Tuesday 15 October 2013

അഗ്നി

എന്റെയുള്ളിൽ വീണ്ടും ഒരഗ്നി രൂപം കൊണ്ടിരിക്കുന്നു. എന്റെ ചിന്തകളെ, സ്വപ്നങ്ങളെ, ശരീരത്തിലൂടൊഴുകുന്ന ചുടുചോരയെ, എല്ലാം തിളച്ചുമറിക്കാൻ ശ്രമിക്കുന്നൊരഗ്നി. അതീ ലോകത്തോടും ഇവിടുത്തെ വ്യവസ്ഥിതികളോടുമുള്ള പോരാട്ടമാവാം. എന്റെയുള്ളിലെവിടെയോ ഉള്ള നന്മയുടെ, അല്ല, തിന്മയുടെ നേർത്തൊരംശം ഈ അഗ്നിയിലുരുകി, ഒടുവിൽ ബാഷ്പീകരിച്ച് എവിടെയോ മറഞ്ഞില്ലാതാവും. പിന്നെ ശരി മാത്രം. നന്മ മാത്രം. ലക്ഷ്യത്തിലെത്താൻ ഇനി എനിക്ക് മാർഗ്ഗം തെറ്റില്ല. നേരെ ചലിക്കും എന്റെ കാലുകൾ. മുന്നോട്ട് തന്നെ ചലിക്കും ഞാൻ. അക്ഷരങ്ങൾ വാക്കുകളാക്കി അമ്മാനമാടും എന്റെ തൂലിക. ആ വാക്കുകൾക്ക് തണുത്തുവരുന്നൊരു ശരീരത്തിൽ നിന്നുമൊഴുകുന്ന ചുടുചോരയുടെ നിറവും ഗന്ധവുമുണ്ടാകും. ബ്രഹ്മാണ്ഡത്തിന്റെ ഏതോ ഒരപ്രസക്തമായ കോണിൽ നിന്നും എന്തിനോ വേണ്ടിയുള്ള ഈ പോരാട്ടങ്ങൾ, മാപ്പർഹിക്കാത്ത അപരാധങ്ങൾ, എല്ലാറ്റിനും മൂകസാക്ഷിയായി കാലം. ഇവിടെയിനി ചോദ്യോത്തരങ്ങൾക്ക് പ്രസക്തിയില്ല. സമയവും. കിട്ടിയതെല്ലാം പലിശയടക്കം തിരിച്ചു നൽകാൻ സമയമായിരിക്കുന്നു. ഈ നിമിഷം മുതൽ. ചുറ്റുമുള്ള ഇരുട്ടിനെ കീറി മുറിച്ചും, ഉറക്കം നടിക്കുന്നവരുടെ കണ്ണുകൾ കുത്തിത്തുറന്നും കേട്ട ഭാവം നടിക്കാത്തവരുടെ കാതുകളിൽ വിളിച്ചു കൂവിയും, ദേഹവും മനസ്സും ഒരു പോലെ പൊള്ളിച്ചും ആ അഗ്നി തിളച്ചു മറിഞ്ഞു പൊങ്ങി ഒരഗ്നി പർവ്വതം പോലെ പുകതുപ്പിക്കൊണ്ടിരിക്കുന്നു, പൊട്ടിത്തെറിക്കാൻ പാകത്തിനൊരഗ്നിപർവ്വതം പോലെ. ആ പൊട്ടിത്തെറിയിൽ സംഹാരരൂപം പൂണ്ട് എല്ലാം നശിപ്പിച്ച് വീണ്ടും എനിക്ക് ശാന്തമായുറങ്ങണം -  വീണ്ടും കഴുകിക്കളയാൻ, എല്ലാം തെളിയിക്കാൻ സമയമാകുന്നതു വരെ...

Thursday 3 October 2013

ഒരു കുറിപ്പ്

സ്വപ്നങ്ങൾക്ക് നിറം പകർന്ന പ്രിയപ്പെട്ടവനേ...

