Thursday 24 November 2016

കുഞ്ഞൂസ്



24/11/2016

ഇന്ന് കുഞ്ഞൂസിന്‍റെ ചരമവാര്‍ഷികമാണ്.

 അവള്‍ മരിച്ച ദിവസം.

എത്ര പത്രത്താളുകളില്‍ വാര്‍ത്ത വരുമെന്നറിയില്ല. ഒരു വര്‍ഷം മുന്‍പ് അവര്‍ കൂട്ടത്തോടെ ആഘോഷിച്ച ഒരു സെന്‍സേഷണല്‍ ന്യൂസിലെ കഥാനായിക. "ലജ്ജിക്കുക കേരളമേ.. ലജ്ജിക്കുക മാനവരേ.." എന്നൊക്കെയുള്ള തലക്കെട്ടിനു കീഴില്‍ അവളുടെ കദനകഥ പ്രസിദ്ധീകരിച്ചു സര്‍ക്കുലേഷന്‍ കൂട്ടി എല്ലാവരും. ബ്രേക്കിംഗ് ന്യൂസുകള്‍ ചീറ്റി കൊണ്ട് ചാനലുകളും രംഗത്ത് വന്നു. മാഗസിനുകളില്‍ പ്രത്യേക "കവര്‍ സ്റ്റോറി"യും പ്രശസ്തരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിവിധ സര്‍വ്വേ റിസള്‍ട്ടുകളും ഒക്കെയായി പൊടിച്ചു എല്ലാവരും. എന്നിട്ടൊടുവില്‍ മാസങ്ങള്‍ക്ക് ശേഷം അവള്‍ ഈ ദിവസം വിട പറഞ്ഞപ്പോള്‍ ഈറനണിയിക്കുന്ന വരികള്‍ ആദ്യ പേജിലും ചാനലുകളിലും നിറഞ്ഞു.

ഓ... ഒരു കാര്യം മറന്നു - ഒരു ചെറിയ തിരുത്ത്.

ഇന്നവള്‍ മരിച്ച ദിവസമല്ല. അവളുടെ ഉള്ളില്‍ യാന്ത്രികമായി മിടിക്കുന്ന ഹൃദയതാളം ഞാന്‍ മനപ്പൂര്‍വ്വം നിര്‍ത്തലാക്കിയ ദിവസമായിരുന്നു അന്ന്.

സത്യമായും ഞാനല്ല അവളെ കൊന്നത്. അത് അയാളായിരുന്നു. അവളുടെ പിഞ്ചു മനസ്സിനെയും ശരീരത്തെയും കൊത്തിക്കീറിയ അയാള്‍.

അര്‍ദ്ധപ്രാണയായി കിടന്നിരുന്ന അവളിലെ അവശേഷിക്കുന്ന എന്തൊക്കെയോ ലാബുകളിലേയ്ക്കയച്ചു കൊടുത്ത് അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയും ജീവനെങ്കിലും തിരിച്ചു കിട്ടാനെങ്കിലും പരിശ്രമിച്ച എന്‍റെ മാസങ്ങളുടെ അദ്ധ്വാനം പാഴാക്കി കൊണ്ട് കോടതി വിധി വന്നപ്പോള്‍, അയാളെ നിസ്സാര ശിക്ഷ നല്‍കി വിട്ടയച്ചപ്പോള്‍... എന്നാണ് ഞാന്‍ തീരുമാനിച്ചത് ഈ ലോകത്തില്‍ ഇനി അവള്‍ ജീവനോടെ തിരിച്ചു വരേണ്ട എന്ന്.

ഇനിയും ആക്രമിക്കപ്പെടും എന്ന ഭീതിയില്‍ ജീവിച്ച്, ഒടുവില്‍ തനിക്ക് നേരെ നടക്കുന്ന ഹിംസകള്‍ക്ക് സ്വയം കുറ്റപ്പെടുത്തപ്പെട്ട് ജീവിക്കാന്‍ അവളുടെ ഹൃദയമിനി മിടിക്കേണ്ടതില്ല എന്ന്.

