Thursday 27 June 2013

പരീക്ഷാഹാളിലിരുന്ന് എഴുതിയത്...

ഓരോ നെടുവീർപ്പിനും ഓരോ കഥ പറയാനുണ്ട് - 
തോൽവിയുടെ, നഷ്ടപ്പെടലിന്റെ, വേർപാടിന്റെ... 
ഓരോ ശ്വാസത്തിനും പറയാനുണ്ട് ഓരോ കഥകൾ... 
സഹനത്തിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ, ജീവിതത്തിന്റെ...

പൊട്ടി

പൊട്ടി പിടിപെട്ട് അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചു. 
കൊടും ചൂടിൽ ഒരു പകൽ നീണ്ട യാത്ര. 
വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു. 
പഴയ മുറിയുടെ നാല് ചുവരുകൾ എന്റെ ഏകാന്ത കാരാഗ്രഹ വാസത്തിനുള്ള ഇടമായി മാറി. 
ഒന്നും ചെയ്യാനാവാതെ കിടന്നു. 
ശരീരത്തിൽ പൊങ്ങി വരുന്ന കുമിളകളിൽ പഴുപ്പ് നിറഞ്ഞിരുന്നു. 
വസ്ത്രങ്ങൾ അഴിച്ചു വെച്ച് മുറിയിലെ ചുവരലമാരയിൽ ഘടിപ്പിച്ച ആ വലിയ കണ്ണാടിയിൽ പൂർണ നഗ്നമായ ശരീരം നോക്കി ഒരു നിമിഷം നിന്നു.
ചുവന്ന് തുടുത്ത് നില്ക്കുന്നകുമിളകൾ ശരീരമാകെ നിറഞ്ഞിരിക്കുന്നു.
വികൃതമായ സ്വന്തം മുഖം കണ്ട് അറപ്പ് തോന്നി മുഖം തിരിച്ചു. വിയർപ്പിന്റെ അസഹനീയമായ ഗന്ധമുണ്ടായിരുന്നു ശരീരത്തിന്.
യാത്രയിലുടനീളം ശരീരത്തിൽ പറ്റിപ്പിടിച്ച അഴുക്കും കരുവാളിപ്പും ശരീരത്തിന്റെ വൈരൂപ്യം കൂട്ടിയത് പോലെ.
സ്ത്രീശരീരത്തിന്റെ തുടുപ്പും മുഴുപ്പുമെല്ലാം ഒന്നിച്ചു ശാപമായത് പോലെ..
എങ്ങോട്ട് തിരിഞ്ഞാലും അമർന്നുടഞ്ഞു പഴുപ്പ് പുറത്തേക്ക് തള്ളുന്ന കുമിളകൾ ഇരിക്കാനും കിടക്കാനും സമ്മതിക്കാതെ വേദന തീറ്റിച്ചു.
പലതും പൊട്ടി, പാടുകൾ ബാക്കി വെച്ചു.
വൈരൂപ്യത്തിന്റെ കഥ പറയാനെന്ന പോലെ ആ വ്രണപ്പാടുകൾ ശരീരത്തിൽ ബാക്കി വെച്ച് രോഗം ദൂരെയെങ്ങോ മാഞ്ഞു..

പ്രണയനൊമ്പരം...