നീയായിരുന്നു എന്റെ സ്വപ്നമെന്ന് നീ അറിഞ്ഞു കൊള്ളുക. നാം ഒന്നിച്ചു കണ്ട സ്വപ്നങ്ങളെ താലോചിച്ചത് നീ ഒറ്റയ്ക്കായിരുന്നില്ലെന്നും. എങ്കിലും അവിചാരിതമായി നിന്നോടെനിക്ക് വിട പറയേണ്ടി വന്നു. ഇഷ്ടമുണ്ടായിട്ടല്ല. നിന്നോടുള്ളാ സ്നേഹമൊരല്പം കുറഞ്ഞുപോയിട്ടുമല്ല. വിധി ചിലപ്പോൾ ക്രൂരയാണ്. സ്നേഹത്തിൽ അസൂയപ്പെടുന്നവൾ. അതാവാം അവൾ നമ്മെ തമ്മിലകറ്റിയത്. എനിക്കറിയാം, ഇന്ന് നീ എല്ലാമറിഞ്ഞ് എന്നിലേക്കൊരു മടക്കയാത്ര നടത്താനൊരുങ്ങുകയാണെന്ന്. ഇത്രയും കാലത്തിനു ശേഷവും മടങ്ങിവരാൻ മാത്രം നീയെന്നെ സ്നേഹിച്ചിരുന്നോ? അറിയില്ല. ഉണ്ടാവണം. അതുകൊണ്ടാവാം നിന്റെ മകൾക്ക് നീ എന്റെ പേര് നൽകിയത്. ഈ യാത്രയിൽ നീ അവളെ കൂടെ കൂട്ടുക, അവളുടെ അമ്മയെയും. എന്റെ വീട്ടിലേക്കുള്ള വഴി നിനക്ക് സുപരിചിതമാണല്ലോ...

വരുമ്പോൾ നിന്റെ മകളുടെ കയ്യിൽ എനിക്കായ് നീ വെള്ള പൂക്കൾ കൊണ്ടുവരിക. വെളുത്ത പുഷ്പങ്ങൾ എനിക്കെന്തിഷ്ടമാണെന്ന് നിനക്കറിയാമല്ലോ... എന്റെ വീടിന്റെ ഏറ്റവും ഉൾവശത്തായാണ് എന്റെ മുറി. അവിടെ എന്റെ ഗന്ധമുണ്ട്. ഒരുപാട്കാലം ഞാൻ ഉപയോഗിച്ചിരുന്ന എന്റെ മേശയും കസേരയും നിനക്ക് കാണാം. മേശപ്പുറത്ത് പണ്ടെപ്പോഴോ ഞാനെന്റെ മനസ്സിനെ പകർത്തിയ എന്റെ ഡയറികളും ഇനിയൊരിക്കലും ഈ കൈകളിൽ പിടിക്കാൻ സാദ്ധ്യതയില്ലാത്ത എന്റെ തൂലികയും ഏറെനാൾ എന്റെ കണ്ണുകളിലെ മങ്ങിയ കാഴ്ച്ചകൾക്ക് വ്യക്തതയേകിയ, എന്നാൽ ഇനിയൊരിക്കലും ഈ മുഖത്ത് വയ്ക്കാൻ സാദ്ധ്യതയില്ലാത്ത എന്റെ കണ്ണടയും നിനക്ക് കാണാം. നിന്റെ മകളോട് പറയുക, അവളെനിക്കായ് കൊണ്ടു വന്ന ആ തൂവെള്ള പൂക്കൾ ആ മേശപ്പുറത്ത് വയ്ക്കാൻ. എന്റെ ഗന്ധത്തിനൊപ്പം ആ പൂക്കലുടെ സുഗന്ധവും ആ മുറിയിൽ അലിയട്ടെ...

വലത് വശത്തെ ആ ചെറിയ കട്ടിലിലാണ് ഞാൻ കിടന്നിരുന്നത്. കട്ടിലിനടുത്തെ ജനൽ തുറന്നാൽ നല്ല കാറ്റ് കിട്ടും. ആ കാറ്റും കൊണ്ട് നീ ഒരല്പസമയം എന്റെ കട്ടിലിൽ ഇരിക്കുക. രാത്രിയായാൽ ആ ജനലിലൂടെ നിനക്ക് ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണാം. അവിടെ നിന്നെ നോക്കി കൺചിമ്മുന്ന ആ രാത്രിയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രത്തെ നീ കാണുന്നില്ലേ? അത് ഞാനാണെന്ന് നീ അറിഞ്ഞു കൊൾക. കരയരുത്. ഒരു നേർത്ത തേങ്ങൽ പോലും അരുത്. ജീവിതം മുന്നോട്ട് കൊണ്ടു പോവുക.

ഇനിയൊരു മടക്കയാത്രയുണ്ടാവരുത്. ഓർമകളിൽ നിന്നു പോലും എന്നെ എടുത്ത് കളഞ്ഞേക്കുക. വിട പറയുക, എന്നെന്നേയ്ക്കുമായി...