Saturday 10 August 2013

അച്ഛമ്മ

ഇന്ന് ആഗസ്റ്റ് 10.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിവസം ഞാൻ മറക്കില്ല. അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കളിക്കാൻ പോയി ബെല്ലടിക്കാൻ നേരം തിരിച്ചു വന്നപ്പോൾ എന്നെ കാത്ത് അച്ഛൻ ക്ലാസിനടുത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. അച്ഛൻ പറഞ്ഞു, വേഗം ബാഗുമെടുത്ത് വരാൻ. ക്ലാസിലിരിക്കേണ്ടല്ലോ... ഞാൻ സന്തോഷപൂർവ്വം ബാഗുമെടുത്തിറങ്ങി. എന്റെ ക്ലാസ് ടീച്ചറെ കണ്ട് സമ്മതം വാങ്ങി ഞങ്ങളിറങ്ങി. അച്ഛൻ ജോലി ചെയ്തിരുന്ന ബാങ്കിലെ മാനേജർ കാറുമായി വന്നിരുന്നു. അദ്ദേഹത്തിന്റെ കൂടെ വീട്ടിലേക്ക് തിരിച്ച്, യൂണിഫോം മാറി ബാഗവിടെ വെച്ചു. എന്താണ് കാര്യമെന്ന് അപ്പോളും അറിയില്ലായിരുന്നു. ഇറങ്ങാൻ നേരത്തായിരുന്നു അമ്മ പറയുന്നത്, അച്ഛമ്മ മരിച്ചു എന്ന്. എനിക്ക് മനസ്സിലായില്ല. മരിക്കുക എന്ന് വെച്ചാൽ എന്താ? അതാലോചിച്ചിരുന്നു, അവിടെ എത്തുവോളം. 

ഞങ്ങളവിടെ ചെല്ലുമ്പോൾ അവിടെ ഒരു മുറിയിൽ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു അച്ഛമ്മയെ. ആരും ഒന്നും മിണ്ടുന്നില്ല. സാധാരണ എന്നെ കാണുമ്പോൾ ചിരിച്ചിരുന്ന ചെറിയമ്മയുടെയും മാമിയുടെയും, എന്തിന്, വല്ല്യച്ഛന്റെയും മുഖത്ത് പോലും ആകെയൊരു ശൂന്യത. എനിക്ക് സങ്കടമായി. ഇതെന്താ പെട്ടന്ന് എല്ലാർക്കും എന്നെ ഇഷ്ടമല്ലാതായോ? ആരും ഒന്നും മിണ്ടുന്നില്ല. വല്ലാത്തൊരു മൂകത. എനിക്ക് പേടിയായി. അച്ഛമ്മയ്ക്ക് എന്തോ പറ്റി എന്ന് മനസ്സിലായി. പക്ഷെ എന്താണതെന്ന് മനസ്സിലാക്കാൻ മാത്രമുള്ള അറിവ് അന്നെനികുണ്ടായിരുന്നില്ല. ഇന്നുമില്ല, എന്നാലും... 

പാർക്കിൻസൻസ് ബാധിച്ച് അച്ഛമ്മ കുറേ കാലം കിടപ്പിലായിരുന്നു. ട്യൂബിട്ടിരുന്നു. ഒന്നും സംസാരിക്കാനോ ഒന്നും പറ്റില്ലായിരുന്നു. പക്ഷെ ജീവന്റെ നേർത്ത തുടിപ്പ് ഉള്ളിലുള്ളത് കൊണ്ടാവാം, എപ്പോളും ഒരു നേർത്ത ഞരക്കം അച്ഛമ്മയിൽ നിന്നും ഉയർന്നു വരുന്നത് കേൾക്കാമായിരുന്നു. അത് നിലച്ചു എന്ന വ്യത്യാസം മാത്രമേ അച്ഛമ്മയുടെയടുത്ത് നിന്നപ്പോൾ എനിക്ക് തോന്നിയിരുന്നുള്ളൂ. അടക്കിപ്പിടിച്ച സംസാരം മാത്രമിടയ്ക്ക് കേൾക്കാം. ഒന്നും മിണ്ടാതെ ഞാൻ നിന്നു. കുറച്ച് കഴിഞ്ഞ് ആരൊക്കെയോ ചേർന്ന് അച്ഛമ്മയെ കുളിപ്പിക്കാൻ കൊണ്ടുപോയി. പിന്നീട് പൂമുഖത്ത് കൊണ്ടുവന്ന് കിടത്തി. ഒരു തുളസിയിലയിൽ വെള്ളമാക്കി അത് ആ വായിൽ ഇറ്റിച്ചുകൊടുത്ത് കാൽക്കൽ ഞാൻ നമസ്ക്കരിച്ചു. ചിലരൊക്കെ തേങ്ങുന്നുണ്ടായിരുന്നു. അച്ഛന്റെ കണ്ണുകൾ ചുവന്നിരുന്നു. കുറച്ച് കഴിഞ്ഞ് ആരൊക്കെയോ ചേർന്ന് അച്ഛമ്മയെ എടുത്ത് കൊണ്ടുപോയി പുറത്തുള്ള ആംബുലൻസിൽ കയറ്റി. ആംബുലൻസ് അകന്ന് പോകുന്നതും നോക്കി ഞാൻ നിന്നു. എന്നാലും അച്ഛമ്മയെ എങ്ങോട്ടാ എല്ലാരും കൂടി കൊണ്ടുപോയത്? എനിക്കൊന്നും മനസ്സിലായില്ല. 

