Tuesday 22 April 2014

ഒരു വിടവാങ്ങൽ സന്ദേശം



ജീവിതയാത്ര ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇനിയുള്ള നിമിഷങ്ങൾ വിലപ്പെട്ടതാണ്. ഇനി വരാനിരിക്കുന്ന ഓരോ രാവും പകലും എന്റെയുള്ളിൽ നിറഞ്ഞു നിൽക്കണം. വിരിയുന്ന ഓരോ പൂവും തഴുകിയകലുന്ന ഓരോ കാറ്റും കൊണ്ട് ഉള്ള് നിറയ്ക്കണം. എനിക്ക് വഴി മാറിപ്പോകാൻ സമയമായിരിക്കുന്നു. അതിന് മുൻപ് ഇവിടം വരെയുള്ളൊരീ യാത്ര സുഖകരമാക്കി തന്ന ചിലരോടൊരു വാക്ക്... നന്ദി..

1. പത്ത് മാസം ആ ഗർഭപാത്രത്തിൽ അഭയം തന്നതിന് നന്ദി പറഞ്ഞ് അപമാനിക്കുന്നില്ല. എങ്കിലും, ഈ മകൾക്ക് ഒരു നല്ല കൂട്ടുകാരിയായതിന്, എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിച്ചതിന്, പറയാതെയറിഞ്ഞ എന്റെ നൊമ്പരങ്ങൾക്ക്, അമ്മയെ പോലൊരു പെണ്ണാക്കിയെന്നെ വളർത്തിയതിന്, ഒരുപാട് സ്നേഹം തന്നതിന്..

2. ശരിയും തെറ്റും തിരിച്ചറിയാൻ പഠിപ്പിച്ചതിനും, ചുറ്റുമുള്ള ലോകത്തെ കാണാൻ പാകത്തിനെന്റെ കണ്ണുകൾ തുറപ്പിച്ചതിന്, മൂല്യങ്ങളുടെ തിരി കൊളുത്തിയതിന്, അറിവ് പകർന്നതിന്, എന്റെ അച്ഛന്..

3. അദൃശ്യമായെന്നെ കാക്കുന്നൊരു നക്ഷത്രം പോലെ അകലെ നിന്ന് നോക്കുന്ന എന്റെ ഏട്ടന്, ഈ കുഞ്ഞു പെങ്ങളുടെ രക്ഷിതാവായി കൂടെ നടന്നതിന്, കുറുമ്പുകളൊക്കെയും പൊറുത്തതിന്, ആ വാത്സല്യം എനിക്കായ് മാത്രം കരുതി വെച്ചതിന്..

4. അമ്മയോട് പോലും പറയാത്ത മനസ്സിലെ ആഴത്തിലെ രഹസ്യങ്ങൾ ചുരണ്ടിയെടുത്തതിന്, അവയ്ക്ക് ആരുമറിയാതെ പരിഹാരം കണ്ടതിന്, പിന്നെ വല്ലപ്പോഴും നമ്മൾ രണ്ടുപേരും മാത്രം തനിച്ചാകുമ്പോൾ ഒരു കള്ളച്ചിരിയോടെ കളിയാക്കിയതിന്,, പിന്നെ സ്നേഹപൂർവ്വമുള്ളൊരു തലോടലിലൂടെ എന്റെ പരിഭവം മറച്ചതിന്, എന്റെ ചേച്ചിക്ക്..

5. എന്റെയുള്ളിലും ഒരു അമ്മ മനസ്സ് തുടിക്കുന്നുണ്ടെന്നും ആ വാത്സല്യമെന്നിലുണ്ടെന്നും അറിയിച്ച എന്റെ അനുജന്..

6. എന്നോട് മാത്രമായി വാശി കാണിക്കുകയും പിണങ്ങുകയും ഒടുവിൽ എന്റെയരികിൽ തന്നെ വന്ന് രാത്രി എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കിടക്കുകയും ചെയ്യുന്ന എന്റെ കുഞ്ഞനുജത്തിക്ക്..

7. പഴങ്കഥകൾ പറഞ്ഞു തന്നിരുന്ന, മനുഷ്യരെയും ഗന്ധർവന്മാരെയും അസുരന്മാരെയും ഒരേ പോലെ പരിചയപ്പെടുത്തി തന്ന എന്റെ മുത്തശ്ശിക്ക്..

8. തലമുറകളുടെ അന്തരമൊന്നുമൊരു പ്രശ്നമല്ലെന്ന് നടിച്ച് ഒരേ വീട്ടിൽ കഴിയുമ്പോഴും പലപ്പോഴും എടുത്ത് ചാടി ചെയ്യുമായിരുന്ന പലതും തീക്ഷ്ണമായൊരു നോട്ടം കൊണ്ട് കടിഞ്ഞാണിട്ടതിന്, എന്റെ മുത്തശ്ശന്..

9. മിഠായിപ്പൊതികളും ചോറ്റുപാത്രവും മാത്രമല്ല, ജീവിതത്തിലെ കളിയും ചിരിയുമൊക്കെ പങ്കിട്ട എന്റെ പ്രിയ കൂട്ടുകാരിക്ക്..

10. ആരോടും പറയാതെ, ആരെയുമറിയിക്കാതെ, അകലെ നിന്നും ഒരു നോക്ക് കൊണ്ട്, മെല്ലെ മൊഴിഞ്ഞ ചില വാക്കുകൾ കൊണ്ട് എന്നെ ഞാനല്ലാതാക്കിയതിന്, ഈ ഹൃദയമെന്നിൽ നിന്നും പിടിച്ചെടുത്തതിന്, വെവ്വേറെ വഴികളിൽ യാത്രയാകാനൊരുങ്ങുമ്പോഴും അവസാന നിമിഷം വരെ ശക്തി നൽകി കൊണ്ട് കൂടെ നിൽക്കുന്നതിന്, ഒരു ജീവിതകാലം മുഴുവനും കാണേണ്ട സ്വപ്നങ്ങൾ ഒന്നിച്ച് കാണിച്ചു തന്ന എന്റെ പ്രണയത്തിന്..
 
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ സ്നേഹത്തിനിടയിൽ തന്നെ ജനിച്ചു വീഴണമെന്ന ആഗ്രഹം മാത്രമിനി ബാക്കി. എന്തെന്നാൽ നിങ്ങളിലോരോരുത്തരേയും സ്നേഹിച്ചെനിക്ക് കൊതി തീർന്നില്ലല്ലോ..

1 comment: