Wednesday 6 August 2014

സൗഹൃദദിനത്തിൽ

ആഗസ്റ്റ് 3. 
സൗഹൃദദിനമാണത്രെ.. 


ഫോൺ വഴിയും ഇന്റർനെറ്റ് വഴിയും എന്റെ ഇൻബോക്സ് സൗഹൃദദിനാശംസകൾ കൊണ്ട് നിറച്ച സുഹൃത്തുക്കൾ ഇത്തവണ കുറവാണ്.. 
എങ്കിലും ഫേസ്ബുക്കിൽ പലരും പോസ്റ്റ് ചെയ്തിരിക്കുന്ന ആശംസാചിത്രങ്ങൾ കണ്ടപ്പോൾ ഓർത്തു പോയത് പഴയ ഒരു കൂട്ടുകാരനെയാണ്.
ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച ഒരു കൂട്ടുകാരനെ..


അച്ഛമ്മയ്ക്ക് വയ്യാതായപ്പോൾ അത് വരെ കൊച്ചിയിൽ ജോലി ചെയ്തിരുന്ന അച്ഛൻ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു. അങ്ങനെ അത് വരെ കൊച്ചിയിലെ ഒരു നഴ്സറി സ്കൂളിൽ പോയിരുന്ന ഞാൻ കോഴിക്കോട്ടെ ഒരു സ്കൂളിൽ അല്പം വൈകിയെങ്കിലും ഒന്നാം ക്ലാസിൽ ചേർന്നു.

എന്നെ പോലെ ക്ലാസിൽ നേരത്തെ എത്തിയിരുന്ന കുട്ടിയായിരുന്നു അവനും. എന്നെ പോലെ തന്നെ അവനും അന്നൊരു അന്തർമുഖനായിരുന്നു. കണ്ടാൽ ഒന്ന് ചിരിക്കും, അത്ര തന്നെ. മാത്രവുമല്ല അവൻ അന്നേ ക്ലാസിൽ ഫസ്റ്റും ടീച്ചർമാരുടെ കണ്ണിലുണ്ണിയുമായിരുന്നു. നമ്മക്ക് വേണ്ടപ്പാ ഇത്രേം വല്യ പുള്ളികളോട് കൂട്ട് എന്ന മട്ടിൽ ഞാൻ മിണ്ടാതെ ക്ലാസിലെ ഒരു കോണിൽ പോയിരിക്കും. ഇങ്ങോട്ട് വന്നു പരിചയപ്പെടാൻ അവനും വല്യ ഉത്സാഹമൊന്നും ഉണ്ടായിരുന്നില്ല.

ഓണപ്പരീക്ഷയുടെ റിസൾട്ട് വന്നപ്പോഴാണത് സംഭവിച്ചത്. എനിക്കും അവനും എല്ലാ വിഷയങ്ങളിലും ഏകദേശം ഒരേ മാർക്ക്. കണക്കുപരീക്ഷയുടെ ഫലം വന്നപ്പോൾ അവന് എന്നേക്കാൾ ഒരു മാർക്ക് കൂടുതൽ. അത്തവണത്തെ പരീക്ഷയിൽ അവനായിരുന്നു ക്ലാസിൽ ഫസ്റ്റ്, ഞാൻ രണ്ടാമതും..

