Saturday 8 September 2012

ചിറകുകള്‍ കൊണ്ട് തീര്‍ത്ത ചിത്രം


ഓര്‍മകളിലൂടെ കഴിഞ്ഞ കാലത്തേക്ക് സഞ്ചരിച്ചപ്പോള്‍ കണ്മുന്നിലുണ്ടായിരുന്ന ചലിക്കുന്ന ചിത്രങ്ങള്‍ അവ്യക്തമായി. സ്വപ്‌നങ്ങള്‍ വാടി വീണ പൂക്കളെ പോലെ തോന്നിച്ചു. ഭൂതകാലത്തിന്‍റെ  അവ്യക്തമായ രൂപങ്ങള്‍ ഇന്ന് വീണ്ടും ഹൃദയത്തില്‍ തറയ്ക്കുന്ന വേദനയുമായി വന്നടുക്കുന്നതെന്തിനാണ്? അന്നൊഴുക്കിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് സാക്ഷിയായ മഴ ഒരു അടയാളവും അവശേഷിപ്പിക്കാതെ  എല്ലാം മായ്ച്ചു കളഞ്ഞു. എത്രയോ  മഴപ്പാറ്റകള്‍ അന്ന് ചിറക് മുളച്ച് പറന്നുയര്‍ന്നു. ഒരു രാത്രി കഴിഞ്ഞപ്പോള്‍ അവയെല്ലാം ചിറക് കൊഴിഞ്ഞ് നിസ്സഹായരായി മരിച്ചു വീണു. അന്ന് ജീവന്‍ നഷ്ടപ്പെട്ട മഴപ്പാറ്റകളെ ഞാന്‍ മറന്നു. പക്ഷെ ചിറക് കൊഴിഞ്ഞ്, മരണത്തിന്‍റെ  ഭീകരത ഓരോ നിമിഷവും കണ്മുന്നില്‍ കണ്ടു ഒരിറ്റ് ജീവന്‍ മാത്രം ബാക്കിയായ  ചില മഴപ്പാറ്റകളെ  ഞാന്‍ കണ്ടു. അന്ന് എന്‍റെ ചിറകുകളും കൊഴിഞ്ഞു വീണിരുന്നു. പക്ഷെ ആ മഴപ്പാറ്റകളെ പോലെ കൊഴിഞ്ഞ ചിറകുകള്‍ എന്‍റെ ജീവനെടുത്തില്ല. ചിറകുകളില്ലാതെ ജീവിക്കാന്‍ ഞാന്‍ പഠിച്ചു. അപ്പോള്‍ എനിക്ക് കാലുകള്‍ മുളച്ചു വന്നു...  



No comments:

Post a Comment