എന്‍റെ ജാലകത്തിനു പുറമെ കാണുന്ന പ്രകൃതിയുടെ ഭാവം സൂചിപ്പിക്കുന്നത് ഇന്നത്തെ സായാഹ്നം ശാന്തവും സുന്ദരവുമായിരിക്കുമെന്നാണ്.
എങ്കിലും മനസ്സ് പറയുന്നു ഇന്ന്‍ കണ്ണീര്‍ മഴയില്‍ കുതിര്‍ന്നൊരു ഈറനണിഞ്ഞ സായാഹ്നമായിരിക്കുമെന്ന്‍... മായയാകുന്ന ലോകത്തെ ഈ ജീവിതത്തിന് എന്താണ് പ്രസക്തി?
ഈ കാണുന്ന കാഴ്ച്ചകളും, അനുഭവിക്കുന്ന സ്നേഹവും ദുഖവും സന്തോഷവുമെല്ലാം വെറും മായ മാത്രമാണെങ്കില്‍, ശാശ്വതമല്ലെങ്കില്‍ പിന്നെ എന്താണ് ഈ ചെറിയ ജീവിതത്തിന്‍റെ ലക്ഷ്യം?
എന്‍റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ ഏത് പ്രപഞ്ചശക്തിക്കാണ് കഴിയുക?
*

രോഷത്തോടെ കാറ്റിലാടിയിരുന്ന മരങ്ങളും മറ്റും നിശ്ചലമായി.
കണ്ണുനീര്‍ പോലും വറ്റി.
എന്നിട്ടും ഹൃദയം നുറുങ്ങുന്ന വിങ്ങലേ, നീ മാത്രമെന്തേ എന്നെ വിട്ട് പിരിയാത്തെ?
വറ്റിയ കണ്ണുനീരും മങ്ങിയ മുഖവും കണ്ണീര്‍ ചാലുകള്‍ ഒലിച്ചിറങ്ങിയ ഈ പാതയും തിളക്കമറ്റ കണ്ണുകളും നിന്നെ തൃപ്തനാക്കുന്നില്ലേ?
ഈ ശരീരത്തിലോടുന്ന രക്തമാണോ നിനക്ക് വേണ്ടത്?
അതോ ഈ ജീവനോ?
*

വസന്തകാലമേ നിനക്ക് സ്വാഗതം.
നിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്നും ജനിക്കുന്ന ആയിരമായിരം തളിരിലകളെയും പൂക്കളെയും സ്വാഗതം ചെയ്യാനാണ് ഈ ശരീരത്തില്‍ ഒരല്പ്പം ജീവനെങ്കിലും ബാക്കി നില്ക്കുന്നത്.
വസന്തമേ,
നിന്നെ ഞാന്‍ ഈ ജാലകത്തിനരികെ നിന്നും കണ്‍ കുളിര്‍ക്കെ കണ്ടാസ്വദിക്കട്ടെ..
നിന്‍റെ സുഗന്ദവും നിറങ്ങളുമാകട്ടെ എന്നെന്നേയ്ക്കുമായി ഈ കണ്ണുകള്‍ അടയുന്നതിനു മുന്‍പ് ഞാന്‍ ആസ്വദിക്കുന്നത്...
സൂര്യരശ്മിയില്‍ തിളങ്ങുന്ന പൂക്കളും, പകലിന് വഴിമാറിക്കൊടുക്കുന്ന ഇരുട്ടും പക്ഷികളുടെ കള-കള നാദത്തിന് വഴിമാറിക്കൊടുക്കുന്ന നിശബ്ദതയും കണ്ട് വേണം എനിക്ക് മറ്റൊരു ലോകത്തേയ്ക്ക് യാത്രയാവാന്‍......
ഈ ശരീരവും ഒരുപാടൊരുപാട് ഓര്‍മ്മകളും മാത്രം ബാക്കി വച്ച്... ഞാന്‍ പോകുംപോള്‍ ബാക്കിയാവുന്ന ഈ ശരീരത്തില്‍ നിന്നും എന്തെങ്കിലും മറ്റൊരു ജീവന് ഉപകാരപ്പെടുമെങ്കില്‍ കൊടുക്കാന്‍ മറക്കരുത്..
ബാക്കി വരുന്ന ശരീരത്തെ ഈ മണ്ണിനോടിഴുകിച്ചേരാന്‍ അനുവദിക്കുക.
അത് മറ്റനേകം ജീവന്‍റെ തുടിപ്പുകള്‍ക്ക് വളമാകട്ടെ...
No comments:
Post a Comment