Saturday 10 August 2013

അച്ഛമ്മ

ഇന്ന് ആഗസ്റ്റ് 10.

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിവസം ഞാൻ മറക്കില്ല. അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കളിക്കാൻ പോയി ബെല്ലടിക്കാൻ നേരം തിരിച്ചു വന്നപ്പോൾ എന്നെ കാത്ത് അച്ഛൻ ക്ലാസിനടുത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. അച്ഛൻ പറഞ്ഞു, വേഗം ബാഗുമെടുത്ത് വരാൻ. ക്ലാസിലിരിക്കേണ്ടല്ലോ... ഞാൻ സന്തോഷപൂർവ്വം ബാഗുമെടുത്തിറങ്ങി. എന്റെ ക്ലാസ് ടീച്ചറെ കണ്ട് സമ്മതം വാങ്ങി ഞങ്ങളിറങ്ങി. അച്ഛൻ ജോലി ചെയ്തിരുന്ന ബാങ്കിലെ മാനേജർ കാറുമായി വന്നിരുന്നു. അദ്ദേഹത്തിന്റെ കൂടെ വീട്ടിലേക്ക് തിരിച്ച്, യൂണിഫോം മാറി ബാഗവിടെ വെച്ചു. എന്താണ് കാര്യമെന്ന് അപ്പോളും അറിയില്ലായിരുന്നു. ഇറങ്ങാൻ നേരത്തായിരുന്നു അമ്മ പറയുന്നത്, അച്ഛമ്മ മരിച്ചു എന്ന്. എനിക്ക് മനസ്സിലായില്ല. മരിക്കുക എന്ന് വെച്ചാൽ എന്താ? അതാലോചിച്ചിരുന്നു, അവിടെ എത്തുവോളം. 

ഞങ്ങളവിടെ ചെല്ലുമ്പോൾ അവിടെ ഒരു മുറിയിൽ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു അച്ഛമ്മയെ. ആരും ഒന്നും മിണ്ടുന്നില്ല. സാധാരണ എന്നെ കാണുമ്പോൾ ചിരിച്ചിരുന്ന ചെറിയമ്മയുടെയും മാമിയുടെയും, എന്തിന്, വല്ല്യച്ഛന്റെയും മുഖത്ത് പോലും ആകെയൊരു ശൂന്യത. എനിക്ക് സങ്കടമായി. ഇതെന്താ പെട്ടന്ന് എല്ലാർക്കും എന്നെ ഇഷ്ടമല്ലാതായോ? ആരും ഒന്നും മിണ്ടുന്നില്ല. വല്ലാത്തൊരു മൂകത. എനിക്ക് പേടിയായി. അച്ഛമ്മയ്ക്ക് എന്തോ പറ്റി എന്ന് മനസ്സിലായി. പക്ഷെ എന്താണതെന്ന് മനസ്സിലാക്കാൻ മാത്രമുള്ള അറിവ് അന്നെനികുണ്ടായിരുന്നില്ല. ഇന്നുമില്ല, എന്നാലും... 

പാർക്കിൻസൻസ് ബാധിച്ച് അച്ഛമ്മ കുറേ കാലം കിടപ്പിലായിരുന്നു. ട്യൂബിട്ടിരുന്നു. ഒന്നും സംസാരിക്കാനോ ഒന്നും പറ്റില്ലായിരുന്നു. പക്ഷെ ജീവന്റെ നേർത്ത തുടിപ്പ് ഉള്ളിലുള്ളത് കൊണ്ടാവാം, എപ്പോളും ഒരു നേർത്ത ഞരക്കം അച്ഛമ്മയിൽ നിന്നും ഉയർന്നു വരുന്നത് കേൾക്കാമായിരുന്നു. അത് നിലച്ചു എന്ന വ്യത്യാസം മാത്രമേ അച്ഛമ്മയുടെയടുത്ത് നിന്നപ്പോൾ എനിക്ക് തോന്നിയിരുന്നുള്ളൂ. അടക്കിപ്പിടിച്ച സംസാരം മാത്രമിടയ്ക്ക് കേൾക്കാം. ഒന്നും മിണ്ടാതെ ഞാൻ നിന്നു. കുറച്ച് കഴിഞ്ഞ് ആരൊക്കെയോ ചേർന്ന് അച്ഛമ്മയെ കുളിപ്പിക്കാൻ കൊണ്ടുപോയി. പിന്നീട് പൂമുഖത്ത് കൊണ്ടുവന്ന് കിടത്തി. ഒരു തുളസിയിലയിൽ വെള്ളമാക്കി അത് ആ വായിൽ ഇറ്റിച്ചുകൊടുത്ത് കാൽക്കൽ ഞാൻ നമസ്ക്കരിച്ചു. ചിലരൊക്കെ തേങ്ങുന്നുണ്ടായിരുന്നു. അച്ഛന്റെ കണ്ണുകൾ ചുവന്നിരുന്നു. കുറച്ച് കഴിഞ്ഞ് ആരൊക്കെയോ ചേർന്ന് അച്ഛമ്മയെ എടുത്ത് കൊണ്ടുപോയി പുറത്തുള്ള ആംബുലൻസിൽ കയറ്റി. ആംബുലൻസ് അകന്ന് പോകുന്നതും നോക്കി ഞാൻ നിന്നു. എന്നാലും അച്ഛമ്മയെ എങ്ങോട്ടാ എല്ലാരും കൂടി കൊണ്ടുപോയത്? എനിക്കൊന്നും മനസ്സിലായില്ല. 