അവള്‍ക്ക് നേരെ വരുന്ന കഴുകന്‍ കണ്ണുകള്‍ക്കും കൂര്‍ത്ത കരങ്ങള്‍ക്കും കാരണം അവളുടെ ശരീരത്തിലെ തുടുപ്പും മുഴുപ്പും അവളുടെ വസ്ത്രങ്ങളും, അസമയത്ത് അവള്‍ പുറത്തിറങ്ങിയത് കൊണ്ടും ഒക്കെ ആണെന്ന് പറഞ്ഞു സമൂഹം അവളെ വെറുമൊരു കാഴ്ച്ചവസ്തുവായി കാണാന്‍ തുടങ്ങുന്നിടത്ത്, തിരിച്ചറിവ് ഉണ്ടാവുന്ന കാലത്തിനും മുന്നേ തനിക്ക് സംഭവിച്ചത് തന്‍റെ മാത്രം കുറ്റം കൊണ്ടാണെന്ന് ആരെങ്കിലും അവളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിനും മുന്‍പ് ആ ഹൃദയ മിടിപ്പുകള്‍ നിലച്ചു പോയ്ക്കോട്ടെ.

തന്‍റെചുറ്റിലും തീര്‍ത്ത വന്മതിലുകള്‍ക്കുള്ളില്‍ പോലും താന്‍ സുരക്ഷിതയല്ല എന്ന തിരിച്ചറിവ് ഉണ്ടാകും മുന്‍പ് അവള്‍ രക്ഷപ്പെട്ടോട്ടെ..

ഞാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല യുവര്‍ ഓണര്‍...

ഒരു മനുഷ്യനും കൂടിയാണ്...

അത് കൊണ്ടാണ് ഞാന്‍....

Monday 21 November 2016

കത്ത്

 
 
ഇന്ന് പറയാനുള്ളത് കത്തുകളെ കുറിച്ചാണ്. 
 
 ഓര്‍മയുണ്ടോ? 
 
ലാന്‍ഡ്‌ഫോണിന്‍റെ ആദ്യകാലത്ത്, മൊബൈല്‍ ഫോണ്‍ ഉപയോഗം സജീവമാകുന്നതിന് മുന്‍പ് ഒരു വിവരമറിയിക്കാന്‍ ഇന്‍ലന്റിലോ പോസ്റ്റ്‌ കാര്‍ഡിലോ, അല്ലെങ്കില്‍ വെള്ള പേപ്പറിലോ എഴുതി സ്ടാമ്പ് ഒട്ടിച്ച് അയച്ചു കഴിഞ്ഞ്, മറുപടിയുമായി പോസ്റ്റ്മാന്‍ വരുന്നതിനു വേണ്ടി കാത്തിരുന്ന ഒരു കാലം? 
 
വൈകിവന്നിരുന്ന വാര്‍ത്തകള്‍ക്ക് പോലും കാത്തിരിപ്പിന്‍റെ സുഖം നല്‍കിയിരുന്ന കത്തുകള്‍.. 
 
അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, പ്രണയിതാവിന്.. അങ്ങനെ എത്രയെത്ര കത്തുകള്‍!!! 
 
കത്തുകളുടെ ഇടയില്‍ വളര്‍ന്നു വന്നത് കൊണ്ടും, പണ്ട് പലരും അയച്ച കത്തുകള്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നത് കൊണ്ടും ഒക്കെ ആവും എന്‍റെ ഓര്‍മകള്‍ക്ക് വല്ലാത്ത തെളിച്ചം. അത് കൊണ്ട് തന്നെയാവാം കൗമാരത്തില്‍ നീണ്ട പ്രണയലേഖനങ്ങള്‍ അയക്കാന്‍ അവസരം കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത്. പക്ഷെ എനിക്കൊരിക്കല്‍ മാത്രമേ പ്രണയലേഖനം എഴുതാന്‍ അവസരം കിട്ടിയുള്ളൂ - പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മലയാളി കൂട്ടായ്മ്മ നടത്തിയ പ്രണയ ലേഖന മത്സരത്തില്‍. 
 