കുറേ കഴിഞ്ഞ് എല്ലാവരും തിരിച്ചുവന്നു. അച്ഛമ്മ മാത്രം കൂടെയില്ല. അച്ഛമ്മയെ എവിടെ കൊണ്ടുപോയി കളഞ്ഞു എല്ലാവരും എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ മുതിർന്നവരാരും അതിനെ കുറിച്ച് ഒന്നും പറയുന്നുണ്ടായിരുന്നില്ല. എന്റെ മാമനോട് അന്ന് ഞാൻ ചോദിച്ചു, ഈ മരിക്കുക എന്നു പരഞ്ഞാൽ എന്താണെന്ന്. അപ്പോൾ മാമൻ പറഞ്ഞു തന്നു, മരിച്ചാൽ പിന്നെ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ നടക്കാനോ ഒന്നും പറ്റില്ല എന്ന്. അപ്പോൾ നമ്മൾ ആ ശരീരം കൊണ്ടുപോയി കത്തിക്കും എന്ന്. അച്ഛമ്മ കുറേ കാലമായി കിടപ്പിലായിരുന്നത് അപ്പോൾ മരിച്ചതായിരുന്നില്ലേ? എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല. കുറേ ചോദ്യങ്ങൾ ഉയർന്നു വന്നു. ഒന്നും മിണ്ടാതെ ഞാനിരുന്നു. മാമൻ ഒരു കാര്യം കൂടി പറഞ്ഞു, അച്ഛമ്മ സ്വർഗത്തിൽ പോയതാണെന്ന്.

ഞാൻ ആലോചിച്ചു. എന്താ ഈ സ്വർഗം? സ്വർഗത്തെ കുറിച്ച് ആദ്യമായി എനിക്ക് പറഞ്ഞു തന്നത് അച്ഛമ്മയായിരുന്നു. ഒരിക്കൽ ഞാൻ അച്ഛമ്മയോട് ചോദിച്ചു, അച്ഛമ്മയുടെ അച്ഛനുമമ്മയും എവിടെയാണെന്ന്. അപ്പോൾ അച്ഛമ്മ പറഞ്ഞു, അവർ സ്വർഗത്തിലാണെന്ന്. "എന്നാൽ നമ്മക്ക് ആടെ പോയി ഓരെയൊക്കെ കാണാം?", ഞാൻ നിഷ്കളങ്കമായി ചോദിച്ചു. അപ്പോൾ സ്വർഗ്ഗം വളരെ ദൂരെയാണെന്നും അവിടേക്കെത്താൻ കുറേ സമയം പിടിക്കുമെന്നും അച്ഛമ്മയെനിക്ക് പറഞ്ഞു തന്നു. പാവം അച്ഛമ്മ. ഇത്രേം ദൂരെയായത് കൊണ്ടല്ലേ അച്ഛമ്മയ്ക്ക് അവരെ കാണാൻ പോകാൻ പറ്റാഞ്ഞത് എന്നോർത്ത് എനിക്ക് സങ്കടമായി. അപ്പൊ അച്ഛമ്മ അച്ഛമ്മയുടെ അച്ഛനെയും അമ്മയെയും കാണാൻ പോയതാണല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. 

പക്ഷെ അന്നെനിക്കറിയാമായിരുന്നില്ല, മരണമെന്നത് ഒരിക്കലും തിരിച്ചുവരാനാവാത്ത യാത്രയാണെന്ന്. അന്ന് രാത്രി മഴ പെയ്തിരുന്നു. നല്ല ഇടിയും മിന്നലും. മഴപെയ്തപ്പോൾ എനിക്ക് സങ്കടമായി. അച്ഛമ്മ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നും ഇനിയൊരിക്കലും എനിക്ക് അച്ഛമ്മയെ കാണാൻ കഴിയില്ലെന്നും എനിക്ക് മനസ്സിലായി. കരച്ചിൽ വന്നു, അതിലേറെ പേടിയും തോന്നി. അച്ഛമ്മ അവിടം മുതൽ ഒരോർമയായി മാറുകയായിരുന്നു. 

അച്ഛമ്മയ്ക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഞങ്ങളുടെ കൂടെ ഇടയ്ക്ക് നിൽക്കാൻ വരും അച്ഛമ്മ. പണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വരുന്ന മഹാഭാരതകഥ എല്ലാ ശനിയാഴ്ച്ചയും ഓഫീസിൽ നിന്നും വന്നാൽ അച്ഛൻ അച്ഛമ്മയ്ക്ക് വായിച്ചുകൊടുക്കുമായിരുന്നു. അച്ഛമ്മയ്ക്ക് മധുരം ഭയങ്കര ഇഷ്ടമായിരുന്നു. ഐസ്ക്രീം വാങ്ങിയാൽ അച്ഛമ്മ അത് കഴിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. കപ്പ് ഐസ്കീമിന്റെ കൂടെ ഒരു സ്പൂൺ കിട്ടില്ലേ? അതിൽ ഐസ്ക്രീമെടുത്ത് അത് വായയുടെ മുകളിലെ ഭാഗത്ത് പിടിപ്പിച്ച് അവിടുന്ന് മെല്ലെ ഇറക്കുകയായിരുന്നു അച്ഛമ്മയുടെ പതിവ്.  

