Tuesday 20 May 2014

ശീർഷകമില്ലാതെ ഒരു അനുഭവക്കുറിപ്പ്

ഇത് വായികുമ്പോൾ കരുതുന്നുണ്ടാവും, എന്താ ഈ കുട്ടി ഇങ്ങനെ ഒരു അന്തോം കുന്തോം ഇല്ലാത്ത തലക്കെട്ട് കൊടുത്തത് എന്ന്, അല്ലേ? മനപ്പൂർവ്വമല്ല. എന്റെ മനസ്സിപ്പോൾ നിലത്തൊന്നുമല്ല നിൽക്കുന്നത്. ജീവിതത്തിൽ വളരെയധികം സന്തോഷിച്ച, അനുഗ്രഹിക്കപ്പെട്ട ഒരു ദിവസമാണിന്നെനിക്ക്. ആ സന്തോഷത്തിന്റെ കെട്ടടങ്ങും മുൻപ് അതീ ലോകത്തോടുറക്കെയുറക്കെ വിളിച്ചു പറയണമെന്ന് തോന്നി. അതാവാം പലപ്പോഴും എനിക്ക് വാക്കുകൾ കിട്ടാതെ പോയത്.. ചിന്തകൾ മനസ്സിൽ മുളച്ചു പൊങ്ങുന്ന അതേ ആവേശത്തിൽ വാക്കുകൾ അല്പം പോലും തിരുത്താതെ ഇവിടെ കുറിച്ചു വെച്ചത്.. 

കുടുംബത്തിലെ ഓരോ വിവാഹവും ഒരു ആഘോഷമാവുന്നത് പ്രിയപ്പെട്ടവരുമായുള്ള ഒത്തുകൂടലിനതൊരു വേദിയാവുന്നതു കൊണ്ടാവാം. എത്രയകലെയായിരുന്നാലും എല്ലാവരും ഇത് പോലെ കൂടുമ്പോൾ, പഴയ ഓർമകൾ അയവിറക്കുമ്പോൾ, മനസ്സ് നിറയെ നഷ്ടപ്പെട്ട പഴയ സ്നേഹം വീണ്ടും നിറഞ്ഞു നില്ക്കുന്നതായി തോന്നാറുണ്ട്. ജിജിചേച്ചിയുടെയും ജിത്തുച്ചേട്ടന്റെയും കല്യാണം, മാഹിയിലെ പള്ളിപ്പെരുന്നാൾ, അങ്ങനെയങ്ങനെ ഓർമപുസ്തകത്തിലെ വർണ്ണ ചിത്രങ്ങൾ ഒരുപാട്...

ഇത്തവണ എല്ലാവരെയും ഒന്നിച്ചു കാണാനും സംസാരിക്കാനും, ആ സ്നേഹമെല്ലാം ഒരിക്കൽ കൂടി അനുഭവിച്ചറിയുവാനുമുള്ള വേദിയായത് അപർണ്ണയുടെ വിവാഹമാണ്. മനോഹരമായ ചിത്രങ്ങൾ വരച്ചും കവിതകളെഴുതിയും ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന അപർണ്ണ ഇന്ന് വിവാഹിതയായി..

ഇന്ന് വിവാഹത്തിന്  വന്ന ബന്ധുക്കളോടും മറ്റും സംസാരിച്ചങ്ങനെ ഇരുന്നപ്പോൾ വളരെ പരിചിതമായ ഒരു മുഖം സ്റ്റേജിൽ വധൂവരന്മാർക്കടുത്തേക്ക് നീങ്ങുന്നത് കണ്ടു - എന്റെ തൊട്ടടുത്തു കൂടെ... ആരാണെന്ന് മനസ്സിലായ നിമിഷം ഞാൻ വായും പൊളിച്ച് അന്തം വിട്ട് അവിടെ നിന്നു പോയി..!!! അദ്ദേഹത്തെ ഞാൻ തിരിച്ചറിയാതിരിക്കില്ലല്ലോ.. എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അദ്ദേഹം സ്റ്റേജിലേക്ക് നടന്നു.. ആ ഒരു നിമിഷത്തെ ഷോക്കിൽ ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു. സത്യം, പറഞ്ഞാൽ "തട്ടത്തിൻ മറയത്തിൽ" ആയിഷയെ കണ്ട വിനോദിന്റെ അവസ്ഥയിലായി ഞാൻ... ആകെ മൊത്തം ഒരു പരവേശം. നിന്ന നിൽപ്പിൽ ഞാൻ വിയർത്തു, വിറച്ച് അച്ഛന്റെ അടുത്തേക്കു ചെന്നു ചോദിച്ചു, " അച്ഛാ, അച്ഛൻ കണ്ടോ ഇപ്പൊ സ്റ്റേജിലേക്ക് കയറിപ്പോയതാരാണെന്ന്?" ഞാൻ കാര്യം പറഞ്ഞു. അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചു. അദ്ദേഹത്തെ ഒന്ന് പോയി കാണണമെന്നും പരിചയപ്പെടണമെന്നും ഞാൻ വല്ലാതെ ആഗ്രഹിച്ചു. പക്ഷെ ഭയങ്കര വിറയൽ. നാമൊരുപാടാരാധിക്കുന്നവരെ കാണുമ്പോൾ എങ്ങനെയൊക്കെ തോന്നും എന്നറിഞ്ഞ അപൂർവ്വം ചില സന്ദർഭങ്ങളിലൊന്നായിരുന്നു അത്...