അന്നത്തേത് അവസാനത്തെ കത്തെഴുത്താവും എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ വീണ്ടും എഴുതേണ്ടി വന്നു. മത്സരങ്ങല്‍ക്കല്ല. നീണ്ട വെള്ള പേപ്പറില്‍ രണ്ടു തവണ. ഭ്രാന്തമായ ചിന്തകളും വികാരങ്ങളും ഭാവങ്ങളും സംസാരത്തിലോ മുഖഭാവത്തിലോ കാണിക്കാന്‍ പരാജയപ്പെടുന്നിടത്ത് പറഞ്ഞു ഫലിപ്പിക്കാന്‍, ചിന്തകള്‍ വ്യക്തമായി കൈമാറാന്‍ കഴിയാന്‍ വേണ്ടി ഒരു പ്രിയ സുഹൃത്തിന് അയച്ച രണ്ടു കത്തുകള്‍ - കഴിഞ്ഞ വര്‍ഷം ഏകദേശം ഇതേ സമയം. 
 
 അന്ന് ജീവിതത്തിലെ പല ഏടുകള്‍ക്കും അര്‍ത്ഥമില്ലാതെ വന്നപ്പോള്‍, ജീവിതം നമുക്കായ് കരുതി വെച്ചിരിക്കുന്ന ആ പാത കണ്ട് വിറങ്ങലിച്ചു നിന്ന സമയത്ത്, സംശയങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒക്കെ ഒരു തെളിച്ചം വരാന്‍ അയച്ച രണ്ടു കത്തുകള്‍. എഴുത്ത് എന്ന സ്വപ്നം കണ്ടിരുന്ന ഒരു പൊട്ടിപെണ്ണിന്‍റെ തോന്നലുകള്‍... 
 
ഇന്ന് വീണ്ടും മുന്നോട്ടു പോകാന്‍ കഴിയാതെ, അതിവേഗം പായുന്ന ലോകത്തെ നോക്കി പകച്ചു നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി അന്ന് കിട്ടിയ മറുപടി കണ്ണുകളില്‍ ഉടക്കി നിന്നു. 
 
അന്ന് ആ മറുപടി ഒരു ബസ്സിലിരുന്ന് വായിച്ചു കൊണ്ടിരുന്നപ്പോള്‍ മഴയും മഴവില്ലും ഒപ്പം സഞ്ചരിച്ചിരുന്നു. 
 
ഇന്നും ആ മറുപടിയില്‍, ആ കൈപ്പടയില്‍ ഞാന്‍ അതേ മഴ നനയുന്നുണ്ട്, ആ മഴവില്ല് കാണുന്നുണ്ട്..
 
എത്രയോ ജന്മത്തിന്റെ പുണ്യമാണ് ചില സൗഹൃദങ്ങള്‍ക്ക് നമ്മെ അര്‍ഹരാക്കുന്നത്. 
 
കാലമേ നന്ദി. 
 
ആയിരം വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ ഒരിറ്റ് മൗനം.. 
 
കാലത്തിനു മുന്നില്‍ ജീവന്‍റെ സാഷ്ടാംഗം... 
 

Wednesday 13 July 2016

ശതാഭിഷേകക്കുറിപ്പ്‌ - രാംദാസ് കാര്യാല്‍


 ജൂലൈ 10, 2016

ശതാഭിഷിക്തനാവുക എന്നത് അങ്ങനെ എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല. അതും ആയൂരാരോഗ്യസൗഖ്യത്തോട്‌ കൂടി എന്ന് പറയുമ്പോള്‍ പ്രത്യേകിച്ചും. 