കുറേ കഴിഞ്ഞ് എല്ലാവരും തിരിച്ചുവന്നു. അച്ഛമ്മ മാത്രം കൂടെയില്ല. അച്ഛമ്മയെ എവിടെ കൊണ്ടുപോയി കളഞ്ഞു എല്ലാവരും എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ മുതിർന്നവരാരും അതിനെ കുറിച്ച് ഒന്നും പറയുന്നുണ്ടായിരുന്നില്ല. എന്റെ മാമനോട് അന്ന് ഞാൻ ചോദിച്ചു, ഈ മരിക്കുക എന്നു പരഞ്ഞാൽ എന്താണെന്ന്. അപ്പോൾ മാമൻ പറഞ്ഞു തന്നു, മരിച്ചാൽ പിന്നെ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ നടക്കാനോ ഒന്നും പറ്റില്ല എന്ന്. അപ്പോൾ നമ്മൾ ആ ശരീരം കൊണ്ടുപോയി കത്തിക്കും എന്ന്. അച്ഛമ്മ കുറേ കാലമായി കിടപ്പിലായിരുന്നത് അപ്പോൾ മരിച്ചതായിരുന്നില്ലേ? എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല. കുറേ ചോദ്യങ്ങൾ ഉയർന്നു വന്നു. ഒന്നും മിണ്ടാതെ ഞാനിരുന്നു. മാമൻ ഒരു കാര്യം കൂടി പറഞ്ഞു, അച്ഛമ്മ സ്വർഗത്തിൽ പോയതാണെന്ന്.

ഞാൻ ആലോചിച്ചു. എന്താ ഈ സ്വർഗം? സ്വർഗത്തെ കുറിച്ച് ആദ്യമായി എനിക്ക് പറഞ്ഞു തന്നത് അച്ഛമ്മയായിരുന്നു. ഒരിക്കൽ ഞാൻ അച്ഛമ്മയോട് ചോദിച്ചു, അച്ഛമ്മയുടെ അച്ഛനുമമ്മയും എവിടെയാണെന്ന്. അപ്പോൾ അച്ഛമ്മ പറഞ്ഞു, അവർ സ്വർഗത്തിലാണെന്ന്. "എന്നാൽ നമ്മക്ക് ആടെ പോയി ഓരെയൊക്കെ കാണാം?", ഞാൻ നിഷ്കളങ്കമായി ചോദിച്ചു. അപ്പോൾ സ്വർഗ്ഗം വളരെ ദൂരെയാണെന്നും അവിടേക്കെത്താൻ കുറേ സമയം പിടിക്കുമെന്നും അച്ഛമ്മയെനിക്ക് പറഞ്ഞു തന്നു. പാവം അച്ഛമ്മ. ഇത്രേം ദൂരെയായത് കൊണ്ടല്ലേ അച്ഛമ്മയ്ക്ക് അവരെ കാണാൻ പോകാൻ പറ്റാഞ്ഞത് എന്നോർത്ത് എനിക്ക് സങ്കടമായി. അപ്പൊ അച്ഛമ്മ അച്ഛമ്മയുടെ അച്ഛനെയും അമ്മയെയും കാണാൻ പോയതാണല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. 

പക്ഷെ അന്നെനിക്കറിയാമായിരുന്നില്ല, മരണമെന്നത് ഒരിക്കലും തിരിച്ചുവരാനാവാത്ത യാത്രയാണെന്ന്. അന്ന് രാത്രി മഴ പെയ്തിരുന്നു. നല്ല ഇടിയും മിന്നലും. മഴപെയ്തപ്പോൾ എനിക്ക് സങ്കടമായി. അച്ഛമ്മ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നും ഇനിയൊരിക്കലും എനിക്ക് അച്ഛമ്മയെ കാണാൻ കഴിയില്ലെന്നും എനിക്ക് മനസ്സിലായി. കരച്ചിൽ വന്നു, അതിലേറെ പേടിയും തോന്നി. അച്ഛമ്മ അവിടം മുതൽ ഒരോർമയായി മാറുകയായിരുന്നു. 

