Wednesday 5 September 2012

മഴ

 അത് ജൂലൈ മാസത്തിന്‍റെ അസ്തമയ ദിവസങ്ങളിലൊന്നായിരുന്നു, കര്‍ക്കിടക മാസത്തിന്‍റെ ഉദയദിവസങ്ങളും. പ്രകൃതിക്കും അന്തരീക്ഷത്തിനും ചൂട് കൂടി  കൂടി വരുന്നു. സ്കൂള്‍ തുറക്കുന്ന സമയത്തെ മഴയൊക്കെ  ഏത് വഴിയാണ് പോയത്? കുറച്ചു ദിവസങ്ങളായി മഴ പെയ്തിട്ട്. എങ്കിലും ഞാന്‍ സ്നേഹിക്കുന്ന മഴ എന്നെങ്കിലും ഒരിക്കല്‍ എന്നെ തേടി എത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ പ്രതീക്ഷയിലാണ് ദിവസവും സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ കുടയെടുത്ത് ബാഗില്‍ വെച്ചിരുന്നത്. ഈ കാത്തിരിപ്പ്‌ വെറുതെയാകുമെന്ന്‍ മനസ്സ് ഒരുപാടു തവണ മന്ത്രിച്ചിട്ടും ആ കുട എന്‍റെ ബാഗില്‍ നിന്നും പുറത്തെടുത്തില്ല. കാരണം, എനിക്ക് വിശ്വസിക്കാന്‍ ആകുമായിരുന്നില്ല ഞാന്‍ സ്നേഹിക്കുന്ന മഴ എന്നെ വഞ്ചിക്കുമെന്ന്‍...



ദിവസങ്ങള്‍ കടന്നു പോയി.  ആകാശത്ത് മേഘപ്പാളികള്‍ കുറഞ്ഞു കുറഞ്ഞു വന്നു. സൂര്യന്‍ തന്‍റെ  ശക്തി കാണിക്കുകയാണ്. എന്നിട്ടും മഴമേഘങ്ങള്‍ ഒരു രക്ഷാകവചം പോലെ  വന്നില്ല. ഒടുവില്‍ തീരുമാനിച്ചു. ഒരു ദിവസത്തിനുള്ളില്‍ വന്നില്ലെങ്കില്‍ ഇത്രയും കാലത്തെ ബന്ധം ഉപേക്ഷിക്കാം എന്ന്. അത്രയ്ക്ക് ദേഷ്യവും സങ്കടവും വന്നിരുന്നു. എന്‍റെ മനസ്സ് വായിച്ചെടുത്തിട്ടാവണം   ഞാന്‍ സ്കൂളില്‍ നിന്നും കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേയ്ക്കും ആകാശം കാര്‍മേഘം കൊണ്ട് മൂടിയിരുന്നു.  കോട്ടൂളിയിലേയ്ക്കുള്ള ബസ്‌ പുറപ്പെട്ട് അല്‍പ സമയത്തിന് ശേഷം മഴ പെയ്യാന്‍ തുടങ്ങി. സ്കൂളിലെ ടീച്ചര്‍മാര്‍ നല്‍കിയ ഗൃഹപാഠത്തെ കുറിച്ച് ആലോചിച്ചു വിഷമിച്ചിരുന്ന മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരിയുടെ തിളക്കം വീണു. കാറ്റത്ത്‌ മഴ കണ്ണടയുടെ ചില്ലുകള്‍ നനച്ചു, കാഴ്ച മങ്ങി. എങ്കിലും ബസിന്‍റെ ഷട്ടര്‍ താഴ്ത്താന്‍ മിനക്കെട്ടില്ല. ഒടുവില്‍ മഴയുടെ ശക്തി വല്ലാതെ  കൂടിയപ്പോള്‍ എന്‍റെ സഹയാത്രിക തുണി കൊണ്ടുള്ള ഷട്ടര്‍ താഴ്ത്തി. മഴ പെട്ടന്ന് ദൃഷ്ടിയില്‍ നിന്ന് മാഞ്ഞത് കൊണ്ടാകാം ഞെട്ടി തിരിഞ്ഞു നോക്കി. അപ്പോള്‍ എന്‍റെ സഹയാത്രിക കടും ചുവപ്പ് ചായം തേച്ച അവരുടെ ചുണ്ടുകള്‍ കോട്ടി ഒരു ആക്കിയ ചിരി ചിരിച്ച് അവര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍  ഇറങ്ങി. ഞാന്‍ അവളെ കാണുന്നില്ല എന്ന് അറിഞ്ഞത് കൊണ്ടാവാം മഴ അവളുടെ ശക്തി കുറച്ചു. ഞാന്‍ കോട്ടൂളിയില്‍ ഇറങ്ങി എന്‍റെ  വീട്ടിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും വീണ്ടും അവള്‍  എന്നെ തലോടിക്കൊണ്ട് വന്നു. ഞാന്‍ കുട ചൂടി അവളോടൊപ്പം അവളോടൊപ്പം നടന്നു. സന്തോഷവും സങ്കടവും കൊണ്ട് ഈ മുഖം വീര്‍ക്കുകയും കണ്ണുകള്‍ നിറയുകയും ചെയ്തിരിക്കണം, എതിര്‍ വഴിയില്‍ വന്ന ഒരാള്‍ എന്നെ തുറിച്ച് നോക്കിക്കൊണ്ട് കടന്നു പോയി. അയാള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞാന്‍ എന്‍റെ വീട്ടിലേക്ക് നടന്നു - മഴയുടെ സംഗീതത്തിനായ് വീണ്ടും കാതോര്‍ത്തു കൊണ്ട്...

No comments:

Post a Comment