അച്ഛന്റെയടുത്ത് അങ്ങനെയിരുന്നപ്പോൾ ഓർത്തത് ഒരു വർഷം മുൻപ് പൊട്ടി പിടിച്ചു കിടന്ന നാളുകളായിരുന്നു. ആ ദിവസങ്ങളിൽ എന്റെ മുറിയുടെ നാല് ചുവരുകൾ ആദ്യമായെനിക്ക് തടവറ തീർത്തപ്പോൾ അച്ഛൻ എനിക്ക് ഒരു സമ്മാനം കൊണ്ടു വന്നു തന്നു. പണ്ടൊരിക്കൽ വായിച്ച ഒരു പുസ്തകം. വീണ്ടും എനിക്ക് വളരെ പരിചിതമായ ഒരു നാടിന്റെയും അവിടുത്തെ വഴികളുടെയും ഒരു പഴയകാല ചിത്രം എനിക്ക് മുൻപിൽ വരച്ചു കാട്ടിയ ഒരു പുസ്തകം. ആ മണ്ണിലൊരിക്കൽ ജീവിച്ചു മരിച്ച പലരുടേയും രക്തം ഈ ശരീരത്തിലൂടെ ഓടുന്നുവെന്നത് എന്നെ വല്ലാതെ അന്ന് കോരിത്തരിപ്പിച്ചിരുന്നു.. ആ നാടിന്റെ പേരിലറിയപ്പെടുന്ന പ്രശസ്തമായ പുഴ കടലിനടുത്തേയ്ക്കൊഴുകിയെത്തുന്നതും നോക്കി ഒരിക്കൽ എത്ര നേരമാണ് മഴ നനഞ്ഞ് ആ തീരത്ത് നിന്നതെന്നോർമയില്ല. പൊട്ടി പിടിച്ച നാളുകളിൽ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ അങ്ങനെ കഴിഞ്ഞ നാളുകളിൽ എന്റെ കാതുകളിൽ രാത്രി ഒരു താരാട്ട് പോലെ ഞാൻ കേട്ടത് ഒരു പക്ഷേ ലെസ്ലീ സായ്പ്പിന്റെ കുതിരവണ്ടിയുടെ പതിഞ്ഞ താളമാകാം, സ്വപ്നങ്ങളിൽ ഞാൻ പറന്നു പൊങ്ങിയത് വെള്ളാരംകൽ പാറക്കൂട്ടങ്ങൾക്ക് മേലെ പറന്നു നടക്കുന്ന തുമ്പികളുടെ പുറത്തേറിയാവാം, എവിടെ നിന്നോ എന്നിലേക്ക് പടർന്നു കയറിയ നോവ് ദാസന്റെ ഹൃദയം നുറുങ്ങുന്ന വിങ്ങൽ തന്നെയാവാം. മയ്യഴിപ്പുഴയുടെ തീരത്ത് പുഴയുടെയും കടലിന്റെയും പ്രണയത്തിന് സംഗീതമൊരുക്കിയ മഴ നനഞ്ഞു അന്ന് കുളിർപ്പിച്ചത് ഈ ശരീരത്തെ മാത്രമല്ല, ഉള്ളിലെ തുടിക്കുന്ന മനസ്സിനെ കൂടിയായിരുന്നു..

അതെ. അതദ്ദേഹമായിരുന്നു... മയ്യഴിയുടെ സ്വന്തം കഥാകാരൻ ശ്രീ എം. മുകുന്ദൻ.

ആരോടോ സംസാരിച്ചു നിന്ന അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് ഞാൻ കുറേ നേരം നോക്കി നിന്നു... അത്ഭുതത്തോടെ..

ഒരുവിധം ധൈര്യം സംഭരിച്ച് അടുത്തേക്ക് ചെന്നു, പോയി പരിചയപ്പെട്ടു.. ആ കാൽ തൊട്ടു അനുഗ്രഹം വാങ്ങിച്ചു. അദ്ദേഹം ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു. ഓർക്കുമ്പോൾ ഇപ്പോഴും ഹൃദയമിടിപ്പ് കൂടുന്നു.. ഏതോ ഒരു സുന്ദര സ്വപ്നം പോലെ ആ നിമിഷം...

എവിടെയോ കളഞ്ഞു പോയ, എന്നോട് പിണങ്ങിപ്പോയ അക്ഷരങ്ങളും വാക്കുകളും ആ അനുഗ്രഹത്തിന്റെ വെളിച്ചത്തിൽ മടങ്ങിയെത്തുമെന്ൻ സ്വപ്നം കണ്ടു കൊണ്ട് ഞാനുറങ്ങട്ടെ.. ഓരോ പുലരിയിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട്..