അച്ഛമ്മയ്ക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്ത് ഞങ്ങളുടെ കൂടെ ഇടയ്ക്ക് നിൽക്കാൻ വരും അച്ഛമ്മ. പണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വരുന്ന മഹാഭാരതകഥ എല്ലാ ശനിയാഴ്ച്ചയും ഓഫീസിൽ നിന്നും വന്നാൽ അച്ഛൻ അച്ഛമ്മയ്ക്ക് വായിച്ചുകൊടുക്കുമായിരുന്നു. അച്ഛമ്മയ്ക്ക് മധുരം ഭയങ്കര ഇഷ്ടമായിരുന്നു. ഐസ്ക്രീം വാങ്ങിയാൽ അച്ഛമ്മ അത് കഴിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. കപ്പ് ഐസ്കീമിന്റെ കൂടെ ഒരു സ്പൂൺ കിട്ടില്ലേ? അതിൽ ഐസ്ക്രീമെടുത്ത് അത് വായയുടെ മുകളിലെ ഭാഗത്ത് പിടിപ്പിച്ച് അവിടുന്ന് മെല്ലെ ഇറക്കുകയായിരുന്നു അച്ഛമ്മയുടെ പതിവ്.  

എനിക്ക് സ്വർഗവും നരകവുമൊക്കെ പരിചയപ്പെടുത്തിത്തന്നതും അച്ഛമ്മ തന്നെ. കഥകളൊന്നും പറഞ്ഞു തരാറില്ലെങ്കിലും, അച്ഛമ്മയുടെ ആ വാത്സല്യവും മറ്റും എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു, ഞാനായിരുന്നു മൂത്ത പേരക്കുട്ടി. 

അച്ഛമ്മ മുണ്ടും നേര്യതും ഉടുത്തല്ലാതെ ഞാൻ കണ്ടിട്ടില്ല. അച്ഛച്ഛൻ മരിച്ചതിൽ പിന്നെ അച്ഛമ്മ ഒരിറ്റ് പൊന്ന് ദേഹത്തണിഞ്ഞിട്ടുമില്ല. അധികം സംസാരിക്കാത്ത, വായിക്കാനിഷ്ടപ്പെട്ടിരുന്ന, മക്കൾക്ക് ചുറ്റുമൊരു ലോകമുണ്ടാക്കി അതിനുള്ളിൽ കിടന്നുകറങ്ങിയിരുന്ന ഒരു പാവം സ്ത്രീ. 

സത്യമാണ്, അച്ഛമ്മയെ കുറിച്ച് വളരെ കുറച്ച് ഓർമകളേ എനിക്കുള്ളൂ. പക്ഷെ അച്ഛമ്മയുടെ വിടവാങ്ങലാണെനിക്ക് മരണത്തെ പരിചയപ്പെടുത്തിയത്. അതൊരനിവാര്യതയാണെന്ന് മനസ്സിലാക്കിയപ്പോൾ ആദ്യം ഭയമായിരുന്നു. എല്ലാവരും ഒരു നാൾ മരിക്കുമെന്നും സ്വർഗത്തിലേക്കെത്തുമെന്നും പറഞ്ഞുതന്നതാരായിരുന്നു? ഓർമയില്ല. പക്ഷെ അത് സത്യമാണെങ്കിൽ മരിച്ചു കഴിഞ്ഞ് അച്ഛമ്മയെയും അങ്ങനെ അകന്നുപോയവരെയും വീണ്ടും കാണാനാവുമെന്ന പ്രതീക്ഷയിൽ ഞാൻ കഴിഞ്ഞു. 

മറ്റൊരു ലോകത്ത് നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ കാത്തിരിക്കുന്നുണ്ടാവാം, അല്ലേ? അപ്രതീക്ഷിതമായി വിട പറയുന്നവർ, മൗനമായ് അകന്നു പോയവർ, ഒന്ന് കൺചിമ്മിത്തുറക്കുന്ന നേരം കൊണ്ട് നമ്മെ വിട്ടുപിരിഞ്ഞവർ, ഒക്കെ, ആ ലോകത്ത് നമ്മെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടാവാം ഇപ്പോൾ...


4 comments:

  1. നല്ല എഴുത്ത് ..വായിച്ചു കഴിഞ്ഞപ്പോൾ നോവിക്കുന്ന ഏതോ ഒരു ഓർമ്മ എന്നെയും തീണ്ടുന്നു ..

    ReplyDelete
  2. നിഷ്കളങ്കത നിറഞ്ഞ പച്ചയായ എഴുത്ത് ...

    ReplyDelete