എനിക്ക് സ്വർഗവും നരകവുമൊക്കെ പരിചയപ്പെടുത്തിത്തന്നതും അച്ഛമ്മ തന്നെ. കഥകളൊന്നും പറഞ്ഞു തരാറില്ലെങ്കിലും, അച്ഛമ്മയുടെ ആ വാത്സല്യവും മറ്റും എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു, ഞാനായിരുന്നു മൂത്ത പേരക്കുട്ടി. 

അച്ഛമ്മ മുണ്ടും നേര്യതും ഉടുത്തല്ലാതെ ഞാൻ കണ്ടിട്ടില്ല. അച്ഛച്ഛൻ മരിച്ചതിൽ പിന്നെ അച്ഛമ്മ ഒരിറ്റ് പൊന്ന് ദേഹത്തണിഞ്ഞിട്ടുമില്ല. അധികം സംസാരിക്കാത്ത, വായിക്കാനിഷ്ടപ്പെട്ടിരുന്ന, മക്കൾക്ക് ചുറ്റുമൊരു ലോകമുണ്ടാക്കി അതിനുള്ളിൽ കിടന്നുകറങ്ങിയിരുന്ന ഒരു പാവം സ്ത്രീ. 

സത്യമാണ്, അച്ഛമ്മയെ കുറിച്ച് വളരെ കുറച്ച് ഓർമകളേ എനിക്കുള്ളൂ. പക്ഷെ അച്ഛമ്മയുടെ വിടവാങ്ങലാണെനിക്ക് മരണത്തെ പരിചയപ്പെടുത്തിയത്. അതൊരനിവാര്യതയാണെന്ന് മനസ്സിലാക്കിയപ്പോൾ ആദ്യം ഭയമായിരുന്നു. എല്ലാവരും ഒരു നാൾ മരിക്കുമെന്നും സ്വർഗത്തിലേക്കെത്തുമെന്നും പറഞ്ഞുതന്നതാരായിരുന്നു? ഓർമയില്ല. പക്ഷെ അത് സത്യമാണെങ്കിൽ മരിച്ചു കഴിഞ്ഞ് അച്ഛമ്മയെയും അങ്ങനെ അകന്നുപോയവരെയും വീണ്ടും കാണാനാവുമെന്ന പ്രതീക്ഷയിൽ ഞാൻ കഴിഞ്ഞു. 

മറ്റൊരു ലോകത്ത് നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ കാത്തിരിക്കുന്നുണ്ടാവാം, അല്ലേ? അപ്രതീക്ഷിതമായി വിട പറയുന്നവർ, മൗനമായ് അകന്നു പോയവർ, ഒന്ന് കൺചിമ്മിത്തുറക്കുന്ന നേരം കൊണ്ട് നമ്മെ വിട്ടുപിരിഞ്ഞവർ, ഒക്കെ, ആ ലോകത്ത് നമ്മെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടാവാം ഇപ്പോൾ...


