്നാണ് ഞാന്‍ തീരുമാനിച്ചത് ഈ ലോകത്തില്‍ ഇനി അവള്‍ ജീവനോടെ തിരിച്ചു വരേണ്ട എന്ന്.

ഇനിയും ആക്രമിക്കപ്പെടും എന്ന ഭീതിയില്‍ ജീവിച്ച്, ഒടുവില്‍ തനിക്ക് നേരെ നടക്കുന്ന ഹിംസകള്‍ക്ക് സ്വയം കുറ്റപ്പെടുത്തപ്പെട്ട് ജീവിക്കാന്‍ അവളുടെ ഹൃദയമിനി മിടിക്കേണ്ടതില്ല എന്ന്.

അവള്‍ക്ക് നേരെ വരുന്ന കഴുകന്‍ കണ്ണുകള്‍ക്കും കൂര്‍ത്ത കരങ്ങള്‍ക്കും കാരണം അവളുടെ ശരീരത്തിലെ തുടുപ്പും മുഴുപ്പും അവളുടെ വസ്ത്രങ്ങളും, അസമയത്ത് അവള്‍ പുറത്തിറങ്ങിയത് കൊണ്ടും ഒക്കെ ആണെന്ന് പറഞ്ഞു സമൂഹം അവളെ വെറുമൊരു കാഴ്ച്ചവസ്തുവായി കാണാന്‍ തുടങ്ങുന്നിടത്ത്, തിരിച്ചറിവ് ഉണ്ടാവുന്ന കാലത്തിനും മുന്നേ തനിക്ക് സംഭവിച്ചത് തന്‍റെ മാത്രം കുറ്റം കൊണ്ടാണെന്ന് ആരെങ്കിലും അവളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിനും മുന്‍പ് ആ ഹൃദയ മിടിപ്പുകള്‍ നിലച്ചു പോയ്ക്കോട്ടെ.

തന്‍റെചുറ്റിലും തീര്‍ത്ത വന്മതിലുകള്‍ക്കുള്ളില്‍ പോലും താന്‍ സുരക്ഷിതയല്ല എന്ന തിരിച്ചറിവ് ഉണ്ടാകും മുന്‍പ് അവള്‍ രക്ഷപ്പെട്ടോട്ടെ..

ഞാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല യുവര്‍ ഓണര്‍...

ഒരു മനുഷ്യനും കൂടിയാണ്...

അത് കൊണ്ടാണ് ഞാന്‍....

Monday 21 November 2016

കത്ത്

 
 
ഇന്ന് പറയാനുള്ളത് കത്തുകളെ കുറിച്ചാണ്. 
 
 ഓര്‍മയുണ്ടോ? 
 
ലാന്‍ഡ്‌ഫോണിന്‍റെ ആദ്യകാലത്ത്, മൊബൈല്‍ ഫോണ്‍ ഉപയോഗം സജീവമാകുന്നതിന് മുന്‍പ് ഒരു വിവരമറിയിക്കാന്‍ ഇന്‍ലന്റിലോ പോസ്റ്റ്‌ കാര്‍ഡിലോ, അല്ലെങ്കില്‍ വെള്ള പേപ്പറിലോ എഴുതി സ്ടാമ്പ് ഒട്ടിച്ച് അയച്ചു കഴിഞ്ഞ്, മറുപടിയുമായി പോസ്റ്റ്മാന്‍ വരുന്നതിനു വേണ്ടി കാത്തിരുന്ന ഒരു കാലം? 
 
വൈകിവന്നിരുന്ന വാര്‍ത്തകള്‍ക്ക് പോലും കാത്തിരിപ്പിന്‍റെ സുഖം നല്‍കിയിരുന്ന കത്തുകള്‍.. 
 
അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, പ്രണയിതാവിന്.. അങ്ങനെ എത്രയെത്ര കത്തുകള്‍!!! 
 
