Monday 13 February 2017

തെരുവിന്‍റെ മക്കള്‍ക്ക് ജീവന്‍ വെച്ചപ്പോള്‍



പറയാന്‍ പോകുന്നത് ശനിയാഴ്ച്ചയെ കുറിച്ചാണ്. മുഖവുരയില്ലാതെ പറയാം - എം ടി യെ കാണാമല്ലോ എന്ന ഉത്സാഹമായിരുന്നു എന്നെ നയിച്ചത്. പിന്നെ ഒരു ചെറിയ ജിജ്ഞാസയും.. പക്ഷെ ആരോഗ്യപ്രശ്നങ്ങളാല്‍ എം ടി യ്ക്ക് വരാന്‍ കഴിയാഞ്ഞപ്പോള്‍ സങ്കടവും നിരാശയും കലര്‍ന്ന ഒരിറ്റു കണ്ണുനീര്‍ അദ്ദേഹത്തിന്‍റെ ഒപ്പ് വാങ്ങാന്‍ കൊണ്ടുപോയ "വാനപ്രസ്ഥ"ത്തില്‍ ചെന്നു വീണു. അപ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞിരുന്നു. എങ്കിലും ഞങ്ങള്‍ മടങ്ങിയില്ല. ഇരുണ്ട് കഴിഞ്ഞിരുന്ന ആകാശത്തിന് കീഴില്‍ കാത്തിരുന്നു - ആ ജിജ്ഞാസയുടെ ശക്തിയില്‍...
പിടിച്ചിരുത്തിയ മുഖ്യപ്രാസംഗികനോ, ഇഷ്ടപ്പെട്ട എഴുത്തുകാരോ, കോഴിക്കോടിന്‍റെ മണ്ണില്‍ നിന്നും വളര്‍ന്നു വന്ന അഭിനേതാക്കാളോ ഒന്നുമല്ല, ആ പഴയ ജിജ്ഞാസ തന്നെയാണ് ഉദിച്ചുയരുന്ന ചന്ദ്രനേയും മിന്നിത്തിളങ്ങിയ നക്ഷത്രങ്ങളെയും ഇടയ്ക്കിടെ വന്നുപോയ മിന്നലിനെയും സാക്ഷിയാക്കി ഇരിപ്പുറപ്പിക്കാന്‍ കാരണമായത്.
കാത്തിരിപ്പിനൊടുവില്‍ അരങ്ങുണര്‍ന്നു. തെരുവിന്‍റെ കാവലാളായി ഇന്നും നിലനില്‍ക്കുന്ന തെരുവിന്‍റെ കഥാകാരന് അരങ്ങില്‍ ജീവന്‍ വെച്ചു. അദ്ദേഹം തെരുവിന്‍റെ മക്കളുടെ കഥ പറഞ്ഞു തുടങ്ങി...
വാര്‍ത്തകള്‍ വിഷമസ്ഥിതിയാക്കി പത്രം വിറ്റ്‌ നടക്കുന്ന കുറുപ്പും ചില കുഞ്ഞു തരികിടകളുമായി ജീവിച്ചു പോകുന്ന കൂനന്‍ കണാരനും, മനസ്സിലെ സങ്കടങ്ങള്‍ മറച്ചു വെച്ച് എല്ലാവരെയും ചിരിപ്പിച്ച് പെട്ടന്നൊരുനാള്‍ മറഞ്ഞുപോയ മമ്മദും, ഭാണ്ഡക്കെട്ടില്‍ എന്നോ പൊട്ടിയ കുപ്പിവളകളും ആത്മരക്ഷയ്ക്കെന്നവണ്ണം പായയ്ക്കുള്ളില്‍ അരിവാളും ഒളിപ്പിച്ചു വെച്ച ആമിനതാത്തയും, ഓമഞ്ചിയും രാധയും അയ്യപ്പനും ജാനുവും കുരുടന്‍ മുരുഗനും ഒക്കെ കാലങ്ങള്‍ക്കിപ്പുറം തെരുവില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു.
ഇരുട്ട് വീണ സദസ്സിലിരുന്ന്‍ കാണികള്‍ അവര്‍ക്കൊപ്പം പൊട്ടിച്ചിരിച്ചു, ജോലിയ്ക്ക് പോയ രാധയെ ഓര്‍ത്ത് വേവലാതിപ്പെട്ടു, മുരുടയും മകളും പോയ കുരുടന്‍ മുരുഗനൊപ്പം കരഞ്ഞു, കണാരന്‍ കയ്യിലേന്തിയ സ്വന്തം അരിവാള്‍ കണ്ട് നിലവിളിച്ച ആമിനത്താത്തയുടെ നിലവിളികേട്ട് എന്നോ പതിട്ടാണ്ടുകള്‍ക്കപ്പുറം പൊട്ടിയ കുപ്പിവളകളുടെ സ്മരണയില്‍ ഞെട്ടിത്തരിച്ചിരുന്നു...
കാലം മാറിയിട്ടും മാറാത്ത വേദനകളുമായി ജീവിക്കുന്ന മനുഷ്യരെ - നമ്മളെയൊക്കെ - വീണ്ടും ഓര്‍ത്തു.
ജിജ്ഞാസ നിരാശപ്പെടുത്തിയില്ല.
നന്ദി.
ചന്ദ്രകാന്തം സാംസ്ക്കാരിക വേദിയ്ക്കും, സംവിധായകന്‍ ശ്രീ Vijayan V Nair ക്കും, നോവലിന് അരങ്ങിന്‍റെ ഭാഷ്യം നല്‍കിയ ശ്രീ M K Ravi Varmaയ്ക്കും, അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും...
2017 - ല്‍ നിന്നും പതിറ്റാണ്ടുകള്‍ പിറകോട്ട് കൊണ്ട് പോയതിന്...
പ്രിയ കഥാപാത്രങ്ങളെ കണ്മുന്നില്‍ കൊണ്ട് നിര്‍ത്തിയതിന്...
മറന്നുപോയതെന്തൊക്കെയോ ഓര്‍മ്മിപ്പിച്ചതിന്...

തെരുവിന്‍റെ കഥാകാരനും തെരുവിന്‍റെ മക്കളും തന്നെയാവാം ആകാശത്തെ നക്ഷത്രങ്ങളിലൂടെ നിങ്ങളെ നോക്കി പുഞ്ചിരി തൂകിയത്...

2 comments:


  1. Nannayittundu nalla aakhyanam, ORU nismisha neram kondu aa kadhayiloode motham sanjarikkanum kadhapatrangale onnoode orthedukkanum avariloode onnu pinthirinju nokkanum avasaram orukki thanna ee postinum ORU padu nandi

    All the best.

    ReplyDelete