Wednesday 7 August 2013

ഒരു കത്ത്

എന്റെ ..................
ഇന്ന് വീണ്ടും ഞാൻ നിന്നെ കുറിച്ചോർത്തു. ഇനിയൊരിക്കലും ഓർക്കില്ലെന്ന് കരുതിയിരുന്നെങ്കിലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിലും ഇന്ന് അറിയാതെ നിന്നെ വീണ്ടും ഓർത്തുപോയി. നിനക്കറിയാമോ, ഞാനിപ്പോൾ ആരുടെയും മുന്നിൽ പെടാത്ത വിദൂരമായൊരു നഗരത്തിലാണ്. ഇവിടെ എന്നെ അറിയുന്ന ആരുമില്ല. ഞാൻ താമസിക്കുന്ന ഒറ്റമുറി വീട് ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ്. എന്റെ ജനലിലൂടെ നോക്കിയാൽ താഴെയുള്ള തെരുവിലെ കാഴ്ച്ചകളെല്ലാം വ്യക്തമായി കാണാം. റോഡിന് മറുവശത്ത് ഒരു ക്ഷേത്രമുണ്ട്. അവിടെ നിന്നും അതിരാവിലെയുള്ള പ്രാർഥനകൾ കേട്ടുകൊണ്ടാണ് ഞാൻ ഉണരാറ്. ക്ഷേത്രത്തിനു പുറത്തെ ആൽച്ചുവട്ടിലിരുന്ന് ഒരു വൃദ്ധൻ എന്നും പാട്ടുപാടും. നിനക്കിഷ്ടപ്പെട്ട ഹിന്ദുസ്താനി സംഗീതം തന്നെ. അയാൾ ഒരു അന്ധനാണ്. എന്നാലും ആ കണ്ണുകൾക്കെന്തൊരു തിളക്കമാണെന്നോ! ഒന്നും കാണുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസം. ഇന്ന് ഞാൻ നിന്നെ ഓർത്തെന്നു പറഞ്ഞല്ലോ. അതെന്താണെന്ന് നിനക്കറിയാമോ? ഇന്നിവിടെ മഴ പെയ്തിരുന്നു. മഴയിൽ കുതിർന്നുവെങ്കിലും ആ വൃദ്ധൻ പാട്ട് നിർത്തിയതേ ഇല്ല. ഞാൻ നമ്മുടെ പഴയകാലം ഓർത്തുപോയി. ടൗൺഹാളിൽ നടന്ന ഗസൽ സന്ധ്യ കഴിഞ്ഞ് നമ്മൾ മടങ്ങിയപ്പോൾ അപ്രതീക്ഷിതമായി മഴ പെയ്തത് നീ ഓർക്കുന്നുണ്ടോ? അന്ന് കൈകൾ ചേർത്തുപിടിച്ച് നമ്മൾ ആ റോഡിലൂടെ കുറേ നടന്നിരുന്നു. ദൂരെ ശക്തമായലയടിക്കുന്ന തിരമാലകളുടെ ശബ്ദത്തിന് കാതോർത്തുകൊണ്ട്, കടൽക്കാറ്റും കൊണ്ട് നമ്മളന്ന് എത്ര നേരമാണ് നടന്നത്... എന്തൊക്കെ സ്വപ്നങ്ങളാണ് നമ്മൾ കണ്ടത്, നമ്മൾ കൈമാറിയ മനസ്സിനിത്രപോലും വിലയില്ലാതായോ? എനിക്ക് നിന്നെയൊന്ന് കാണാൻ, നിന്നിലേക്കെത്തിച്ചേരാൻ, വല്ലാതെ കൊതി തോന്നുന്നു. പക്ഷെ നിവൃത്തിയില്ലല്ലോ. എന്റെ സീമന്തരേഖയിപ്പോൾ ശൂന്യമാണ്. നെറ്റിലും. അവിടെ വർണ്ണങ്ങൾ കൊണ്ട് വിസ്മയം തീർക്കാറില്ല ഞാനിപ്പോൾ. കടും നിറത്തിലുള്ള വസ്ത്രങ്ങളണിയാറില്ല. നീ കാണാനില്ലാതെ എന്തിനാണവയെല്ലാം? നീ കരുതുന്നുണ്ടാവും, അത്യാവശ്യമായി പറയേണ്ട ഒരു കാര്യം ഞാൻ പറഞ്ഞില്ലല്ലോ എന്ന്. ശരിയാണ്. പറയാം. നമ്മുടെ മകനിപ്പോൾ പിച്ചവെച്ച് നടക്കാനൊക്കെ തുടങ്ങിയിരിക്കുന്നു. അവനും നിന്നെ പോലെ തന്നെയാണ്. പാട്ട് കേട്ടാലേ ഉറങ്ങൂ. അവന്റെ കൊഞ്ചലുകളും കളിചിരികളും മറ്റും ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ നിന്റെയടുത്തേക്കോടിയെത്തിയേനെ. പറയുന്നതൊന്നും വ്യക്തമല്ലെങ്കിലും അവൻ സംസാരപ്രിയനാണ്, നിന്നെ പോലെ തന്നെ. നീ ഈ ജീവിതത്തിൽ എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണവൻ. അവനെ നിനക്ക് ഒരുപാടിഷ്ടമാണെന്നും അവനെ ഒന്നെടുക്കാനും ഒരുമ്മ കൊടുക്കാനും ഒക്കെ നീ വല്ലാതെ കൊതിക്കുന്നുണ്ടെന്നെനിക്കറിയാം. പക്ഷെ എന്ത് ചെയ്യാം... നീ വിഷമിക്കണ്ട. ഞാനവനെ പൊന്നുപോലെ നോക്കുന്നുണ്ട്. മേഘങ്ങൾക്കിടയിലെ കൊട്ടാരത്തിൽ നിനക്ക് സുഖമാണോ? ഞങ്ങളില്ലാത്തത് കൊണ്ട് നീ അധികം സന്തോഷിച്ചൊന്നുമായിരിക്കില്ല ഇരിക്കുന്നതെന്നെനിക്കറിയാം. പക്ഷെ നീ അവിടുന്ന് ഞങ്ങളെ നോക്കുന്നത് ഞാൻ അറിയുന്നുണ്ട്. അങ്ങകലെ ഞങ്ങളെ നോക്കി കൺചിമ്മുന്നൊരു പൊൻതാരകമാണല്ലോ നീയിന്ന്. അച്ഛനുമമ്മയ്ക്കും എല്ലാം അവിടെ സുഖമല്ലേ? എന്നാലും നിങ്ങളെല്ലാവരും അവിടേക്ക് ഒന്നിച്ച് പോയത് ശരിയായില്ല കേട്ടോ. മനപ്പൂർവമല്ലെന്നെനിക്കറിയാം. എന്റെയരികിൽ വരുന്ന വഴി നിങ്ങൾ അങ്ങോട്ട് പോകേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങളെല്ലാം പോയതിൽ പിന്നെ കുറേ നാൾ എല്ലാവരും സഹതാപവുമായി വന്നിരുന്നു. പിന്നെ അവർക്ക് മടുത്തപ്പോൾ പിന്നെ ശപിക്കപ്പെട്ടവളെന്ന വിളിയായി, കുത്തുവാക്കുകളായി. അന്നൊക്കെ നമ്മുടെ മകന്റെ കളിയും ചിരിയുമായിരുന്നു എന്നെ പിടിച്ച് നിർത്തിയിരുന്നത്. പലപ്പോളും ആലോചിച്ചു, നിന്റെയടുത്തേക്ക് വരണമെന്ന്. പക്ഷെ നമ്മുടെ മകൻ, അവനെ തനിച്ചാക്കാൻ എനിക്ക് വയ്യ. അത് കൊണ്ട് നീ അവിടെ കാത്തിരിക്കൂ. ഇവനൊരുകൂട്ട് കിട്ടും വരെയെങ്കിലും. എന്നിട്ട് ഞാൻ വരാം, നിന്റെയടുത്തേക്ക്.
സ്നേഹത്തോടെ
നിന്റെ സ്വന്തം
..................................

