Wednesday 12 December 2012

ഒരു പരീക്ഷാകാലത്തെ ചിന്തകള്‍



അത് പരീക്ഷാകാലമായിരുന്നു. ഒരു പക്ഷെ സാധാരണ ദിവസങ്ങളില്‍ ഒന്നായിരുന്നു എങ്കില്‍ അപ്പോള്‍ എന്‍റെ തൂലികയില്‍ കവിതകള്‍ വിരിഞ്ഞേനെ, യാതൊരു ഒഴിവും ഇല്ലാതെ. ആ തണുത്ത കാറ്റും  അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും, പറന്നു നടക്കുന്ന മേഘങ്ങളും   കൂടേറാന്‍ കാക്കുന്ന കിളികളും മൂടല്‍ മഞ്ഞിന്‍റെ പുതപ്പു മൂടി ഉറങ്ങാന്‍ കാത്തു നില്‍ക്കുന്ന ഭൂമിയും എല്ലാം എന്‍റെ ഭാവനയെ തട്ടി ഉണര്‍ത്തിയേനെ. ഉറങ്ങി കിടക്കുന്ന സ്വപ്നങ്ങളെയും... മനസ്സിന്‍റെ ഏതോ ഒരു കോണില്‍ നിശബ്ദമായി ഉറങ്ങുന്ന പ്രണയത്തിന്‍ കൈ പിടിച്ച് തണുപ്പിന്‍റെ പുതപ്പ് മൂടി ഉറങ്ങുന്ന ഭൂമിയ്ക്ക് മീതെ, നക്ഷത്രങ്ങള്‍ കണ്‍ചിമ്മി കാണിക്കുന്ന ആകാശത്തിന് കീഴിലൂടെ ഒരു നേര്‍ത്ത തൂവല്‍ പോലെ പറന്നു നടന്നേനെ. മേഘങ്ങള്‍ക്കിടയിലൂടെ ചന്ദ്രനുമൊത്ത് രാത്രി മുഴുവന്‍ ഒളിച്ചു കളിച്ചേനെ. ഒടുവില്‍ സൂര്യന്‍റെ ആദ്യത്തെ രശ്മി ആദ്യത്തെ പൂമൊട്ടിനെ വിളിച്ചുണര്‍ത്തും മുന്‍പ് തലവഴി പുതച്ച് എന്‍റെ കിടക്കയില്‍ തന്നെ അഭയം പ്രാപിച്ചേനെ - അതിരാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ള അമ്മയുടെ താരാട്ട് കേട്ടുറങ്ങുന്ന ആ പഴയ കുസൃതിക്കുടുക്കയായി... പിന്നെ ഉയര്‍ന്നു വരുന്ന സൂര്യന്‍റെ രശ്മികള്‍ക്കൊത്ത് മരം കയറാനും പൂമ്പാറ്റകളെ പിടിക്കാനും പറമ്പില്‍ ചിക്കിച്ചികയുന്ന കോഴികളെയും മറ്റും ഓടിച്ചും,  പശുവിന് പുല്ല് കൊടുത്തും ദിവസം മുഴുവന്‍ കളിച്ചുനടന്ന് തളര്‍ന്ന് സന്ധ്യയ്ക്ക് നാമം ജപിച്ച് രാത്രി അമ്മ വാരിത്തരുന്നതും കഴിച്ച്  സുന്ദരമായ സ്വപ്‌നങ്ങള്‍ കണ്ട് നക്ഷത്രങ്ങള്‍ നിറഞ്ഞ രാവില്‍ അമ്മയുടെ മടിയില്‍ കിടന്ന് ഉറങ്ങിയേനെ...

No comments:

Post a Comment