ഇന്നലെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വെച്ച് ദാസന്‍ വല്ല്യച്ഛന്റെ ശതാഭിഷേകം ആഘോഷിക്കുന്ന ചടങ്ങില്‍ പോയിരുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ സ്നേഹത്തിന് മുന്നില്‍ നിന്ന് കേക്ക് മുറിച്ചും സ്നേഹം പങ്കു വെച്ചും ചടങ്ങ് കഴിഞ്ഞു.

സ്റ്റേജില്‍ കയറി ദാസന്‍ വല്ല്യച്ചനെ കുറിച്ച് സംസാരിക്കാന്‍ മകന്‍ ഷാജൂണ്‍ ചേട്ടന്‍ സദസ്സിലുള്ളവരെ ക്ഷണിച്ചപ്പോള്‍ ഒരു നിമിഷം ആലോചിച്ചു - വല്ലതും പോയി പറയണോ? അപ്പോള്‍ തന്നെ തീരുമാനിച്ചു - വേണ്ടെന്ന്‌. 

എന്‍റെ ഈ ചെറിയ പ്രായത്തിനിടയ്ക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ കാല്‍ ഭാഗം പോലും അറിയാതെ ഞാന്‍ എന്ത് പറയാനാണ്?

കാര്യാല്‍ രാംദാസ്.

ദാസന്‍ വല്യച്ചന്‍.

കുട്ടിക്കാലത്തേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ വലിയ വീട്ടില്‍ പോകുന്നത് വല്ല്യമ്മയെ കാണാനായിരുന്നു - ദാസന്‍ വല്ല്യച്ഛന്റെ ഒക്കെ അമ്മയെ.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ തലമുറയിലെ എല്ലാവരും പോയപ്പോള്‍ ദാസന്‍ വല്യച്ചന്‍ ആയി തറവാട്ടിലെ കാരണവര്‍ സ്ഥാനത്ത്.

അച്ഛന്‍റെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍, പ്രായത്തെ വെല്ലുന്ന പ്രൌഡി.. എല്ലാം കൊണ്ടും ദാസന്‍ വല്ല്യച്ചനില്‍ നിന്നും എന്നും ബഹുമാനസൂചകമായി ഒരകലം സൂക്ഷിക്കാന്‍ ഞാന്‍ പണ്ടേ ശ്രമിച്ചിരുന്നു. എങ്കിലും എല്ലാ തവണയും നേരില്‍ കാണുമ്പോഴും തന്‍റെ സരസമായ സംസാരവും ജനറേഷന്‍ ഗ്യാപ്പിനെ വക വയ്ക്കാത്ത പെരുമാറ്റവും കാരണം അകലങ്ങള്‍ കുറയ്ക്കാന്‍ എന്നും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ വേണം പറയാന്‍. 

അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, പുതുതായി എന്തെങ്കിലും അനുഭവം ഉണ്ടായാല്‍ അത് വളരെ രസകരമായി പറയാന്‍ ദാസന്‍ വല്യച്ചന് ഒരു പ്രത്യേക കഴിവാണ് എന്ന്. പണ്ടെപ്പോഴോ ദാസന്‍ വല്യച്ചന്‍ ശബരിമലയ്ക്ക് പോയ അനുഭവം വിവരിച്ചതിന്റെ ആവേശത്തിലാണ് അച്ഛന്‍ ആദ്യായി മല ചവിട്ടാന്‍ തയ്യാറെടുത്തത് എന്ന് - ആ ആഗ്രഹം സാധിക്കാന്‍ പിന്നീട് പത്തിരുപത് കൊല്ലം കാത്തിരിക്കേണ്ടി വന്നിട്ടും ആ വാക്കുകളില്‍ നിന്നും ഉള്‍ക്കൊണ്ട ആവേശം അന്നും തണുത്തിരുന്നില്ലത്രേ.!!