Friday 2 August 2013

ചില പാതിരാ ചിന്തകൾ

ഇപ്പോൾ സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. എനിക്ക് ചുറ്റുമുള്ളവർ ഉറക്കത്തിലാണ്. ഞാൻ ഈ ജനലരികിൽ മേഘങ്ങൾ മൂടിയ ആകാശവും നോക്കി ഇരിക്കുന്നു. മറ്റൊന്നിനുമല്ല, എന്നുമെന്റെ ജനലിനു പുറത്ത് ഉദിക്കാറുള്ള ചന്ദ്രനെ ഇന്ന് കണ്ടില്ല. ഇന്നലെ കണ്ണുനട്ട് കാത്തിരുന്ന് ഒടുവിലവൻ എത്തിയത് രാത്രി രണ്ടുമണിയോടടുക്കുമ്പോളാണ്. നക്ഷത്രങ്ങളെ മറയ്ക്കുന്ന മേഘങ്ങൾക്കറിയില്ലല്ലോ അവർ എന്നോ മണ്മറഞ്ഞുപോയ പൂർവികരാണെന്ന്. അവയൊന്ന് നീങ്ങിയിരുന്നെങ്കിലെന്ന് ആശിച്ചു പോയി. ഉറക്കം വരാത്ത രാത്രികളിൽ എനിക്ക് കൂട്ടിരിക്കാനും തലമുറകളുടെ കഥ പറഞ്ഞു തരാനും എന്നുമീ നക്ഷത്രങ്ങളവിടെയുണ്ടായിരുന്നു. ഞാനിപ്പോളും ആകാശം നോക്കി കിടപ്പാണ്. ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലായത് കൊണ്ടാണിങ്ങനെ ധൈര്യമായി ഈ ജനൽ ഞാൻ തുറന്നിടുന്നത്. അല്ലായിരുന്നെങ്കിൽ ഈ പ്രകൃതിക്കു നേരെ എന്റെ വാതിലും ജനലും എന്നും അടഞ്ഞു തന്നെ കിടന്നേനെ. കൊട്ടിയടച്ച മനസ്സ് പോലെ...

സമയം കുറേ ആയി. പക്ഷെ ചന്ദ്രനുദിക്കാൻ നേരമായില്ല. ചന്ദ്രനെ കണ്ട് വേണമുറങ്ങാൻ. അതിനിനിയും ഒരുപാട് സമയമുണ്ട്. അത് വരെ ഞാൻ എന്നത്തെയും പോലെ ഓർമകളിൽ മുങ്ങിത്താഴട്ടെ. എന്നും അങ്ങനെയാണ്. ഓർമകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി മരിക്കാറാവുമ്പോളാവും ചന്ദ്രൻ വന്ന് കൈപിടിച്ചുയർത്തുക. ഇന്നലെ രാത്രി ചന്ദ്രൻ വന്നത് മങ്ങിയ മഞ്ഞനിറമുള്ള കുപ്പായമിട്ട് ഒരു തേങ്ങാപ്പൂളിന്റെ രൂപത്തിലാണ്. അവന് നേരിയ തിളക്കമുണ്ടായിരുന്നു. ഇന്നലെ അവനെ കണ്ടപ്പോൾ ഓർമ വന്നതൊരു പാതിരായാത്രയായിരുന്നു. ജീവൻ വെടിഞ്ഞ ഒരു ശരീരത്തിന് കൂട്ടായി ഏകദേശം അതേ സമയത്ത് നടത്തിയ ഒരു യാത്ര. അന്ന് വഴിയിൽ ചെറുതായി മഴ പൊടിഞ്ഞിരുന്നു. അന്ന് മരങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനത്തെ പിന്തുടർന്നു വന്ന ചന്ദ്രനെ ഇലകൾക്കിടയിലൂടെ നോക്കി നിന്നിരുന്നു ഞാൻ. പിന്നെ എപ്പോഴൊക്കെയോ ഇങ്ങനെ ചില രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ജനലിനു പുറത്ത് എനിക്ക് കൂട്ടിരിക്കാൻ ചന്ദ്രനുണ്ടാകുമായിരുന്നു. കുട്ടിക്കാലത്ത് എന്റെ വിചാരം ഈ ചന്ദ്രന് ഭയങ്കര പ്രായമുണ്ടെന്നായിരുന്നു. അത് കൊണ്ട് ഞാനവനെ അമ്പിളിമാമനെന്ന് വിളിച്ചു. ഇന്ന്, ഞാൻ വൃദ്ധയായി. അത് കൊണ്ട് എനിക്കവനെ ധൈര്യമായി പേര് വിളിക്കാം. അവൻ നിത്യയൗവ്വനത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുമ്പോൾ ഞാൻ ദിവസം കഴിയും തോറും വാർദ്ധക്ക്യത്തിന്റെ പിടിയിലമർന്നുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങളിപ്പോൾ സമപ്രായക്കാരായി. ഇനി എന്റെ ശരീരം മണ്ണിലേക്ക് മടങ്ങും. അപ്പോളും അവൻ അവിടെ തന്നെ ഇരിക്കുന്നുണ്ടാവും. 

