Thursday 1 January 2015

ഡയറി


ഇന്ന് ഞാനൊരു ഡയറി വാങ്ങി.
2015 – ലേക്ക്.
അതിങ്ങനെ പറഞ്ഞു നടക്കാന്‍ മാത്രമുണ്ടോ എന്ന് നിങ്ങള്‍ക്കൊക്കെ തോന്നുന്നുണ്ടാവും. പറയട്ടെ, അതൊരു വല്ല്യ കാര്യം തന്ന്യാ..
ഒരീസം മുഴുവനും അലഞ്ഞതിനു ശേഷമാ ആ ഡയറി കിട്ട്യത്.
എത്രയെത്ര കടകളില്‍ കയറിയിറങ്ങി..
എത്ര ദൂരം നടന്നു...
ഒക്കെ ഒരു ഡയറിക്ക് വേണ്ടി..
സാധാരണ പെണ്ണുങ്ങളെ പോലെ വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ ഇത്ര സമയമെടുക്കാറില്ല. പക്ഷെ അങ്ങനെയാണോ ഡയറി?
ഒരു ദിവസത്തെ മുഴുവന്‍ വിശേഷങ്ങളും, പരദൂഷണവും, രാഷ്ട്രീയവും, വിളിക്കാന്‍ പറ്റാത്ത തെറികളും ഒക്കെ അവിടല്ലേ ഇറക്കി വെക്കുക..!!!
ഒരു നേരിയ പരിചയം.. സൗഹൃദം.. ഒന്നിച്ചൊരു യാത്ര... ഒരു വര്‍ഷം നീളുന്ന ഒരു ബന്ധം..
എക്കാലവും കാത്തു സൂക്ഷിക്കാന്‍ തോന്നുന്ന ഒരു ജീവിതകാലത്തെ കൂട്ടുകാരന്‍...
മനസ്സിനിണങ്ങിയത് തന്നെ വേണം...
ഡയറിയെഴുത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ഡയറി ഇല്ലാതിരുന്നത് കൊണ്ട് പഴയ നോട്ടുപുസ്തകത്തിനുള്ളില്‍ തിയ്യതിയിട്ട് ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങിയത്. ആരും കാണാതെ അത് സൂക്ഷിച്ചു വെച്ചു.. പിടിക്കപ്പെട്ടാല്‍ 'പെങ്കുട്ട്യോള് അത് ചെയ്യരുത്, ഇത് ചെയ്യരുത്' എന്നൊക്കെ പറയുന്നവര്‍ അതെല്ലാം വലിച്ചു കീറി കളയുമോ എന്ന് ഭയപ്പെട്ട് എപ്പോഴും അത് കൂടെ കൊണ്ടു നടന്നു.. വീട്ടില്‍, സ്കൂളില്‍, വെക്കേഷന് പോയിരുന്ന ഇടങ്ങളില്‍.. ഒക്കെ... ആരും ശ്രദ്ധിക്കാത്ത സമയത്ത് മാത്രം അത് തുറന്നു നോക്കുകയും പെന്‍സില്‍ കൊണ്ട് എഴുതുകയും ചെയ്തു...
എങ്കിലും, ഒരു നാള്‍ പിടിക്കപ്പെട്ടു..
എന്‍റെ നോട്ടുപുസ്തകം അവരെല്ലാവരും കൂടി തുറന്നു വായിച്ചു..
തെരുവോരങ്ങളില്‍ എന്‍റെ വാക്കുകള്‍ എനിക്ക് ചുറ്റും പറത്തി അവരെന്നെ നഗ്നയാക്കി.
പരിഹാസച്ചിരികള്‍ എനിക്ക് ചുറ്റും അലയടിച്ചു..
വീടിന്‍റെ ഇരുണ്ട മൂലയ്ക്ക് ഒറ്റയ്ക്കിരുന്നു ഞാന്‍ മൌനമായ് കണ്ണീര്‍ വാര്ത്തു .
പിന്നീട് ആ നോട്ടുപുസ്തകത്തില്‍ ഒന്നും എഴുതപ്പെട്ടില്ല. വാക്കുകള്‍ മനസ്സിനുള്ളില്‍ നിന്നും പുറത്തേയ്ക്കൊഴുകിയില്ല. മൗനം കൂട്ടിനു വന്നു.