അത് പോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. സാധാരണയായി മക്കളെ ഡോക്റ്ററും എന്‍ജിനീയറും ഒക്കെ ആക്കാന്‍ തിടുക്കപ്പെടുന്ന സാധാരണക്കാര്‍ക്കിടയില്‍ വ്യത്യസ്തമായ സ്വപ്നം കാണുന്ന മക്കളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന കാലത്ത് പോലും സിനിമ പോലെ ഒരു രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഷാജൂണ്‍ ചേട്ടന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ എല്ലാ പ്രോത്സാഹനവും നല്‍കാന്‍ കഴിഞ്ഞു എന്നത് തന്നെയാവാം ഇന്ന് മാക്ടയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വരെ അദ്ദേഹത്തെ എത്തിച്ചത്.

ഒരു നീണ്ട ജീവിതം എന്നും ഉയര്‍ച്ചതാഴ്ച്ചകള്‍ ഉള്ളതായിരിക്കും. അതിലൊക്കെ കരുത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിയുകയും എന്ത് കാര്യത്തിലും ഉള്ള നേതൃപാടവവും ഒക്കെ അദ്ദേഹത്തെ എന്നും ഗുരുസ്ഥാനത്ത് നിര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായിരിക്കും. 

എങ്കിലും നികത്താനാവാത്ത ചില നഷ്ടങ്ങള്‍ എല്ലാ ജീവിതത്തിലും എന്ന പോലെ അദ്ദേഹത്തിന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അനുജന്‍ ഉണ്ണികൃഷ്ണന്‍റെ തണുത്ത ശരീരത്തിനരികെ നില്‍ക്കുമ്പോള്‍ ഒരു നിമിഷം മുന്‍പെങ്ങും കാണാത്ത ഒരു ദൈന്യത ആദ്യമായി ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. വടിയില്‍ പിടിച്ചിരുന്ന കൈ ഒന്ന് വിറച്ചുവെന്നും ശക്തി ക്ഷയിച്ച് അദ്ദേഹം തളര്‍ന്നു വീഴുമെന്നും ഞാന്‍ ആ നില്പ് കണ്ടു ഭയന്നിരുന്നു. എങ്കിലും വികാരങ്ങളുടെ, ഓര്‍മകളുടെ വേലിയേറ്റത്തെ അടക്കി നിര്‍ത്തി അന്നും അദ്ദേഹം ശക്തി ചോരാതെ നിന്നത് ഇന്നും മനസ്സില്‍ നിന്നും മായാത്ത ഒരു കാഴ്ചയാണ്. 

ശതാഭിഷിക്തനായ അദ്ദേഹത്തിന് താന്‍ കണ്ട ആയിരം പൂര്‍ണ്ണചന്ദ്രന്മാരുടെ തേജസ്സും സൂര്യന്‍റെ പ്രൌഡിയും ഇനിയും ജീവിതത്തില്‍ നേരുന്നു. ഒപ്പം, സ്നേഹം വറ്റാതെ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം, ഞങ്ങള്‍ക്കൊക്കെയും എന്നും മാര്‍ഗ്ഗദീപമാകാനും ഇനിയും ഒത്തിരി കാലം കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു...


Thursday 16 June 2016

പദയാത്ര




എനിക്ക് നടക്കണം,
ഇരുവശവും മരങ്ങൾ
തിങ്ങിനിറഞ്ഞ വഴിയിലൂടെ.

ആ മരങ്ങൾക്കുള്ളിൽ
എന്നിലേക്കെത്താനാവാത്ത
വന്യ മൃഗങ്ങളുടെ മുരൾച്ചയ്ക്കായ്
കാതോർത്തു കൊണ്ട്,
അവയെന്നെ കടിച്ചു കീറാനൊരുമ്പെടുമെന്ന്
ഒരിക്കൽ പോലുമോർത്ത് ഭയപ്പെടാതെ,
മുന്നോട്ട് നടക്കണമെനിക്ക്.

