Wednesday 6 August 2014

നിറം മങ്ങുന്ന പനിനീർപ്പൂക്കൾ

പിണങ്ങി മുഖം തിരിച്ച് അകലേയ്ക്ക് നടന്നകന്ന അക്ഷരക്കൂട്ടങ്ങൾ ദൂരെ നിന്ന് പിണക്കം മാറി ചെറുതായൊന്ന് പുഞ്ചിരിക്കാൻ തുടങ്ങിയപ്പോൾ...
(2014 ജൂലൈ ലക്കം വെട്ടം ഓൺലൈൻ മാസികയിൽ വന്ന ഒരു അനുഭവക്കുറിപ്പ്.. http://vettamonline.com/?p=16113)

പാഠപുസ്തകങ്ങൾക്കൊരു താത്ക്കാലിക അവധി കൊടുത്ത ഏഴ് വർഷങ്ങൾക്ക് മുൻപത്തെ ഒരു വേനലവധിക്കാലത്താണ് അച്ഛനുമമ്മയ്ക്കുമൊപ്പം ഒരുത്തരേന്ത്യൻ യാത്ര നടത്തിയത്. ഡൽഹി, ആഗ്ര, ഷിമ്ല, മണാലി, ചാണ്ഡിഗഢ് എന്നിവിടങ്ങളിലൂടെ മുഗൾ രാജവംശത്തിന്റെ പഴയ പ്രതാപത്തെ ഓർമിപ്പിച്ചു കൊണ്ട് തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങളിൽ നിന്നും ആധുനിക ഭാരതത്തിലേയ്ക്കുള്ള വഴി മനസ്സിൽ പകർത്തിയ യാത്ര. ഒരുപാട് കഥകൾ കേട്ട പതിനൊന്ന് ദിനരാത്രികൾ. ചതിയുടെ, വഞ്ചനയുടെ, യുദ്ധത്തിന്റെ, ജയത്തിന്റെ, തോല്വിയുടെ, അടിച്ചമർത്തപ്പെടലിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ, ചെറുത്തുനിൽപ്പിന്റെ, ഒപ്പം, ആർക്കോ വേണ്ടി ജീവൻ വെടിഞ്ഞ ആരാലുമോർമിക്കപ്പെടാത്ത കുറേ ജീവിതങ്ങളുടെ കഥകൾ...

മണാലിയിലെ മഞ്ഞ് മൂടിയ പർവ്വതനിരകളിൽ നിന്നും വേനൽച്ചൂടിൽ വെന്തുരുകുന്ന ചാണ്ഡിഗഢിലെത്തിയപ്പോൾ രാത്രിയായിരുന്നു. അവിടുത്തെ പ്രധാന ആകർഷണങ്ങളായ റോസ് ഗാർഡനും റോക്ക് ഗാർഡനും കണ്ട് ഡൽഹിയിലേയ്ക്ക് തിരിക്കുകയാണ് അടുത്ത ദിവസം എന്ന് പഞ്ചാബി രീതിയിലുള്ള അത്താഴത്തിനിടെ ഗൈഡ് വന്നു പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ പനിനീർപ്പൂന്തോട്ടവും, നേക് ചന്ദ് എന്ന കലാകാരൻ വെറും പാഴ്വസ്തുക്കൾ മാത്രമുപയോഗിച്ച് വിസ്മയം തീർത്ത റോക്ക് ഗാർഡനും കാണാൻ അക്ഷമയോടെ അടുത്ത പുലരിയ്ക്കായ് കാത്ത് കിടന്നുറങ്ങി.

