Sunday 14 April 2013

കാലങ്ങൾക്കിപ്പുറത്ത് വീണ്ടുമൊരു വിഷു



വെയിലിന് കാഠിന്യം കൂടുന്ന മേടമാസം. കണിക്കൊന്നകൾ പൂത്തു, പരീക്ഷകൾ കഴിയാനുള്ള കാത്തിരിപ്പ്‌., പടക്കമൊക്കെ നേരത്തെ വാങ്ങി ഒന്ന് വെയിലത്ത്‌ വെക്കുന്ന പതിവുണ്ട്. അമ്മയാണ് രാവിലെ ഉണർത്തുക. കണ്ണ് പൊത്തി പൂജാമുറിയിലേക്ക് നടത്തിക്കും അമ്മ. അവിടെ കത്തി നില്ക്കുന്ന നിലവിളക്കിന്റെ പ്രഭയിൽ കണി കാണും. ഓടക്കുഴലും പിടിച്ച് കള്ളച്ചിരിയുമായി നില്ക്കുന്ന കൃഷ്ണന്റെ വിഗ്രഹം, കണിക്കൊന്ന, കോടിമുണ്ട്, ഭാഗവതം, ഓട്ടുരുളിയിൽ വെച്ച കണിച്ചക്ക, കണിവെള്ളരിക്ക, വാഴപ്പഴം, നേന്ത്രക്കായ, മാമ്പഴം, കൈതച്ചക്ക, പല തരം പഴങ്ങൾ, സ്വർണം, വെള്ളി, നാണയങ്ങൾ, വാൽക്കണ്ണാടി, നാളികേരം, അരി, ചെറുപയർ, മഞ്ഞൾ, പലതരം പലഹാരങ്ങൾ - ഉണ്ണിയപ്പം, നെയ്യപ്പം, അങ്ങനെ... ആദ്യത്തെ പടക്കം പൊട്ടിക്കുക അച്ഛനാണ്. മാലപ്പടക്കം. ഇരുട്ടിൽ ചുറ്റുമുള്ള കനത്ത നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് പടക്കം പൊട്ടുന്ന ശബ്ദം. അടുത്തടുത്ത കുറെ വീടുകളിൽ നിന്നും പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം. പിന്നെ കമ്പിത്തിരി, പൊട്ടാസ്, പൂത്തിരി, നിലച്ചക്രം, കയറ്, അങ്ങനെ എന്തെല്ലാം തരം പടക്കങ്ങൾ. ഒക്കെ പൊട്ടിച്ചു തീരുമ്പോഴേക്കും നേരം പുലരും. പിന്നെ സഹോദരങ്ങളുമായി ചേർന്ന് മുതിർന്നവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങാനുള്ള തിരക്ക്. ഒക്കെ കിട്ടി കഴിയുമ്പോഴേക്കും ഉച്ചയായിട്ടുണ്ടാവും. സദ്യയുണ്ട് പായസവും കുടിച്ച് കഴിഞ്ഞാൽ പിന്നെ ഒരു മാലപ്പടക്കം കൂടി പൊട്ടിച്ച് അടുത്ത പൊട്ടിക്കലുകൾക്ക് തുടക്കം. പൊട്ടാസും മാലപ്പടക്കവും തന്നേ കാര്യമായിട്ട് പൊട്ടിക്കൂ. പകല് കമ്പിത്തിരി കത്തിച്ചിട്ട് ആര് കാണാനാ? അപ്പം തിന്നും പറമ്പിലൊക്കെ ചുറ്റി നടന്നും മരം കയറിയും മറ്റും കഴിഞ്ഞ് വരുമ്പോഴേക്കും സമയം സന്ധ്യയാകും. സഹോദരങ്ങൾക്കൊപ്പം ഒന്നിച്ചിരുന്ന് ''കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർധനാ''യും ''അച്യുതം കേശവവും" ''ദൈവമേ കൈതോഴാ''മും ചൊല്ലും - മുത്തശ്ശൻ കേൾക്കാൻ വേണ്ടിയെങ്കിലും... ഒരു വിഷു ദിനം അവസാനിക്കുകയാണ്.

ആദ്യമായി ചെന്നൈ എന്ന മഹാനഗരത്തിൽ ഒരു വിഷു ആഘോഷിച്ചപ്പോൾ കണി വെച്ച കൂട്ടത്തിൽ കണിക്കൊന്ന ഇല്ലായിരുന്നു.

