Monday 29 October 2012

മരണം





എവിടെയും എന്തിനും എന്നെ പിന്തുടരുന്ന ആ കണ്ണുകള്‍... അവ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു . എന്ത് ചെയ്യുമ്പോഴും എവിടെ പോകുമ്പോഴും ആ കണ്ണുകള്‍ എന്‍റെ പിന്നാലെയുണ്ട്. എന്തിനാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. പക്ഷെ, ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ഞാന്‍ മാത്രമല്ല ഇത് പോലെ പിന്തുടരപ്പെടുന്നത് എന്ന്. കാരണം ജനനം മുതല്‍ നമ്മെ എല്ലാം പിന്തുടരുന്നുണ്ട് ആ കണ്ണുകള്‍, ക്രൂരമായ ചുവന്ന കണ്ണുകള്‍... ആ ദയയില്ലാത്തത് എന്ന് കരുതിയിരുന്ന കണ്ണുകളെ എന്നും കണ്ടു തുടങ്ങിയപ്പോള്‍, കണ്ടു കണ്ടു പരിചയമായപ്പോള്‍ ആ കണ്ണുകളിലെ ക്രൂരത എവിടെയോ മാഞ്ഞു പോയി. ആ കണ്ണുകളിലെ ചുവപ്പ് കണ്ണീരിന്റെതായിരുന്നു എന്നറിഞ്ഞു. ആ പതുങ്ങിയ കാലടികള്‍ ഇപ്പോള്‍ പഴയത് പോലെ ഭയപ്പെടുത്തുന്നില്ല. കാരണം അവയുടെ ഉടമ ഇപ്പോള്‍ എന്‍റെ ഒരു പ്രിയപ്പെട്ട സുഹൃത്താണ്. മായയായ ഈ ജീവിതത്തിന്‍റെ സുപ്രധാനമായ സത്യമാണ്. മരണമെന്ന പ്രപഞ്ച സത്യം. ഈ ജീവിത യാത്രയുടെ അവസാനം. മറ്റൊരു യാത്രയുടെ തുടക്കം. പക്ഷെ ആ യാത്ര ആരംഭിക്കുന്നതിനു മുന്‍പ് ചെയ്തു തീര്‍ക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. വെറുതെ കത്തിച്ചു കളയുന്നതിനു മുന്‍പ് എന്‍റെ കണ്ണുകളും മറ്റും മറ്റൊരാളുടെ ശരീരത്തിന്‍റെ ഭാഗമാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ കണ്ണുകള്‍ മറ്റൊരാളുടെ ജീവിതത്തിന്‍റെ വെളിച്ചമാകട്ടെ, ഈ ഹൃദയം മറ്റൊരാളുടെ ഹൃദയമിടിപ്പുകള്‍ ഏറ്റു വാങ്ങട്ടെ... ഒരു പാട് പേരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കാന്‍ മരണത്തിലൂടെയെങ്കിലും എനിക്ക് സാധ്യമാകട്ടെ... അപ്പോള്‍ ശാന്തിയോടെ, ഒരു പഴയ സുഹൃത്തിന്‍റെ കൈയും പിടിച്ചു പോകുന്നത് പോലെ എനിക്ക് മരണത്തിനൊപ്പം യാത്ര ചെയ്യാം...