അകലേയ്ക്ക് നീളുന്ന വഴിയിലൂടെ
ഒന്നുമോർക്കാതെയോടണം.
അവിടെയെന്നെയും കാത്തൊരു 
കുഞ്ഞുവെളിച്ചമുണ്ടായിരിക്കണം..

കാലിലെ കൊലുസ്സിൽ നിന്നൂർന്നു വീഴുന്ന
മണികൾ പെറുക്കിയെടുക്കാൻ മിനക്കെടാതെ,
അവയ്ക്കൊപ്പമെന്റെ ഭൂതകാലവും
കളഞ്ഞു പോയെങ്കിലെന്നാശിച്ച്
അകലേയ്ക്കോടി മറയണം.

ആരെയും ഓർക്കാതെ,
ആർക്കും പിടികൊടുക്കാതെ..

ഒറ്റയ്ക്ക് കരഞ്ഞു തീർത്ത
എന്റെ ബാല്യത്തെ ഓർക്കാതെ
വെറുതെ,
അന്തമില്ലാതെ, ബോധമില്ലാതെ
അകലേയ്ക്കോടി മറയണം.

ശരീരം പിച്ചിച്ചീന്തിയ
മനുഷ്യ മൃഗങ്ങളവശേഷിപ്പിച്ച
മുറിപ്പാടുകളിൽ
കാടിന്റെ മണമുള്ള കാറ്റെനിക്ക്
മരുന്ന് വെച്ച് തരുമായിരിക്കണം.

അതിലേറെ,
വാക്കുകളാൽ മുറിവേൽപ്പിക്കപ്പെട്ട
മനസ്സിന് മരുന്ന് തേടിയലയണം.

ഗതിതെറ്റാനാവാതെ കടലിലേയ്ക്ക്
പായേണ്ടി വരുന്ന ഏതോ ഒരു പുഴയുടെ
നിലവിളികൾക്ക് കാതോർത്തു കൊണ്ട്,
തന്റെ ചുടുചോര മുഴുവനും
കടലിലേയ്ക്കൊഴുക്കി ആത്മഹത്യ ചെയ്യുന്ന
സൂര്യനെ തടയാനെന്ന വണ്ണം
കാറ്റിന്റെ വേഗത്തിൽ ഓടി മറയണമെനിയ്ക്ക്..

എന്നോ പുരട്ടിയ മൈലാഞ്ചിതൻ ചുവപ്പ്
മായാത്ത നഖങ്ങളെല്ലാം വെട്ടിക്കളഞ്ഞ്
വന്യ മൃഗങ്ങൾക്കെറിഞ്ഞു കൊടുക്കണം.

അത് കഴിച്ച് മുറിയുന്ന അവരുടെ
കുടൽ മാലയിൽ നിന്നും ഒഴുകുന്ന
ചുടുരക്തം കണ്ട്
ഭ്രാന്തമായ് പൊട്ടിച്ചിരിക്കണം...

മരങ്ങൾക്കിടയിലൂടിഴഞ്ഞു വരുന്ന
സർപ്പങ്ങളെ ചവിട്ടാതെ ,
അവയിൽ നിന്നും വിഷമേറ്റ് വാങ്ങാതെ
മുന്നോട്ട് നടക്കണം.

അകലെയെവിടെയോ ഒരു
വെളിച്ചമെന്നെ കാത്തു നിൽപ്പുണ്ടെന്ന
വ്യർത്ഥസ്വപ്നക്കുമിള ഉടഞ്ഞുപോകാതെ
സൂക്ഷിച്ച് ഓടണമെനിക്ക്.

തിരിഞ്ഞു നോക്കാതെ, ആരെയും
പിന്തുടരാനനുവദിക്കാതെ,
തളർന്നാലും കുഴഞ്ഞാലും
നിൽക്കാതെയോടണം..