റോസ് ഗാർഡനിൽ 590-ൽ പരം തരത്തിലുള്ള റോസാച്ചെടികളുണ്ട്. പല നിറങ്ങളിൽ, വലിപ്പത്തിൽ, സുഗന്ധം പരത്തിയും അല്ലാതെയും, അവ മനുഷ്യനവർക്കിട്ട പേരെഴുതിയ ബോർഡിനരികിൽ സ്നേഹത്തിന്റെ പ്രതീകമായി നിരന്നു നിന്നു. വേനലോ, അതോ ആധുനിക ലോകത്തെ സ്നേഹത്തെ സൂചിപ്പിച്ചു കൊണ്ടോ, അല്പം വാടിയാണ് മിക്കവയുടെയും നിൽപ്പ്. തോട്ടപരിപാലകർ അവിടവിടെ അവരുടെ ജോലികളിൽ മുഴുകി നിൽക്കുന്നു. കാഴ്ച്ചകൾ കണ്ടും ഫോട്ടോ എടുത്തും പനിനീർപ്പൂക്കൾക്കിടയിലൂടെ ഞങ്ങൾ നടന്നു. അങ്ങനെ നടന്നു നടന്ന് ഒരറ്റത്തെത്തിയപ്പോൾ അവിടെ മതിലിനോട് ചേർത്ത് കെട്ടിയ ഒരു ടെന്റിനരികിൽ രണ്ട് പെൺകുട്ടികൾ നിൽക്കുന്നത് കണ്ടു. മൂത്തവൾക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സ്. നിറം മങ്ങി കീറിത്തുടങ്ങിയ ഒരു ചുരിദാറാണ് വേഷം. ചെമ്പിച്ച മുടി ഇരുവശവും പിന്നിക്കെട്ടിയിരിക്കുന്നു. കുട്ടിത്തം വിട്ടുമാറാത്ത മുഖം. ഇളയകുട്ടിക്ക് ഏകദേശം മൂന്ന് വയസ്സ് കാണും. അവളൊരു കുസൃതിക്കുടുക്കയായിരുന്നു. മൂത്തകുട്ടി ഒരു കുട്ടിയുടുപ്പെടുത്ത് അവൾക്ക് പിന്നാലെ നടന്നു. എങ്കിലും പൊള്ളുന്ന വേനൽച്ചൂടിൽ ഉടുപ്പിടാൻ ഇളയവൾ കൂട്ടാക്കിയില്ല. അവൾ ഓടിയൊളിക്കാൻ ശ്രമിച്ചു. ഇടയ്ക്ക് ഒരാൾ വന്നെന്തോ പറഞ്ഞതും മുതിർന്നവൾ ടെന്റിനകത്ത് കയറി അയാൾക്ക് വെള്ളവും കൊണ്ടു വന്നു. ഇളയകുട്ടി "പാ" എന്ന് വിളിച്ചുകൊണ്ട് അയാൾക്കരികിലേയ്ക്കോടിച്ചെന്നത് കണ്ട് അതവരുടെ അച്ഛനായിരിക്കുമെന്ന് ഞങ്ങളൂഹിച്ചു. അവിടുത്തെ അനേകം തോട്ടപരിപാലകന്മാരിലൊരാൾ. അയാൾ പോയിക്കഴിഞ്ഞാണ് ഞങ്ങളവരെ ശ്രദ്ധിക്കുന്നതവൾ കണ്ടത്. ഉടനെ തിരിച്ചോടിച്ചെന്ന അവളോട് മുതിർന്ന കുട്ടി ഞങ്ങളെ ചൂണ്ടിക്കാണിച്ച് എന്തോ പറഞ്ഞതും ആ കുസൃതിക്കുടുക്ക മറുത്തൊന്നും പറയാതെ നാണിച്ച് കുപ്പായത്തിനുള്ളിൽ കയറി ഞങ്ങളെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ മയങ്ങിയാണ് ഞങ്ങളവർക്കരികിലേയ്ക്ക് ചെന്നതും അവരോട് അറിയാവുന്ന ഹിന്ദിയിൽ സംസാരിക്കാമെന്ന് കരുതിയതും. ഇളയവൾ ഞങ്ങളെ കണ്ട് വീണ്ടുമൊന്ന് പുഞ്ചിരിച്ചു. ഞങ്ങളും ഒന്ന് ചിരിച്ച് അവരെ അടുത്തേയ്ക്ക് വിളിച്ചു. ഒട്ടും മടിക്കാതെ അവളടുത്തേയ്ക്ക് വന്നു. മൂത്തവൾ ഒന്ന് മുന്നോട്ടു വന്ന് മടിച്ചു നിന്നതേയുള്ളൂ. അപരിചിതരോട് സംസാരിക്കാൻ അവൾക്ക് മടി കാണും. ഇളയവളോട് ഞാൻ ചോദിച്ചു, "നാം ക്യാ ഹേ ബേട്ടീ?" (പേരെന്താ മോളൂ?)

"ഗുൻഗുൻ", പുഞ്ചിരി മായാതെ അവൾ പറഞ്ഞു.

ഗുൻഗുനിന്റെ ചേച്ചിയോടും ഞങ്ങൾ പേര് ചോദിച്ചു.

അവൾ പറഞ്ഞു, "മൂനാ".

മൂനാ? ഇതെന്ത് പേര്? മോന എന്നാവുമെന്ന് കരുതി ഞാൻ ചോദിച്ചു, "മോന?"

അവൾക്കതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു, ഒരല്പം അക്ഷമയോടെ അവൾ പറഞ്ഞു, "മോനാ നഹീ, മൂനാ.."

