Wednesday 13 March 2013

നിശബ്ദനായി വന്ന കൂട്ടുകാരന്‍


മുറ്റത്തെ കൂറ്റന്‍ മരം ശക്തമായ കാറ്റില്‍ ആടിയുലഞ്ഞു. മരണം പോലെ നിശബ്ദമായ രാവിനെ വെല്ലാനെന്ന പോലെയാണ് കാറ്റിന്‍റെ ചൂളംവിളി. മിന്നിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെ പിന്തള്ളിയ കാര്‍മേഘങ്ങള്‍ രോഷം പ്രകടമാക്കിയത് ശക്തമായ മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കെറിഞ്ഞു കൊണ്ടാണ്. ഇടനാഴിയിലൂടെ മഴയുടെ ആര്‍ത്തനാദങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ട് നടക്കുമ്പോള്‍ നിശബ്ദമായി ആരോ പിന്തുടരുന്നത് ഞാനറിയുന്നു. പിറന്നു വീണ നിമിഷം മുതല്‍ കൂടെയുണ്ടായിരുന്ന, ജീവിതയാത്രയിലെപ്പോഴോ മറന്നു പോയ ആ കൂട്ടുകാരന്‍ സ്വന്തം സാന്നിധ്യം പ്രകടമാക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലം മാത്രം... 

ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചരിത്രത്തിന്‍റെ മുറിവുകളേറ്റ് ക്ഷീണിച്ചവശമായ ഒരു തറവാടിന്‍റെ മൂലയില്‍ പിറന്നു വീണ ആ രാത്രിയില്‍ ആദ്യമായി ആര്‍ത്തു കരഞ്ഞപ്പോള്‍ അവനുമുണ്ടായിരുന്നു കൂടെ. ഓരോ വാക്കുകളും വായില്‍ നിന്ന് വീഴുമ്പോള്‍, ആദ്യമായി കമഴ്ന്നു കിടന്നപ്പോള്‍, മുട്ടിലിഴഞ്ഞപ്പോള്‍, പിച്ചവെച്ച് നടക്കുമ്പോള്‍, ഒക്കെ അവനും കൂടെയുണ്ടായിരുന്നു - നിശബ്ദനായി. വളരും തോറും അവനെ മറന്നു പോകാന്‍ അവന്‍റെ ഈ നിശബ്ദത ഒരു കാരണമായിരുന്നിരിക്കാം. അങ്ങനെ കാലം കടന്നു പോയപ്പോള്‍ ദൂരെ നിന്ന് എന്‍റെ ജീവിതം വീക്ഷിക്കുന്ന ഒരു വിദൂരമായ നിഴല്‍ മാത്രമായി അവന്‍ മാറി. എങ്കിലും ഒരിക്കലവന്‍ വീണ്ടും വന്നു. 

ഒരിക്കല്‍ ക്യാമ്പസ്സിന്‍റെ തണല്‍ വിരിച്ച മരച്ചുവട്ടില്‍ കൂട്ടുകാരുമായി ഇരിക്കുമ്പോള്‍ വിളിക്കാതെ വന്ന അതിഥിയെ പോലെ വായില്‍ നിന്നും രക്തം വന്നപ്പോള്‍ ഓടിയരികില്‍ വന്ന അവനെ ഒരു നിഴല്‍ പോലെ ഞാന്‍ കണ്ടു. അന്ന് ആശുപത്രി കിടക്കയില്‍ പകുതി മയക്കത്തില്‍ ഒരുപാട് പരീക്ഷണങ്ങളുടെ ഫലവും കാത്ത് കിടക്കുമ്പോള്‍ അവന്‍ കാതില്‍ മന്ത്രിച്ചു, "ഞാനുണ്ട് കൂടെ." ആശ്വാസത്തെക്കാള്‍ ഭയം ആ സംസാരത്തില്‍ തോന്നിയതിനാലാവാം പിന്നീട് ആ രാത്രി ഉറക്കം വന്നതേ ഇല്ല. പിന്നീട് എന്നെ പോലെ രോഗികളായ മനുഷ്യര്‍ക്കിടയില്‍ ചികിത്സയുടെ ക്ഷീണം മൂലം പാതിയടഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ അവന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നതായിരുന്നു കണ്ടത്. കണ്ണുകളിറുക്കിയടച്ചപ്പോഴും പുഞ്ചിരി തൂകുന്ന അവന്‍റെ മുഖം മുന്നില്‍ തെളിഞ്ഞു നിന്നു. ദിവസങ്ങള്‍ കടന്നു പോകവേ മരുന്നും രോഗവും യുദ്ധക്കളമാക്കി പരസ്പരം പോരടിച്ച് അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായപ്പോള്‍, വരണ്ട ചുണ്ടുകളും തിളക്കമറ്റ കണ്ണുകളും ഇരുണ്ട് എല്ലുന്തിയ ശരീരവും മാത്രമായി, വിയര്‍പ്പും മരുന്നുകളും ജീര്‍ണ്ണതയും മണക്കുന്ന ആശുപത്രി കിടക്കയ്ക്കരികില്‍ വന്ന അവന്‍റെ സാന്നിദ്യം ആദ്യമായി ആശ്വാസം പകര്‍ന്നു. പക്ഷെ ആയുസ്സിന്‍റെ ബലവും മരുന്നുകളുടെ ശക്തിയും  ആരുടെയൊക്കെയോ പ്രാര്‍ഥനയും കൊണ്ട് രോഗം തോറ്റു തുന്നം പാടിയപ്പോള്‍ അവന്‍ നടന്നകലുന്നത് ഞാന്‍ കണ്ടു - ഉറ്റവരുടെ സ്നേഹവായ്പ്പിനിടയില്‍ എന്നെ ഉപേക്ഷിച്ചു കൊണ്ട്... 