ഇന്നെന്തോ എനിക്ക് മോനൂട്ടിയെ ഓർമ വന്നു. മോനൂട്ടി ഹരിയാണക്കാരിയാണ്. എന്നേക്കാൾ ഏഴോ എട്ടോ വയസ്സിനിളയത്. ആദ്യമായി ഞാനവളെ കാണുന്നത് ചെന്നൈയിൽ വെച്ചാണ്. അന്നവൾക്ക് മൂന്ന് വയസ്സാവുന്നേ ഉള്ളൂ.  ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ കൂടെയായിരുന്നു അവളെപ്പോളും. ഒന്നിച്ച് കളിക്കും, പഠിക്കും, സ്കൂളിൽ പോകുന്നതും വരുന്നതും വരെ ഒരുമിച്ച്. ക്വാർട്ടേർസുകൾക്കിടയിലൂടെ ഞങ്ങൾ ഓടിക്കളിക്കും, ഒളിച്ച് കളിക്കും, നാരങ്ങാപ്പാലും അക്കുത്തിക്കുവും എല്ലാം കളിക്കും. സന്തോഷകരമായ നാല് വർഷങ്ങൾ. ആ വർഷങ്ങൾക്ക് തിളക്കം കൂട്ടിയതെന്റെ മോനൂട്ടിയായിരുന്നു. എങ്കിലും മോനൂട്ടിയെ ഓർക്കുമ്പോൾ ഇന്നുമെന്റെയുള്ളിലെവിടെയോ ഒരു വേദന തളം കെട്ടി നിൽക്കുന്നു. 

ഒരു ദിവസം മോനൂട്ടിയും ഞാനും ഓടിക്കളിക്കുകയായിരുന്നു. അവൾ എന്നെ പിടിക്കാൻ വേണ്ടി ഓടി വന്നു. ഞാനൊരു വാതിലിനു പിന്നിലേക്ക് പെട്ടന്ന് തിരിഞ്ഞു. എന്റെ പിന്നാലെ ഓടി വന്ന മോനൂട്ടി അവിടെയുണ്ടായിരുന്ന ചവിട്ടിയിൽ കാൽ തടഞ്ഞ് വാതിലിന്റെ മൂലയ്ക്ക് പോയി തലയിടിച്ച് വീണു. വാതിലിനു ചുവട്ടിൽ ഒരു ആണി പുറത്തേക്ക് തള്ളിയ നിലയിൽ കിടപ്പുണ്ടായിരുന്നു. അതിലാണവളുടെ തലയിടിച്ചത്. ആ മുറിവ് തുന്നിക്കെട്ടിയാണ് നേരെയാക്കിയത്. അമ്മ എപ്പോളുമെന്നോട് പറയുമായിരുന്നു, ആ വഴിക്ക് ഓടി കളിക്കണ്ട എന്ന്. പക്ഷെ ഞാൻ കേട്ടില്ല. അന്ന് അമ്മ പറഞ്ഞതനുസരിച്ചിരുന്നെങ്കിൽ എന്റെ മോനൂട്ടിക്ക് ഒന്നും പറ്റില്ലായിരുന്നു. തലയിലെ മുറിവുണങ്ങി അടുത്ത ദിവസം തന്നെ അവളെ എന്റെ കൂടെ കളിക്കാനയച്ചത് അവളുടെ അമ്മ തന്നെയായിരുന്നു. 

പിന്നീട് ഞങ്ങൾ ചെന്നൈ വിട്ട് നാട്ടിലേക്ക് വന്നു, മോനൂട്ടിയും അവളുടെ അച്ഛനുമമ്മയും അവരുടെ നാട്ടിലേക്കും പോയി. വല്ലപ്പോളും വരുന്ന ഫോൺകോളുകളിലൂടെയും കത്തുകളിലൂടെയും ഞങ്ങളുടെ സൗഹൃദം അങ്ങനെ വളർന്നു വന്നു. അവൾക്കൊരനുജനുണ്ടായതറിഞ്ഞ് ഞങ്ങൾ ഒരിക്കൽ അങ്ങ് ഹരിയാണയിലെ കർണാൽ എന്ന സ്ഥലത്ത് അവരെ കാണാൻ പോയി, മോനൂട്ടിക്കും വാവയ്ക്കും പുതിയ ഉടുപ്പൊക്കെ വാങ്ങിച്ച്... അന്നവിടെ ചെന്നപ്പോൾ മനസ്സിലായി, നാല് വർഷം കഴിഞ്ഞിട്ടും മോനൂട്ടി ഞങ്ങളെയാരെയും മറന്നിട്ടില്ലെന്ന്. അന്ന് ഒത്തിരി സന്തോഷം തോന്നി. ഞങ്ങൾ അവരുടെ വീട്ടിൽ ഒരു ദിവസം താമസിച്ചു. വൈകുന്നേരം പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ മോനൂട്ടിയുടെ മുടി ഞാൻ  തന്നെയാണ് കെട്ടിക്കൊടുത്തത്. അപ്പോൾ കണ്ടു, പണ്ട് വീണതിന്റെ പാട്. എന്റെ ശബ്ദം പുറത്ത് വന്നില്ല. ഉള്ളിലെന്തോ വലിഞ്ഞു മുറുകുന്നത് പോലെ...