കത്തുകളുടെ ഇടയില്‍ വളര്‍ന്നു വന്നത് കൊണ്ടും, പണ്ട് പലരും അയച്ച കത്തുകള്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നത് കൊണ്ടും ഒക്കെ ആവും എന്‍റെ ഓര്‍മകള്‍ക്ക് വല്ലാത്ത തെളിച്ചം. അത് കൊണ്ട് തന്നെയാവാം കൗമാരത്തില്‍ നീണ്ട പ്രണയലേഖനങ്ങള്‍ അയക്കാന്‍ അവസരം കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത്. പക്ഷെ എനിക്കൊരിക്കല്‍ മാത്രമേ പ്രണയലേഖനം എഴുതാന്‍ അവസരം കിട്ടിയുള്ളൂ - പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മലയാളി കൂട്ടായ്മ്മ നടത്തിയ പ്രണയ ലേഖന മത്സരത്തില്‍. 
 
അന്നത്തേത് അവസാനത്തെ കത്തെഴുത്താവും എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ വീണ്ടും എഴുതേണ്ടി വന്നു. മത്സരങ്ങല്‍ക്കല്ല. നീണ്ട വെള്ള പേപ്പറില്‍ രണ്ടു തവണ. ഭ്രാന്തമായ ചിന്തകളും വികാരങ്ങളും ഭാവങ്ങളും സംസാരത്തിലോ മുഖഭാവത്തിലോ കാണിക്കാന്‍ പരാജയപ്പെടുന്നിടത്ത് പറഞ്ഞു ഫലിപ്പിക്കാന്‍, ചിന്തകള്‍ വ്യക്തമായി കൈമാറാന്‍ കഴിയാന്‍ വേണ്ടി ഒരു പ്രിയ സുഹൃത്തിന് അയച്ച രണ്ടു കത്തുകള്‍ - കഴിഞ്ഞ വര്‍ഷം ഏകദേശം ഇതേ സമയം. 
 
 അന്ന് ജീവിതത്തിലെ പല ഏടുകള്‍ക്കും അര്‍ത്ഥമില്ലാതെ വന്നപ്പോള്‍, ജീവിതം നമുക്കായ് കരുതി വെച്ചിരിക്കുന്ന ആ പാത കണ്ട് വിറങ്ങലിച്ചു നിന്ന സമയത്ത്, സംശയങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒക്കെ ഒരു തെളിച്ചം വരാന്‍ അയച്ച രണ്ടു കത്തുകള്‍. എഴുത്ത് എന്ന സ്വപ്നം കണ്ടിരുന്ന ഒരു പൊട്ടിപെണ്ണിന്‍റെ തോന്നലുകള്‍... 
 
ഇന്ന് വീണ്ടും മുന്നോട്ടു പോകാന്‍ കഴിയാതെ, അതിവേഗം പായുന്ന ലോകത്തെ നോക്കി പകച്ചു നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി അന്ന് കിട്ടിയ മറുപടി കണ്ണുകളില്‍ ഉടക്കി നിന്നു. 
 
അന്ന് ആ മറുപടി ഒരു ബസ്സിലിരുന്ന് വായിച്ചു കൊണ്ടിരുന്നപ്പോള്‍ മഴയും മഴവില്ലും ഒപ്പം സഞ്ചരിച്ചിരുന്നു. 
 
ഇന്നും ആ മറുപടിയില്‍, ആ കൈപ്പടയില്‍ ഞാന്‍ അതേ മഴ നനയുന്നുണ്ട്, ആ മഴവില്ല് കാണുന്നുണ്ട്..
 
എത്രയോ ജന്മത്തിന്റെ പുണ്യമാണ് ചില സൗഹൃദങ്ങള്‍ക്ക് നമ്മെ അര്‍ഹരാക്കുന്നത്. 
 
കാലമേ നന്ദി. 
 
ആയിരം വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ ഒരിറ്റ് മൗനം.. 
 
കാലത്തിനു മുന്നില്‍ ജീവന്‍റെ സാഷ്ടാംഗം...