പിന്നെ ഞാനധികം പേരിനെ കുറിച്ച് അവളോടൊന്നും പറഞ്ഞില്ല. സ്വന്തം പേര് ആരും ശരിക്കും പറയാത്തതിന്റെ ക്ഷീണം മറുനാട്ടിൽ പഠിക്കാൻ തുടങ്ങിയ കാലം മുതൽക്കേ അറിയുന്ന ആളാണല്ലോ ഞാൻ. വിഷയം മാറ്റാൻ വേണ്ടി അവരോട് വീടിനെ കുറിച്ചും മറ്റുമൊക്കെ വെറുതേ ചോദിച്ചു. അവർ അവരുടെ ടെന്റ് കാണിച്ചു. എന്തൊക്കെയോ കുറേ വിശേഷങ്ങളും പറഞ്ഞു തന്നു. അച്ഛൻ അടുത്തൊരു കടയിൽ നിന്നും രണ്ട് പേർക്കും ഓരോ പാക്കറ്റ് ബിസ്ക്കറ്റൊക്കെ വാങ്ങിക്കൊടുത്തു. ഗുൻഗുൻ വായാടിയാണ്. അവളുടെ അച്ഛൻ പുല്ല് വെട്ടുന്നതും കളകൾ പറിച്ചെറിയുന്നതും മറ്റും എങ്ങനെയാണെന്നൊക്കെ മനോഹരമായി ആ മിടുക്കി അഭിനയിച്ചു കാണിച്ചു തന്നു. മൂന അധിക സമയവും നാണിച്ചു നിന്നതേയുള്ളൂ. അവളുടെ നാണം മാറ്റാനായി ഞങ്ങൾ വേറുതേ ചോദിച്ചു,"സ്കൂൾ നഹീ ജാത്തീ ബേട്ടാ?" (സ്കൂളിൽ പോകുന്നില്ലേ?)

മൂന എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു,"മേരീ ശാദീ ശുദാ ഹോ ചുകീ ഹേ" (എന്റെ കല്യാണം കഴിഞ്ഞതാ)

ആദ്യമായവളെ കാണും പോലെ ഞങ്ങൾ മൂന്ന് പേരും അവളെ നോക്കി നിന്നു. ആ കൊച്ചു കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നോ? ചോദിക്കേണ്ടെന്ന് കരുതിയെങ്കിലും അറിയാതെ ചോദിച്ചു പോയി,"കിസ് സേ?" (ആരുമായി?)

കുറച്ചപ്പുറത്തായി പുല്ല് വെട്ടിക്കൊണ്ടിരുന്ന, ഗുൻഗുൻ 'പാ' എന്ന് വിളിച്ചയാളുടെ നേർക്കവൾ വിരൽ ചൂണ്ടി. ഇവളപ്പോൾ ഗുൻ ഗുനിന്റെ അമ്മയായിരുന്നോ? ഞങ്ങൾ വാങ്ങിക്കൊടുത്ത ബിസ്ക്കറ്റ് പൊട്ടിച്ചു തിന്നു കൊണ്ടിരുന്ന ഗുൻഗുന് വയറ് നിറഞ്ഞു കാണണം. അവൾ മൂനയോട് പറഞ്ഞു, "മാ, പക്ഡോ."

കുറച്ചു നേരം ഒന്നും മിണ്ടാനാവാതെ ഞങ്ങൾ ആ കുട്ടികളെയും നോക്കി നിന്നു. കുട്ടിത്തം വിട്ടുമാറാത്ത ആ മുഖങ്ങൾ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗൈഡ് വന്ന് മടങ്ങാൻ സമയമായെന്ന് പറയുമ്പോൾ അവരോട് വിട പറഞ്ഞ് തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ അറിഞ്ഞു, ആ യാത്ര മറ്റൊരു കഥ കൂടി പറഞ്ഞു തരികയായിരുന്നെന്ന് - മാറിയ മുഖഭാവവുമായി പുതുപുത്തൻ ചമയങ്ങളുമണിഞ്ഞൊരുങ്ങി നിൽക്കുന്ന രാജ്യത്തിന്റെ മനസ്സിലെ മായാത്ത രോഗത്തിന്റെ, ചിന്തകളുടെ, നഷ്ടസ്വപ്നങ്ങളുടെ, വിടരും മുൻപേ വാടിക്കൊഴിയുന്ന പനിനീർപ്പൂക്കളുടെ കഥ. ആ കഥയറിയാവുന്നത് കൊണ്ടാവണം തോട്ടത്തിലെ പനിനീർപ്പൂക്കൾ ഉച്ചവെയിലിൽ നിറം മങ്ങി തല താഴ്ത്തി നിന്നത്...

No comments:

Post a Comment