കുറ്റബോധമങ്ങനെയാണ്. അർബുദം പോലെ അത് നമ്മെ കാർന്നു തിന്നും. ഉള്ളിൽ കിടന്ന് വേദന തീറ്റിക്കും, അവസാന ശ്വാസം വരെ. ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ലഭിച്ചാലും മനസാക്ഷി മാപ്പ് നൽകാത്തിടത്തോളം ആ നോവ് ഉള്ളിൽ എവിടെയോ നിന്ന് ഇടയ്ക്കിടെ കുത്തിനോവിക്കും...

അങ്ങനെ അറിഞ്ഞോ അറിയാതെയോ എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാവാം. അറിയില്ല. മാപ്പ് ചോദിക്കാനാവണമെങ്കിൽ ആദ്യം അതിനുള അർഹത നേടണം. ചോദിക്കാതെ മാപ്പ് നൽകിയവർ എത്രയോ പേർ. അവരെ ഇനിയെങ്കിലും നോവിക്കാതിരിക്കാൻ കഴിയട്ടെ. ശപിച്ചുകൊണ്ടീ ജീവിതത്തിൽ നിന്നുമിറങ്ങിപ്പോയവർക്ക് നന്മയുണ്ടാവട്ടെ. ശപിക്കാനും അനുഗ്രഹിക്കാനും ഞാനാര്? ഒരാഗ്രഹം മാത്രമുണ്ടിനി ബാക്കി. എന്നിൽ നിന്നും ആരിലും നോവ് പടരാതിരിക്കണം, ആരുടെയും കണ്ണുനീരിന് ഞാൻ കാരണമല്ലാതിരിക്കണം. ഉള്ള് ചുരണ്ടിയെടുക്കുന്ന വേദനകൾ തിന്നാൻ ഇനി എനിക്ക് വയ്യ...

ആകാശമിപ്പോളും ശൂന്യം. അല്ല, സത്യത്തിലവിടം ശൂന്യമല്ല. ഈ കണ്ണുകളിൽ ആ കാഴ്ച്ചകളൊന്നും ഞാൻ കാണുന്നില്ലെന്ന് മാത്രം. പലപ്പോളും ജീവിതവും ഇത് പോലെ തന്നെയാണല്ലേ? നാം കണ്ടില്ലെന്ന ഒറ്റ കാരണത്താൽ പലതുമവിടെ ഇല്ലെന്ന് കരുതും നമ്മൾ. അങ്ങനെ കാണാത്ത കാഴ്ച്ചകളുടെ കൂട്ടത്തിൽ ചിലപ്പോൾ ചില വ്യക്തികളാവാം, ചില ചിന്തകളുടെ ആവിഷ്ക്കാരമാവാം, പുതിയ ഭാവങ്ങളാവാം. ചില കാഴ്ച്ചകൾ സൗകര്യപൂർവ്വം നാം മറക്കുന്നു, കാണാതിരിക്കുന്നു, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു. അതും ഒരു തരത്തിൽ പറഞ്ഞാൽ വേദനയാണ്. കാണേണ്ടെന്ന് വയ്ക്കുന്നവരുടെയും ഒരിക്കലുമാരുടെയും കാഴ്ച്ചയിൽ പെടാത്തവരുടെയും... ഞാനും ഈ കണ്ണുകൾ മൂടിക്കെട്ടിയിരിക്കാം, ആരെയും കണ്ടില്ലെന്ന് നടിച്ചിരിക്കാം, പലപ്പോളും ആരാലും കാണപ്പെടാതെ ഇങ്ങനെ കഴിഞ്ഞുകൂടിയിരിക്കാം. ആരാലും കാണപ്പെടാതെ ജീവിക്കുക എന്നത് വല്ലാത്തൊരനുഭവമാണ്. നമുക്കെല്ലാം കാണാം, എന്നാൽ നമ്മളെ ആരും കാണുന്നില്ല എന്നത് പോലെയാണത്. ഒരു തരത്തിൽ പറഞ്ഞാൽ, ശരീരമുപേക്ഷിച്ച് ആത്മാവ് ഇവിടെ തന്നെ കറങ്ങുന്നത് പോലെ. ആദ്യമതൊന്നും മനസ്സിലാവാതെ വിഡ്ഢികളായി നമ്മളിരിക്കും. പിന്നെ അതുക്കെ ഒറ്റയ്ക്കാകുന്നതിന്റെ വേദനയറിയും. ഏകാന്തത നമ്മെ കാർന്നു തിന്നും. അപ്പോൾ അഭയം തേടാൻ അത്യാവശ്യമായി ഒരിടം വേണമെന്ന് കരുതി എത്തിപ്പെടുന്നതൊടുവിൽ അപകടത്തിലേക്കാവും. അല്ലെങ്കിലും തനിച്ചാകുന്നവരെ അപകടപ്പെടുത്താൻ എളുപ്പമാണല്ലോ... 