കൈവിട്ടു പോയെന്നു കരുതിയ ജീവിതം നിനച്ചിരിക്കാതെ തിരികെ കിട്ടിയപ്പോള്‍ വിജയം എത്തിപ്പിടിക്കാനായിരുന്നു ആഗ്രഹമത്രയും. ഉന്നതിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരിക്കല്‍ പോലും അവനെ കുറിച്ച് ചിന്തിച്ചില്ല, ഓര്‍ക്കാന്‍ ശ്രമിച്ചു പോലുമില്ല. എങ്കിലും അവന്‍ ഞാന്‍ പോലുമറിയാതെ എന്നെ വീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഒടുവിലിന്നീ മഴയുള്ള രാത്രിയില്‍ ഇരുളടഞ്ഞ ഈ ഈ ഇടനാഴിയിലൂടെ നടന്ന് നടുമുറ്റത്ത് വന്നു വീഴുന്ന മഴത്തുള്ളികളെയും മിന്നല്‍പ്പിണരുകളെയും കണ്ടുകൊണ്ടിങ്ങനെയീ തേക്കിന്‍ തൂണും ചാരി നില്‍ക്കുമ്പോള്‍ ഒരു ഞെട്ടലോടെയാണ് അവന്റെ ശബ്ദം കേട്ടത്, "ഞാനിപ്പോഴും കൂടെയുണ്ട്." ഉയര്‍ന്ന ഹൃദയമിടിപ്പുകളോടെ ആയിരുന്നു തിരിഞ്ഞു നോക്കിയത്. ഇരുട്ടില്‍ അവന്‍റെ മുഖം വ്യക്തമായിരുന്നില്ല. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് അവന്‍റെ ശബ്ദം വീണ്ടും കേട്ടപ്പോള്‍ ശരീരമാകെയൊന്നു വിറച്ചു. നാഡികളിലൂടെ തണുപ്പ് കയറുന്നത് ഞാനറിഞ്ഞു. അവ്യക്തമായി ദൂരെ മറഞ്ഞു നിന്നിരുന്ന അവന്‍റെ 
മുഖം അന്നാദ്യമായി ഞാന്‍ കണ്ടു. മങ്ങിയ ഓര്‍മ്മകള്‍ മനസ്സിന്‍റെ മച്ചില്‍ നിന്നും പൊടിതട്ടിയെടുത്തപ്പോള്‍ ആ കൂരിരുട്ടിലും അവന്‍റെ മുഖം വളരെ പരിചിതമായി തോന്നി. ഈ മെലിഞ്ഞ കൈകള്‍ അവന്‍റെ തണുത്ത കൈകളില്‍ പിടിക്കുമ്പോള്‍ ഞാനോര്‍ത്തു, അവനാരാണെന്ന്. പ്രിയപ്പെട്ട കൂട്ടുകാരാ, ഇന്ന് ഞാനറിയുന്നു, നീ ജനിക്കുന്നവരുടെ കൂട്ടുകാരനാണെന്ന്, മരണമാണെന്ന്... 

No comments:

Post a Comment