Friday 27 January 2012

സ്നേഹം



സൂര്യനുദിക്കുമ്പോള്‍ ഒരു കുഞ്ഞു പൂവിന്‍റെ
മിഴികളെ തിളക്കിയ രശ്മി പോലെ...

പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ ആവേശം നല്‍കുന്ന 
വഴിയിലെ കൊച്ചു പൂക്കള്‍ പോലെ

പോരിവെയിലിലുച്ചയ്ക്ക് ചോറുണ്ണാന്‍ പോകുമ്പോള്‍ 
തണല്‍ നല്‍കി ചിരിക്കുന്ന മരങ്ങള്‍ പോലെ

വൈകുന്നേരങ്ങളില്‍ തൊടിയില്‍ കളിക്കുവാന്‍ 
പോകുമ്പോള്‍ തലയാട്ടും പൂക്കള്‍ പോലെ

സന്ധ്യക്ക്‌ നാമം ജപിക്കുമ്പോള്‍ മുറ്റത്ത് 
വിളക്ക് തൊഴാന്‍ വരും കിളികള്‍ പോലെ

രാത്രിയുറങ്ങുവാന്‍ പോകുംപോഴെന്‍ മെയ്യില്‍ 
തഴുകിയകലുന്ന കാറ്റ് പോലെ...

വിദ്യാദേവിതന്‍ കയ്യിലെ വീണയില്‍ 
നിന്നുമുയരുന്ന നാദം പോലെ

അപ്സരകന്യതന്‍ കാലിലെ ചിലങ്കയില്‍ 
കുലുങ്ങി ചിരിക്കുന്ന മണികള്‍ പോലെ

തുലാമഴ പെയ്യുമ്പോള്‍ മുറ്റത്ത്‌ നിന്നൊരെന്‍ 
മിഴികളെ പുണര്‍ന്ന മഴത്തുള്ളി പോലെ

പുലര്‍ക്കാലം മുറ്റത്തിറങ്ങി നടക്കുമ്പോള്‍
പാദങ്ങള്‍ പുല്‍കുന്ന പുല്ലു പോലെ

ആദ്യമായ് അരിയില്‍ ഹരിശ്രീ കുറിച്ചപ്പോള്‍
അനുഗ്രഹം ചൊരിഞ്ഞൊരാ ദൈവം പോലെ

മരണം നടന്നൊരാ വീടിന്‍റെ മൂലയില്‍
കരിന്തിരി കത്തുന്ന വിളക്ക് പോലെ...

മിഴികളില്‍ നിന്നുമടര്‍ന്നു വീഴുന്നോരീ 
കണ്ണീര്‍ തുടച്ചൊരാ വിരല്‍കള്‍ പോലെ

രാത്രിയീ മെത്തയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ 
കണ്‍ ചിമ്മി കാണിക്കും താരം പോലെ 

ഈ കണ്‍കളില്‍ വിടരുന്ന സ്വപ്നങ്ങള്‍ക്കൊക്കെയും 
വര്‍ണം പകരും മഴവില്ല് പോലെ

മാനത് വെറുതേ കണ്ണും നട്ടിരിക്കുമ്പോള്‍ 
ചുറ്റും പറക്കുന്ന കിളികള്‍ പോലെ

മനസ്സിലെ രൂപങ്ങള്‍ വാക്കുകളാകുമ്പോള്‍ 
കടലാസില്‍ പകര്‍ത്തുന്ന പേന പോലെ

എന്നന്തരാത്മാവില്‍, എന്നുള്ളില്‍ സ്നേഹത്താല്‍ 
പൂത്തു നില്‍ക്കും സ്നേഹ വൃക്ഷം പോലെ...


No comments:

Post a Comment