ഇതൊന്നു പോലും ഇല്ലാതിരുന്ന വിഷുവും ഉണ്ടായിട്ടുണ്ട്. ഒരു വിഷുവിന്റെ തലേന്ന് അമ്മൂമ്മ ഒരു സൂചന പോലും തരാതെ ഞങ്ങളെ വിട്ടു പോയപ്പോൾ വിഷുവാണെന്ന് പോലും മറന്നിരുന്നു. ആ വിഷുവിന് മരണവീട്ടിലെ ചന്ദനത്തിരി ഗന്ധമായിരുന്നു. ഒരു മുറിയുടെ കോണിൽ കരിന്തിരി കത്തുന്ന വിളക്കാണ് ആ വിഷുവിനെ കുറിച്ചുള്ള ഓർമ.

പോണ്ടിച്ചേരിയിലെ ഹോസ്റ്റലിൽ ആദ്യമായി വിഷു ആഘോഷിച്ചത് മൊബൈലിൽ കണിയുടെ ചിത്രം കണ്ടു കൊണ്ടായിരുന്നു. ഈ വർഷം വീണ്ടും ഹോസ്റ്റലിൽ തന്നെ. യൂണിവേഴ്സിറ്റിയിലെ കൊന്നമരങ്ങൾ പൂത്തു നിൽക്കുന്നു. കൊഴിഞ്ഞു വീണ വാകപ്പൂക്കൾ ചവിട്ടി നടന്നു പോകെ വെറുതെ വീട്ടിലേക്ക് വിളിച്ചു. അമ്മൂമ്മയുടെ ശ്രാദ്ധത്തിന് പോയി വന്നു അമ്മ. ''നീയില്ലാതെ ഞങ്ങൾക്കെന്ത് ആഘോഷം?'' എന്ന് പറഞ്ഞു അച്ഛൻ ചിരിച്ചു.
മനസ്സ് നിറഞ്ഞു. കരഞ്ഞില്ല. ഉയർന്നു വന്ന ഒരു ഗദ്ഗദം അടക്കി പിടിച്ചു പറഞ്ഞു,

"വിഷു ആശംസകൾ''

"വിഷു ആശംസകൾ''

Friday 5 April 2013

പെണ്‍മനസ്സ്




എല്ലാരും പറഞ്ഞു പെണ്‍കുട്ട്യോളായാല്‍ അടങ്ങി ഒതുങ്ങി കഴിയണം എന്ന്. 

അങ്ങനെ പറഞ്ഞു പറഞ്ഞ് ഏതോ ഒരു നിമിഷം ഞാനങ്ങട് മാറിപ്പോയി...

ഒരുപാട്...

ഞാന്‍ പോലുമറിയാതെ എന്നില്‍ ആ മാറ്റം...


എന്‍റെ ഭാവം മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു.


പക്ഷെ ഉള്ളില്‍ തിളച്ചുകൊണ്ടിരിക്കുന്ന ഒരു അഗ്നി ഉണ്ടായിരുന്നു...


അത് അണയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല...


തണുപ്പിക്കാനും...

ചുറ്റുമുള്ളതിനെയെല്ലാം പൊള്ളിച്ച് അതങ്ങനെ നിന്നു, ആരുമറിയാതെ...

വിളിച്ചു പറയാന്‍ ആഗ്രഹിച്ച പലതും അടക്കിപ്പിടിച്ച് ആ ഹൃദയത്തിന് നൊന്തു.

ശരീരം ചൂഴ്ന്നു നോക്കാന്‍ ശ്രമിച്ചവരുടെ കണ്ണുകള്‍ അഗ്നിനാളങ്ങള്‍ കുത്തി നോവിച്ചു.

തൊടാന്‍ ശ്രമിച്ചവരുടെ കൈകള്‍ വെന്തു പോയി.

കോപാഗ്നി ആ കണ്ണുകളില്‍ കൂടി കാണുന്ന അനീതിയെല്ലാം ദഹിപ്പിച്ചു...


പെണ്ണിനെ വെറും ശരീരം മാത്രമായ് കാണുന്നവരുടെ ദേഹം ആ കോപാഗ്നിയില്‍ ഉരുകി...