വീണ്ടും ഒരു ന്യൂ ഇയര്‍..
ഇനിയൊന്നുമെവിടെയുമെഴുതില്ലെന്ന് ആ കുഞ്ഞു മനസ്സില്‍ ശപഥം ചെയ്തു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ ന്യൂ ഇയറില്‍ അച്ഛന്‍ ഒരു സമ്മാനം തന്നു.
ഒരു ഡയറി.
മേടിച്ചു തന്ന സ്ഥിതിക്ക് വാങ്ങി വെച്ചു. എങ്കിലും എഴുതിയില്ല ഒന്നും.
മേശയുടെ ഒരു കോണില്‍ അത് കിടന്നു - എന്റെ കയ്യെത്തും ദൂരത്ത്. പുതുവര്‍ഷത്തിലെ ദിവസങ്ങള്‍ ഓരോന്നായി കഴിഞ്ഞു പോയി. പഴയ നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ട കുറച്ചു വരികള്‍ അച്ചടി മഷി പുരണ്ട് “അണ്ണാറക്കണ്ണന്‍” എന്ന കവിതയായി വന്ന ഒരു മാസികയുമായി അച്ഛന്‍ ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വന്നു. സന്തോഷം പങ്കു വയ്ക്കാന്‍ ആരുമില്ലാതിരുന്ന ആ നേരം മേശയുടെ ഒഴിഞ്ഞ കോണില്‍ എന്നെ കാത്തിരിക്കുന്ന ആ ഡയറി ഞാന്‍ കയ്യിലെടുത്തു. ആദ്യമായി അതില്‍ കുറിച്ചിട്ടു.. സന്തോഷം തുളുമ്പുന്ന വരികള്‍..
പിന്നീടിങ്ങോട്ട്‌ ഓരോ വര്‍ഷവും പുതിയ ഡയറി. പുതിയ ഓര്‍മകള്‍, സംസാരം, ചര്‍ച്ച, യാത്ര.. കുറിപ്പുകള്‍.. അങ്ങനെയങ്ങനെ..
പിന്നീടെപ്പോഴോ എഴുത്ത് കുറഞ്ഞു.. ചര്‍ച്ചകളും ഓര്‍മകളും കുറിച്ചിടാന്‍ മടിച്ചു.. ഡയറിയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പേരിനു മാത്രമായി.. വാക്കുകളില്‍ പിശുക്ക് കാണിച്ചു. അങ്ങനെയിരിക്കെയാണ് മൂന്നു വര്‍ഷം മുന്‍പ് ഒരു സുഹൃത്തിനോട് അവിചാരിതമായി ഡയറിയെഴുത്തിനെ കുറിച്ച് പറയാനിടയായതും ആ ചങ്ങാതിയുടെ പ്രേരണയാല്‍ വീണ്ടും ഡയറിയുമായി കൂട്ടുകൂടാനും തുടങ്ങിയത്...
പിന്നീടിങ്ങോട്ട്‌ ഒരു ദിവസം പോലും മുടക്കിയിട്ടില്ല.
ഒരോ വര്‍ഷവും പുതുക്കുന്ന ബന്ധങ്ങളും യാത്രകളും ദിവസങ്ങളും ഓര്‍മകളും സൂക്ഷിക്കുന്ന എന്‍റെ ഡയറി..
ഒന്നിച്ചാണ് ഈ യാത്ര. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും തെറ്റുകളും കുറ്റങ്ങളും സഹിച്ചും അങ്ങനെ...
ആദ്യത്തെ ഒരു നേര്‍ത്ത പരിചയത്തിനും സൌഹൃദത്തിനും അപ്പുറം, ഒരു യാത്ര തന്നെ ഒന്നിച്ചു പോകുകയും, അവസാനം മറ്റൊന്നിനെ കൂട്ടുപിടിക്കേണ്ടി വരുമെന്ന അനിവാര്യതയ്ക്കിടയിലും സ്നേഹിച്ചു സ്നേഹിച്ച് മനസ്സ് പങ്കു വെച്ച്, ഇണക്കിളികളെ പോലെ, അങ്ങനെയങ്ങനെ..
ഞാനും എന്‍റെ ഡയറിയും...