ഈ നീലരാവിന്‍റെ ഹൃദയത്തിലെവിടെയോ
ഒരു ദേവഗാനമൊഴുകീ..
വഴിതെറ്റി വന്നൊരാ പഥികന്‍റെ പാട്ടുകള്‍
ഇടമുറിഞ്ഞെവിടെയോ നിന്നു...
ആകാശവാണിയില്‍ പഴയ റേഡിയോവിലെ കരകര ശബ്ദത്തിന്‍റെ അകംബടിയോടെ ഒഴുകി വന്നു ആ ഗാനം. ജീവിതയാത്രയിലെവിടെയോ മറന്ന്‍ പോയ നഷ്ടപ്രണയത്തെ ഓര്‍മിക്കും പോലെ ഗായികയുടെ ശബ്ദമൊന്നിടറിയോ? ഇല്ല. തോന്നിയതാവണം. ജാലകവാതില്‍ തുറന്നപ്പോള്‍ ആകാശത്ത് മേഘങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന അര്‍ദ്ധചന്ദ്രന്‍. ഉമ്മറവാതില്‍ക്കല്‍ നിന്നും എന്നോ കേട്ട് മറന്ന കുപ്പിവളകിലുക്കങ്ങളും പതിഞ്ഞ ശബ്ദവും ജാലകവാതിലിനരികെ ഒളിപ്പിച്ച മുഖവും പോലെ... ഓരിയിടുന്ന നായ്ക്കള്‍ മുത്തശ്ശിക്കഥയിലെ യക്ഷികളെയും സുഗന്ധവുമായ് തഴുകിയകലുന്ന കാറ്റ് പാലപ്പൂവും ആകാശക്കൊട്ടാരവാതില്‍ തുറന്ന്‍ വരുന്ന ഗന്ധര്‍വ്വകഥകളും കണ്‍മുന്നില്‍ തെളിയിച്ചു. ശരീരത്തിലൊരു തണുപ്പ് കയറും പോലെ. ആകാശവാണിയില്‍ അടുത്ത ഗാനം ആരംബിച്ചിരിക്കുന്നു...
കരിന്തിരി കത്തുന്ന മോഹങ്ങളേ
വാടിക്കൊഴിയുന്ന സ്വപ്നങ്ങളേ...
അര്‍ദ്ധചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകിനടന്ന്‍ ഒളിച്ച് കളിക്കുകയാണോ? കാറ്റ് വീണ്ടും വീശി. ഇത്തവണ അല്പം കൂടി ശക്തിയോടെ. കൂടെ വന്ന കാര്‍മേഘങ്ങള്‍ വിണ്ണില്‍ നിന്നും കണ്‍ചിമ്മിച്ചിരിച്ചുകൊണ്ടിരുന്ന നക്ഷത്രങ്ങളെ മറച്ചു. പകരം ആയിരമായിരം മഴത്തുള്ളികള്‍ കൊണ്ട് തന്നു. കാറ്റ് എന്തോ സമ്മാനം നല്‍കും പോലെ ആ മഴത്തുള്ളികളില്‍ ചിലതിനെ ജാലകത്തിനിപ്പുറം നിന്ന എനിക്ക് സമ്മാനിച്ചു. കാറ്റ് വീണ്ടും ശക്തിയായി വീശി. ശാന്തരായി നിന്നിരുന്ന മരങ്ങള്‍ പ്രതിഷേധത്തിലെന്ന പോലെ ആടിയുലഞ്ഞു. വഴിയുടെ ഇരുവശവും മഴവെള്ളം ഒരു കൊച്ചരുവി പോലെ ഓഴുകിക്കൊണ്ടിരുന്നു. ചെറിയ കല്ലുകള്‍ ആ വെള്ളത്തില്‍ ഒഴുകിനടന്നു. മഴയുടെ സംഗീതത്തിന് കാതോര്‍ത്ത് ഞാനീ ജാലകത്തിനരികില്‍ തന്നെ നിന്നു. പൊഴിഞ്ഞു വീഴുന്ന ഇലകളും മഴവെള്ളത്തിലൊഴുകിയകലുന്ന പൂക്കളും നോക്കി നില്‍കുംബോള്‍ ഉള്ളിലെവിടെയോ ഒരു നഷ്ടബോധം. എന്നോ കണ്ട സ്വപ്നങ്ങളും മോഹങ്ങളും പോലെ ആ പൂക്കളും ഇലകളും മഴവെള്ളത്തിലൊലിച്ച് പോയ്ക്കൊണ്ടിരുന്നു. സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം പകര്‍ന്ന കൂട്ടുകാരിയും അവളുടെ നക്ഷത്രത്തിളക്കമുള്ള കണ്ണുകളും കാലത്തിനൊപ്പം എവിടെയോ മറഞ്ഞു. തേടിപ്പിടിക്കാമായിരുന്നെങ്കിലും ശ്രമിച്ചില്ല. ബന്ധങ്ങള്‍ ബന്ധനങ്ങളായി കണ്ടിരുന്ന ആ കാലത്ത് തനിച്ചാകുന്നതാണ് നല്ലതെന്ന്‍ തോന്നിയിരുന്നു. കാലം കടന്ന്‍ പോയപ്പോള്‍ പണ്ട് മുറുകെ പിടിച്ചിരുന്ന ആദര്‍ശങ്ങളുടെയും ചിന്തയുടെയും കെട്ടുകള്‍ അയഞ്ഞുവീണു. ബന്ധങ്ങള്‍ തിരികെ പിടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. ഒടുവില്‍ കൂട്ടിന് വാര്‍ദ്ധക്യവും ജരാനരകളും മാത്രമായി. ഇടിമുഴക്കത്തിന്‍റെ അകംബടിയോടെ വന്ന മിന്നല്‍പ്പിണരുകള്‍ ആകാശത്തെ മാത്രമല്ല വെട്ടിമുറിച്ചത്. മനസ്സിന്‍റെ ഏതോ ഒരിരുണ്ട കോണിലെ ഓര്‍മകളുടെ കലവറയുടെ പൂട്ട് കൂടിയായിരുന്നു. ഓര്‍മകള്‍ കണ്‍മുന്നില്‍ മിന്നി മറയുന്നത് പോലെ. ജീവിതയാത്രയിലെന്നും കൂടെയുണ്ടാകുമെന്ന്‍ കരുതിയ കൂട്ടുകാരിയും തറവാട്ടുമുറ്റത്തെ തിരുവാതിരക്കളിയും കാവിലെ ഉത്സവങ്ങളും തെയ്യങ്ങളും കളങ്ങളും ഊഞ്ഞാലാട്ടവും പൂവിളിയും പൊന്നോണപ്പൂക്കളവും വിഷുക്കണിയും സദ്യയും.. ഒടുവിലീ ബന്ധങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങിപ്പോകാന്‍ നേരം കോണിപ്പടിയുടെ പിന്നിലെ ഇരുളില്‍ അവളുടെ കണ്മഷി പുരണ്ട കണ്ണുകള്‍ നിറഞ്ഞോഴുകിയ കണ്ണുനീര്‍ത്തുള്ളികളും. എന്നെങ്കിലും അവളെ തന്‍റെ കൂടെ കൈപിടിച്ച് കയറ്റണമെന്നാഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. തീരെ താത്പര്യമില്ലാതിരുന്ന ഒരു ജീവിതത്തിലേക്കാണ് അവള്‍ കാലെടുത്ത് വെയ്ക്കാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ തടയാന്‍ ശ്രമിച്ചു. തറവാട്ടിലെ കാരണവന്മാര്‍ പടിയടച്ച് പിണ്ഡം വെച്ച എന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ അന്നവള്‍ തുനിഞ്ഞില്ല. പിന്നീടവളുടെ ജീവിതമൊരുപാട് ദുഃസ്സഹമാണെന്നറിഞ്ഞ് അവിടെ ചെന്നപ്പോള്‍ ഞാനവളെ കണ്ടു. വെളുത്ത തുണിയില്‍ പൊതിഞ്ഞ് വാഴയിലയില്‍ കിടത്തി... അവളുടെ ചിതയിലെ പുക കെട്ടണയും മുന്‍പേ മറ്റൊരുത്തിയെ വീട്ടിലേക്ക് വിളിച്ച് കയറ്റി അവളുടെ ഭര്‍ത്താവ്. അവളുടേതായി ബാക്കിയുള്ളതിപ്പോള്‍ തറവാടിന്‍റെ തെക്കേ മൂലയിലുള്ള അസ്ഥിത്തറയും അതിനു മുകളില്‍ കാറ്റിലാടുന്നൊരൊറ്റത്തിരി വിളക്കും പിന്നെ ഒരു പിടി ഓര്‍മകളും മാത്രം.
ഓര്‍മകളില്‍ അവളുടെ കുപ്പിവളകിലുക്കവും ആ നിറഞ്ഞ മിഴികളും പതിഞ്ഞ കാലടികളും ബാക്കി വെച്ച് അവള്‍ മറ്റൊരു ലോകത്തെ നക്ഷത്രമായി എന്നെ നോക്കി കണ്ണുകള്‍ ചിമ്മി. ആ നക്ഷത്രങ്ങളെയാണിന്ന്‍ കാര്‍മേഘങ്ങള്‍ വന്ന്‍ മൂടിയത്. ആ ചിന്നിക്കളിക്കുന്ന നക്ഷത്രശോഭയാണ് മിന്നല്‍പ്പിണരിന്‍റെ പ്രഭയില്‍ നിഷ്പ്രഭമായത്. ആ മിന്നല്‍പ്പിണര്‍ തന്നെയാണ് എന്നെ പുല്‍കിയെടുത്ത് അവളിന്നുള്ള ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത്...
No comments:
Post a Comment