പതിഞ്ഞ കാലടികളുമായെന്നെ
പിന്തുടർന്നു വരുന്നൊരു
കറുത്ത പോത്തിനെയും
അതിന്റെ മുകളിലിരിക്കുന്ന
കാലനെയും അവന്റെ കയ്യിലെ
നീളമുള്ള കയറിനെയും
ഭയക്കാതെ
മുന്നോട്ടേയ്ക്കോടണമെനിക്ക്..

നിഴലിനെ പോലും തോൽപ്പിച്ച്
സൂര്യന്റെ ചുടുചോര കലർന്ന
കടലിലെ ഉപ്പുരസം കലർന്ന വെള്ളം
മോന്തിക്കുടിച്ചെന്റെ
ദാഹം ശമിപ്പിക്കണം..

വിത്തുപാകാനാവാത്തൊരീ
ഗർഭപാത്രമെടുത്ത്
ദൂരെ കളയണം.

വിഷം നിറഞ്ഞൊരീ വായു
ഇനിയുമെന്നുള്ളിൽ
നിറയ്ക്കാതിരിക്കണം.

ദേഹത്ത് പൊള്ളലേൽപ്പിക്കുന്ന
വിഷമഴയിനിയും
നനയാതിരിക്കണം..

എന്തിനോ വേണ്ടി പിന്‍തുടര്‍ന്ന്‍ എന്‍റെ കാലുകളെ പിടിച്ചു നിര്‍ത്തുന്ന പഴയ സ്വപ്നങ്ങള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം.

Monday 11 January 2016

സ്വപ്നം... ആകാംക്ഷ... ഭയം...

സമയകാലങ്ങളിലൂടെ സഞ്ചരിക്കുന്നവനോട്... 

നീയെന്നെ ഒരിക്കല്‍ കൂടി അവിടേയ്ക്ക് കൊണ്ടു പോകുമോ?
നമ്മുടെ കുട്ടിക്കാലത്തേക്ക്?
അതിര്‍ത്തിയെന്ന കാണാരേഖകള്‍ പ്രത്യക്ഷപ്പെടും മുന്‍പ് നാമൊന്നിച്ചു കളിച്ചു നടന്ന ആ വയല്‍വരമ്പിലേയ്ക്ക്?
പട്ടം പറത്തിക്കളിച്ച ആ പുല്‍മൈതാനങ്ങളിലേക്ക്?
എന്തിനെന്നറിയാതെ മാറിക്കൊണ്ടിരിക്കുന്ന ചുറ്റുവട്ടങ്ങള്‍ക്കിടയിലും വലുതാവുന്ന മനസ്സും ശരീരവും കാര്യമാക്കാതെ നാം കൈ പിടിച്ചു നടന്ന ആ തണല്‍മരങ്ങളുടെ ചുവട്ടിലേയ്ക്ക്?
നീയെന്നെയും ഞാന്‍ നിന്നെയും ആദ്യമായറിഞ്ഞ പുഴക്കരയിലെ ആ തണുത്ത നിലാവിലേയ്ക്ക്? 

സമയവും കാലവും കൃത്യമായിരിക്കണം. അല്ലെങ്കിലൊരുപക്ഷെ പരിചിതമായ നാട്ടുവഴികളില്‍ ചോര മണത്തു തുടങ്ങുമ്പോഴാവും കാലം തെറ്റി നമ്മളെത്തിച്ചേരുക. അപ്പോള്‍ ആകാശത്ത് നിന്നും ചാടി വീഴുന്ന തീ പൊഴിക്കും യന്ത്രങ്ങള്‍ കടിച്ചു കീറി ദൂരെയെറിയുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ നമുക്ക് മുന്നില്‍ തന്നെ വന്നു വീണു പിടഞ്ഞേക്കാം...