Wednesday 7 August 2013

ഒരു കത്ത്

എന്റെ ..................
ഇന്ന് വീണ്ടും ഞാൻ നിന്നെ കുറിച്ചോർത്തു. ഇനിയൊരിക്കലും ഓർക്കില്ലെന്ന് കരുതിയിരുന്നെങ്കിലും മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയിരുന്നെങ്കിലും ഇന്ന് അറിയാതെ നിന്നെ വീണ്ടും ഓർത്തുപോയി. നിനക്കറിയാമോ, ഞാനിപ്പോൾ ആരുടെയും മുന്നിൽ പെടാത്ത വിദൂരമായൊരു നഗരത്തിലാണ്. ഇവിടെ എന്നെ അറിയുന്ന ആരുമില്ല. ഞാൻ താമസിക്കുന്ന ഒറ്റമുറി വീട് ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ്. എന്റെ ജനലിലൂടെ നോക്കിയാൽ താഴെയുള്ള തെരുവിലെ കാഴ്ച്ചകളെല്ലാം വ്യക്തമായി കാണാം. റോഡിന് മറുവശത്ത് ഒരു ക്ഷേത്രമുണ്ട്. അവിടെ നിന്നും അതിരാവിലെയുള്ള പ്രാർഥനകൾ കേട്ടുകൊണ്ടാണ് ഞാൻ ഉണരാറ്. ക്ഷേത്രത്തിനു പുറത്തെ ആൽച്ചുവട്ടിലിരുന്ന് ഒരു വൃദ്ധൻ എന്നും പാട്ടുപാടും. നിനക്കിഷ്ടപ്പെട്ട ഹിന്ദുസ്താനി സംഗീതം തന്നെ. അയാൾ ഒരു അന്ധനാണ്. എന്നാലും ആ കണ്ണുകൾക്കെന്തൊരു തിളക്കമാണെന്നോ! ഒന്നും കാണുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസം. ഇന്ന് ഞാൻ നിന്നെ ഓർത്തെന്നു പറഞ്ഞല്ലോ. അതെന്താണെന്ന് നിനക്കറിയാമോ? ഇന്നിവിടെ മഴ പെയ്തിരുന്നു. മഴയിൽ കുതിർന്നുവെങ്കിലും ആ വൃദ്ധൻ പാട്ട് നിർത്തിയതേ ഇല്ല. ഞാൻ നമ്മുടെ പഴയകാലം ഓർത്തുപോയി. ടൗൺഹാളിൽ നടന്ന ഗസൽ സന്ധ്യ കഴിഞ്ഞ് നമ്മൾ മടങ്ങിയപ്പോൾ അപ്രതീക്ഷിതമായി മഴ പെയ്തത് നീ ഓർക്കുന്നുണ്ടോ? അന്ന് കൈകൾ ചേർത്തുപിടിച്ച് നമ്മൾ ആ റോഡിലൂടെ കുറേ നടന്നിരുന്നു. ദൂരെ ശക്തമായലയടിക്കുന്ന തിരമാലകളുടെ ശബ്ദത്തിന് കാതോർത്തുകൊണ്ട്, കടൽക്കാറ്റും കൊണ്ട് നമ്മളന്ന് എത്ര നേരമാണ് നടന്നത്... എന്തൊക്കെ സ്വപ്നങ്ങളാണ് നമ്മൾ കണ്ടത്, നമ്മൾ കൈമാറിയ മനസ്സിനിത്രപോലും വിലയില്ലാതായോ? എനിക്ക് നിന്നെയൊന്ന് കാണാൻ, നിന്നിലേക്കെത്തിച്ചേരാൻ, വല്ലാതെ കൊതി തോന്നുന്നു. പക്ഷെ നിവൃത്തിയില്ലല്ലോ. എന്റെ സീമന്തരേഖയിപ്പോൾ ശൂന്യമാണ്. നെറ്റിലും. അവിടെ വർണ്ണങ്ങൾ കൊണ്ട് വിസ്മയം തീർക്കാറില്ല ഞാനിപ്പോൾ. കടും നിറത്തിലുള്ള വസ്ത്രങ്ങളണിയാറില്ല. നീ കാണാനില്ലാതെ എന്തിനാണവയെല്ലാം? നീ കരുതുന്നുണ്ടാവും, അത്യാവശ്യമായി പറയേണ്ട ഒരു കാര്യം ഞാൻ പറഞ്ഞില്ലല്ലോ എന്ന്. ശരിയാണ്. പറയാം. നമ്മുടെ മകനിപ്പോൾ പിച്ചവെച്ച് നടക്കാനൊക്കെ തുടങ്ങിയിരിക്കുന്നു. അവനും നിന്നെ പോലെ തന്നെയാണ്. പാട്ട് കേട്ടാലേ ഉറങ്ങൂ. അവന്റെ കൊഞ്ചലുകളും കളിചിരികളും മറ്റും ഇല്ലായിരുന്നെങ്കിൽ ഞാൻ എന്നേ നിന്റെയടുത്തേക്കോടിയെത്തിയേനെ. പറയുന്നതൊന്നും വ്യക്തമല്ലെങ്കിലും അവൻ സംസാരപ്രിയനാണ്, നിന്നെ പോലെ തന്നെ. നീ ഈ ജീവിതത്തിൽ എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണവൻ. അവനെ നിനക്ക് ഒരുപാടിഷ്ടമാണെന്നും അവനെ ഒന്നെടുക്കാനും ഒരുമ്മ കൊടുക്കാനും ഒക്കെ നീ വല്ലാതെ കൊതിക്കുന്നുണ്ടെന്നെനിക്കറിയാം. പക്ഷെ എന്ത് ചെയ്യാം... നീ വിഷമിക്കണ്ട. ഞാനവനെ പൊന്നുപോലെ നോക്കുന്നുണ്ട്. മേഘങ്ങൾക്കിടയിലെ കൊട്ടാരത്തിൽ നിനക്ക് സുഖമാണോ? ഞങ്ങളില്ലാത്തത് കൊണ്ട് നീ അധികം സന്തോഷിച്ചൊന്നുമായിരിക്കില്ല ഇരിക്കുന്നതെന്നെനിക്കറിയാം. പക്ഷെ നീ അവിടുന്ന് ഞങ്ങളെ നോക്കുന്നത് ഞാൻ അറിയുന്നുണ്ട്. അങ്ങകലെ ഞങ്ങളെ നോക്കി കൺചിമ്മുന്നൊരു പൊൻതാരകമാണല്ലോ നീയിന്ന്. അച്ഛനുമമ്മയ്ക്കും എല്ലാം അവിടെ സുഖമല്ലേ? എന്നാലും നിങ്ങളെല്ലാവരും അവിടേക്ക് ഒന്നിച്ച് പോയത് ശരിയായില്ല കേട്ടോ. മനപ്പൂർവമല്ലെന്നെനിക്കറിയാം. എന്റെയരികിൽ വരുന്ന വഴി നിങ്ങൾ അങ്ങോട്ട് പോകേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങളെല്ലാം പോയതിൽ പിന്നെ കുറേ നാൾ എല്ലാവരും സഹതാപവുമായി വന്നിരുന്നു. പിന്നെ അവർക്ക് മടുത്തപ്പോൾ പിന്നെ ശപിക്കപ്പെട്ടവളെന്ന വിളിയായി, കുത്തുവാക്കുകളായി. അന്നൊക്കെ നമ്മുടെ മകന്റെ കളിയും ചിരിയുമായിരുന്നു എന്നെ പിടിച്ച് നിർത്തിയിരുന്നത്. പലപ്പോളും ആലോചിച്ചു, നിന്റെയടുത്തേക്ക് വരണമെന്ന്. പക്ഷെ നമ്മുടെ മകൻ, അവനെ തനിച്ചാക്കാൻ എനിക്ക് വയ്യ. അത് കൊണ്ട് നീ അവിടെ കാത്തിരിക്കൂ. ഇവനൊരുകൂട്ട് കിട്ടും വരെയെങ്കിലും. എന്നിട്ട് ഞാൻ വരാം, നിന്റെയടുത്തേക്ക്.
സ്നേഹത്തോടെ
നിന്റെ സ്വന്തം
..................................

No comments:

Post a Comment