ഇടിമുഴക്കത്തെ വെല്ലാനെന്ന പോലെ ഭീകരമായി മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയമേ, 
നിന്നിൽ നിന്നും എല്ലാം സംഹരിക്കുവാനെന്ന പോലെ എന്തിനീ അഗ്നി? 
നഷ്ടപ്പെട്ട പ്രണയത്തിന്റെ വേദന തിന്നാൻ മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്? 
നിന്റെ പ്രണയത്തിൽ മുങ്ങിത്താഴ്ന്ന് ശ്വാസം മുട്ടി ജീവിച്ചതോ? 
പ്രണയമേ, നിന്റെ വിചിത്രമായ സ്വഭാവം എന്നെ ഭയപ്പെടുത്തുന്നു. 
ഏതാനും നിമിഷത്തിലെ സന്തോഷങ്ങൾ കാണിച്ചു മയക്കിയെടുത്ത് ഒടുവിൽ ഏകാന്തതയുടെ അപാരഗർത്തത്തിലെ അന്ധകാരത്തിലേക്ക് നീ തള്ളിയിടുന്നു. 
അവിടെ കൂട്ടിന് കണ്ണുനീരിന്റെ കയ്പ്പ് മാത്രം. 
പകലിന്റെ കണ്ണ് മയക്കുന്ന കാഴ്ച്ചകളിലും രാവിന്റെ ഭീകരമായ ഇരുട്ടിലും നിന്റെ മുഖം മാത്രം. 
നിന്റെ ഓർമ്മകൾ മാത്രം. 
അതിൽ മുങ്ങി വീണ്ടും ശ്വാസം മുട്ടാൻ തുടങ്ങിയിരിക്കുന്നു. 
പ്രണയമേ, നീ എന്നെ വെറുതെ വിടൂ...

കോഴിക്കോട്

എന്റെ നാട്...
നാടെന്ന് വെച്ചാൽ നമ്മുടെ സ്വന്തം കോഴിക്കോട്.
മധുരം മണക്കുന്ന തെരുവുകളും 
ഉരുക്കളും 
നാടകങ്ങളും 
ഗസൽ മഴ പെയ്യുന്ന സന്ധ്യകളും 
സ്നേഹം നിറഞ്ഞ മനുഷ്യരും ഉള്ള 
നമ്മുടെ സ്വന്തം കോഴിക്കോട്...
ഇവിടുത്തെ പുലരികൾക്ക് ബാങ്കിന്റെ പുണ്യമാണ്...
ഉച്ചകൾക്ക് ചൂട് ബിരിയാണിയുടെ മനം മയക്കുന്ന ഗന്ധമാണ്...
വൈകുന്നേരങ്ങൾക്ക് സുലൈമാനിയുടെ ഉഷാറാണ്...
രാവുകൾക്ക് മാപ്പിളപ്പാട്ടിന്റെ പതിഞ്ഞ താളമാണ്...
ഞാൻ സത്യം വിളിച്ചു പറഞ്ഞു.
അവർ എന്നെ കല്ലെറിഞ്ഞു.
പാപം ചെയ്തവരും ചെയ്യാത്തവരും 
സത്യമറിയാവുന്നവരും അറിയാത്തവരും 
എന്നെ പുച്ഛിച്ചു.
എന്റെ സ്വപ്നങ്ങളെ അവർ 
മഴവെള്ളപ്പാച്ചിലിൽ തള്ളിയിട്ടു.
എന്റെ ശരീരത്തിൽ നിന്നുമൊഴുകുന്ന 
ചുടുരക്തം കുടിച്ചവർ ആർത്തു ചിരിച്ചു.
രക്തം വാർന്നൊഴുകി മരിച്ചത് 
എന്റെ ശരീരം മാത്രമാണെന്നറിയാതെ
അവർ സുഖമായുറങ്ങി...