തനിച്ചാകുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഓർത്തതെന്റെ കുട്ടിക്കാലത്തെ കുറിച്ചാണ്. നഗരത്തിലെ വീട്ടിൽ തനിച്ചായിരുന്നു ഞാനന്ന്. അന്നായിരുന്നു ഒറ്റയ്ക്കായിപ്പോകുന്നതിന്റെ വേദന ആദ്യമായറിയുന്നത്. ആ ഏകാന്തതയെന്നെ ഭ്രാന്തിയാക്കുമായിരുന്നു, അന്ന് കുറേ കൂട്ടുകാരെ  കിട്ടിയില്ലായിരുന്നുവെങ്കിൽ. ആരൊക്കെയായിരുന്നു എന്റെ കൂട്ടുകാരെന്നറിയാമോ? വേണ്ട. പറഞ്ഞാൽ നിങ്ങളൊക്കെ ചിരിക്കും. അല്ലെങ്കിൽ വേണ്ട. ഞാൻ പറയാം, പക്ഷെ ആരോടും പറയല്ലേ... അന്ന് എന്റെ കൂട്ടുകാർ കപീഷും മാജിക്ക് മാലുവും മായാവിയും സൂത്രനും ശേരുവും സൈലന്റ് വാലനും നമ്പോലനും നസിറുദ്ദീൻ ഹോജയുമൊക്കെയായിരുന്നു. വീട്ടിനടുത്തുള്ള വായനാശാലയിൽ വന്നിരുന്ന എല്ലാ ബാലപ്രസിദ്ധീകരണങ്ങളും ഞാനന്ന് വായിച്ചിരുന്നു. അതും പോരാഞ്ഞ് അവിടുത്തെ ബാലസാഹിത്യങ്ങളൊക്കെ തപ്പിപ്പിടിച്ച് അതിലെ കഥാപാത്രങ്ങളുമായി ഞാൻ കൂട്ടുകൂടി നടന്നു. അങ്ങനെ എനിക്ക് എണ്ണിയാലൊടുങ്ങാത്ത കൂട്ടുകാരുണ്ടായി. എന്നോട് ഒരിക്കലും തല്ല് കൂടാത്ത, എന്റെ സ്വപ്നങ്ങളിൽ വന്ന് എന്നോട് കിന്നാരം പറഞ്ഞിരുന്ന എന്റെ കൂട്ടുകാർ...

ഏകാന്തതയെ കുറിച്ചൊരിക്കൽ വല്ലാതെ വാചാലയായപ്പോൾ ഒരു പഴയ സുഹൃത്ത് പറഞ്ഞു തന്നു, അതല്ല ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന്. ഒരു നേരത്തെ ആഹാരം പോലുമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, തലചായ്ക്കാനൊരിടമില്ലാതെ കഴിയുന്ന എത്രയോ പേരുണ്ടീ ലോകത്ത്. ശരിയാണ്. മറ്റുള്ളവരുടെ വലിയ ദുഃഖങ്ങൾക്ക് മുന്നിൽ എന്റെ കൊച്ചു കൊച്ചു സങ്കടങ്ങൾ ഒന്നുമല്ല. ആ സുഹൃത്തിന്റെ വാക്കുകളാണ് കുറച്ചുകൂടി വിശാലമായ കണ്ണുകളിലൂടെ ഈ ലോകത്തെ നോക്കിക്കാണാൻ പ്രചോദനമായത്. 

സമയമിപ്പോൾ ഒരുപാട് വൈകി. സൂര്യനുദിക്കാനിനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഓരോന്ന് ചിന്തിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല. ചന്ദ്രനെ ഇത് വരെ മേഘങ്ങൾ കാണിക്കാൻ കൂട്ടാക്കിയില്ല. എങ്കിലും അവനവിടെയുണ്ടെന്നെനിക്കറിയാം. എന്താകുമെന്നറിയാത്ത നാളെയെ കുറിച്ച് ഞാനെന്ത് പറയും? അറിയില്ല. എന്റെ ചുറ്റുമുള്ളവർ ഉറക്കത്തിൽ ശ്വാസം കഴിക്കുന്നതിന്റെ താളമെനിക്ക് കേൾക്കാം. ഉറക്കത്തിൽ ചിലപ്പോൾ അവർ സ്വപ്നങ്ങൾ കാണുന്നുണ്ടാവണം. 

ഇന്നത്തെ തെറ്റുകൾ നാളെ ആവർത്തിക്കാതിരിക്കട്ടെ...
ഇന്നിന്റെ ഒറ്റപ്പെടൽ നാളേയ്ക്കലിഞ്ഞില്ലാതാവട്ടെ...
നിദ്രാദേവി കനിയുമെങ്കിലീ കണ്ണുകളടച്ചൊന്നുറങ്ങട്ടെ...