പ്രോഗ്രസ് കാർഡ് കൊടുക്കുന്ന ദിവസം സ്വന്തം അമ്മയ്ക്കൊപ്പം നിൽക്കുന്ന അവനെ ഞാനെന്റെ അമ്മയ്ക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു, അതാണ് ഞങ്ങളുടെ ക്ലാസിലെ ഏറ്റവും പഠിക്കുന്ന കുട്ടി എന്ന്. ഞങ്ങൾ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. അമ്മ വേഗം എന്റെ കയ്യും പിടിച്ച് അവരെ പരിചയപ്പെടാൻ ചെന്നു. എന്റെ അമ്മയും അവന്റെ അമ്മയും പെട്ടന്ന് കൂട്ടായി. ഒപ്പം എങ്ങനെയോ ഞങ്ങളും..
പിന്നെ പിന്നെ രാവിലെ നേരത്തെയെത്തി മറ്റു കുട്ടികളെ ഞങ്ങൾ കാത്തു നിന്നില്ല. ബാഗും ക്ലാസിൽ വെച്ച് ഗ്രൗണ്ടിലേക്കോടും - കളിക്കാൻ. വല്ല അസുഖവും വന്ന് എനിക്ക് സ്കൂളിൽ പോകാൻ പറ്റാതിരുന്നാൽ അവന്റെ വീട്ടിൽ ചെന്നായിരുന്നു നോട്ട്സൊക്കെ എഴുതിയെടുത്തിരുന്നത്. അവനും ലീവായാൽ അങ്ങനെ തന്നെ. അമ്മമാരെ നോട്സ് എഴുതിയെടുക്കാൻ വിട്ട് ഞങ്ങൾ വീടിനു ചുറ്റും കളിച്ചു നടക്കും.ചെറുപ്പം മുതൽക്കേ അവന് ആസ്മയുടെ പ്രശ്നമുണ്ടായിരുന്നു. ഞങ്ങളോടിക്കളിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അവന്റെ അമ്മ വന്ന് അവന്റെ തലയിലെ വിയർപ്പ് തുടച്ചുകൊണ്ടിരുന്നു. അവനെനിക്ക് പലതും പഠിപ്പിച്ചു തന്നു.. പാവക്കുട്ടികളേപ്പോലെ തന്നെ കാറുകളെയും കളിത്തോക്കുകളെയും ആക്ഷൻ ഹീറോകളെയും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയത് അവൻ കാരണമായിരുന്നല്ലോ.. ഈർക്കിളും നൂലും കൊണ്ട് അമ്പും വില്ലും ഉണ്ടാക്കാനൊക്കെ എനിക്ക് പഠിപ്പിച്ചു തന്നത് അവനായിരുന്നു. തിരിച്ച് ഓല കൊണ്ട് പന്തും കാറ്റാടിയും കണ്ണാടിയും മറ്റുമൊക്കെ ഉണ്ടാക്കാൻ ഞാൻ അവനെയും പഠിപ്പിച്ചു.

ആറ് വർഷങ്ങൾ പ്പെട്ടന്ന് കടന്നു പോയി. എന്റെ അച്ഛന് വീണ്ടും സ്ഥലം മാറ്റം - ഇത്തവണ ചെന്നൈയിലേക്ക്. വീണ്ടും നാട്ടിലേക്ക് വന്നപ്പോൾ പ്ലസ് ടുവിന് അവൻ പഠിക്കുന്ന അതേ സ്കൂളിൽ ചേർക്കാൻ പറഞ്ഞത് അവന്റെ അമ്മ തന്നെയായിരുന്നു.. പക്ഷെ അപ്പോഴേക്കും അവനൊരുപാട് മാറിപ്പോയിരുന്നു. സ്കൂളിൽ വെച്ച് ഒന്ന് ചിരിച്ചാൽ പോലും അവൻ യാതൊരു പരിചയവും കാണിച്ചില്ല. സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറി. അന്നെനിക്കത് വലിയ വിഷമമായി. ബാല്യത്തിന്റെ സുന്ദരമായ ഓർമകളിൽ അവൻ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. ഒരിക്കൽ അച്ഛനുമമ്മയ്ക്കുമൊപ്പം അവന്റെ വീട്ടിൽ ചെന്നപ്പോൾ പക്ഷെ അവന് ഈ അപരിചിതത്ത്വമൊന്നും ഉണ്ടായില്ല. ഞങ്ങൾ കുറേ നേരം ഓരോന്ന് സംസാരിച്ചിരുന്നു. അവൻ സ്കൂളിൽ വെച്ച് സംസാരിക്കാതിരിക്കുന്നതിനെ പറ്റി എനിക്ക് നല്ല പരിഭവമുണ്ടായിരുന്നു. ഞാനത് പറഞ്ഞപ്പോൾ മുതിർന്ന ഒരാളെ പോലെ അവനെന്നെ ഉപദേശിച്ചു, "സ്കൂളീന്നെന്നോട് മിണ്ടാനൊന്നും വരണ്ട. ബാക്കിയുള്ള കുട്ടികൾ വെറുതേ കളിയാക്കും."
"അതിനെന്താ?", ഞാൻ ചോദിച്ചു, "കളിയാക്കുന്നോര് കളിയാക്കിക്കോട്ടെ."
"അത് ശരിയാവൂല. അല്ലെങ്കി തന്നെ നിന്നെ _________ന്റെ പേര് വെച്ച് കളിയാക്കുന്നുണ്ട്. ഞാനിത്രേം കാലം രക്ഷപ്പെട്ടതാ. ഇനി ഇതൊന്നുമെടുത്ത് തലേല് വെക്കാൻ എനിക്ക് പറ്റൂല", അവൻ തീർത്ത് പറഞ്ഞു.
അനുസരിക്കാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു. എന്തായാലും സ്കൂളിൽ വെച്ച് അവനെന്നോട് മിണ്ടില്ല.
പക്ഷെ ട്യൂഷൻ ക്ലാസിൽ വെച്ചും മറ്റും അവനെന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ബാല്യത്തിൽ നട്ട വേരുകളിലൂന്നി ആ സൗഹൃദം വീണ്ടും തഴച്ചു വളർന്നു...

പ്ലസ് ടു കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഞാൻ ഗുരുവായൂരപ്പൻ കോളേജിലും പിന്നീട് പോണ്ടിച്ചേരിയിലേക്കും പോയി. അവൻ മറ്റെന്തൊക്കെയോ കോഴ്സ് പഠിക്കാനും. പിന്നീട് ഞാനവനെ കണ്ടിട്ടില്ല. വല്ലപ്പോഴും അവന്റെ അമ്മ വീട്ടിൽ വരും. അച്ഛനുമമ്മയും അവന്റെ വീട്ടിലും പോയിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ കണ്ടില്ല. ഇപ്പോൾ ആറ് വർഷങ്ങൾ കഴിഞ്ഞു. ഇവിടെ അടുത്ത് തന്നെയാണവന്റെ വീട്. എന്നിട്ടും ഞാനവനെ കണ്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല. അവനും അതാഗ്രഹിക്കുന്നില്ല എന്ന ബോധ്യമുള്ളത് കൊണ്ടാവാം..

പക്ഷെ മനസ്സിലെ പ്രിയപ്പെട്ട ഒരു കോണിൽ സൂക്ഷിക്കുന്നുണ്ട് ആ സൗഹൃദവും അതിന്റെ സുന്ദരമായ ഓർമകളും..

കാലങ്ങൾ കഴിഞ്ഞ് ഞാൻ ഒരമ്മയും മുത്തശ്ശിയും ഒക്കെ ആയിക്കഴിയുമ്പോൾ ഇന്റർനെറ്റിന്റെയും യന്ത്രങ്ങളുടെയും ലോകത്തേക്ക് ജനിച്ചയുടൻ പിച്ച വെച്ചു കയറുന്ന എന്റെ പേരക്കുട്ടികൾക്ക് നല്ല മഴയുള്ള ഒരു രാത്രിയിൽ എനിക്ക് പറഞ്ഞു കൊടുക്കണം - ഞങ്ങളുടെ സൗഹൃദത്തിന്റെ കഥ..

"പണ്ട് പണ്ട് മുത്തശ്ശിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. ഈർക്കിൾ കൊണ്ട് അമ്പും വില്ലും ഉണ്ടാക്കാൻ പഠിപ്പിച്ച, മിഠായികൾ കൈമാറിയിരുന്ന, ഒന്നിച്ച് കളിച്ചു നടന്ന, ഒടുവിൽ ഒന്നും പറയാതെ വെറുതേ അങ്ങ് മാഞ്ഞു പോയ ഒരു കൂട്ടുകാരൻ....."


No comments:

Post a Comment