പ്രണയനൂലുകൾ

അവൻ വന്നു...
മഴ.........
വീണ്ടുമൊരു ഭ്രാന്തിയെ പോലെ ഈ മഴ മുഴുവൻ ഞാൻ നിന്ന് കൊണ്ടു...
ടെറസ്സിൽ നിന്നും...
ആരുടേയും കണ്ണിൽ പെടാതെ...
അങ്ങനെ...
പ്രണയം ഒരു ഭ്രാന്ത് തന്നെയാണല്ലേ...
ആഘോഷവും...
മേഘങ്ങൾ മാനം മൂടി നിൽക്കുന്നത് കണ്ട് ഈ ജനലരികിൽ ഞാൻ ഇരിക്കുകയാണ്..
ദേഹത്തു വീണ മഴത്തുള്ളികളെ ഉണക്കിയെടുക്കുന്നത് കാറ്റിന്റെ കൈകളാണ്...
പക്ഷെ ഞാൻ കാത്തിരിക്കുന്നു...
അവന്റെ വരവിനായി...
വീണ്ടുമാ പ്രണയമഴ നനയാൻ...
മഴ പെയ്യട്ടെ വീണ്ടും...
ഉയർന്നു വരുന്ന മണ്ണിന്റെ ഗന്ധമാണ് മഴയ്ക്കിപ്പോൾ...
പുതുമഴയുടെ സുഗന്ധം...
ആഞ്ഞടിക്കാൻ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ സൂചനയാണീ മഴയെന്നറിഞ്ഞിട്ടും...
അവനെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല...
മെല്ലെ തലോടുന്ന കാറ്റ് അവന്റെ കൈകളാണോ? 
നൃത്തമാടുന്ന മരച്ചില്ലകളും പാട്ട് പാടുന്ന കിളികളുമൊക്കെയാണീ പ്രണയത്തിന് സംഗീതം പകരുന്നത്...
ഇപ്പോൾ പ്രകൃതി നിശ്ചലയാണ്... അവളുടെ കണ്ണുനീരായ് പെയ്യുന്ന മഴയെ പ്രണയിക്കുന്ന ഞാനെത്ര ക്രൂരയാണ്..
എങ്കിലും കഴിയുന്നില്ല, അവനെ സ്നേഹിക്കാതിരിക്കാൻ..
ദുരന്തം വഹിച്ചിട്ടും സംഹാരതാണ്ഡവമാടി നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയിട്ടും അവനെ എന്തിന് ഞാനിങ്ങനെ സ്നേഹിക്കുന്നു?
എന്റെ കൈകളിലിപ്പോൾ മൈലാഞ്ചിമണമാണ്...
അവൻ വരുമെന്ന് തോന്നിയത് കൊണ്ടണിഞ്ഞ മൈലാഞ്ചി...
അവൻ വരുമെന്നറിഞ്ഞണിഞ്ഞ കുപ്പിവളകൾ... 
കണ്ണുകളിലെ കണ്മഷി...
നെറ്റിയിലെ പൊട്ട്...
ഒക്കെ അവന് വേണ്ടി...
കോടാനുകോടി നക്ഷത്രങ്ങളേയും പ്രണയിച്ച് കടന്നു വരുന്ന ചന്ദ്രന്റെ കുസൃതികൾ കാണാൻ നിൽക്കാതെ നാണിച്ച് കടലിലൊളിച്ചു സൂര്യൻ...
പക്ഷെ ഇന്ന് ലോകത്തിന്റെ കണ്ണുകളിൽ നിന്നും ചന്ദ്രനും സഖിമാരും മറഞ്ഞിരിക്കുകയാണ്... മേഘപ്പുതപ്പിനുള്ളിൽ...
നാളെ ഒരുപക്ഷെ അവന്റെ കൈകളാവുന്ന ഈ കാറ്റ് ഇവിടം ചുഴറ്റിയെറിഞ്ഞേക്കാം... കടൽത്തിരകളെ ആകാശത്തോളമുയർത്തിയേക്കാം... മരങ്ങൾ പിഴുതെറിഞ്ഞേക്കാം... അവനായി സംഗീതമാലപിച്ച കിളികളുടെ കൂടുകൾ തകർത്തേക്കാം...
എങ്കിലും ഇപ്പോൾ തോന്നുന്നു... ആ കൈകളെന്നെ വരിഞ്ഞുമുറുക്കട്ടെ.. ആ കൈകളിൽ കിടന്ന് തന്നെ മറ്റൊരു ലോകത്തേക്ക് യാത്രയാകുവാനാവട്ടെ...