.jpg)
അന്നത്തെ പുലരി വളരെ സുന്ദരമായിരുന്നു . അപ്രതീക്ഷിതവും . രാവിലത്തെ കിളികളുടെ സങ്കീര്‍ത്തനവും അവയുടെ ഇര തേടിയുള്ള പറക്കലും ചില അമ്മാവന്മാരുടെ 'മോര്‍ണിംഗ് വോക്കും ' കണി കണ്ട് ഉണരുന്നതിനു പകരം മൂടി പുതച്ചുറങ്ങുന്ന ഒരു തെരുവാണ് ഞാന്‍ കണ്ടത്. മഴയുടെ സംഗീതത്തെ താരാട്ട് പാട്ടായി സ്വീകരിച്ച് അഞ്ചര മുതല്‍ നിര്‍ത്താതെ ചിലച്ച് കൊണ്ടിരുന്ന അലാറം ഓഫാകി തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചെങ്കിലും അമ്മ വന്നു വിളിച്ചുണര്‍ത്തി . രാവിലെ തന്നെ ബഹളമുണ്ടാക്കാതെ അലാരത്തിന് മര്യാദയ്ക്ക് കിടന്നുറങ്ങി കൂടെ എന്ന് ശപിച്ച് കൊണ്ട് എഴുന്നേറ്റു .
ബസ് സ്റ്റോപ്പ് -ലേക്ക് ഒരോട്ടം തന്നെയായിരുന്നു. എഴെമുക്കാലിനു പാവങ്ങാട്ടെയ്ക്കുള്ള 'അമൃതവാഹിനി ' കിട്ടിയില്ലെങ്കില്‍ ഇന്നത്തെ കാര്യം പോക്കാണ്. .. ഹാവൂ~ ഭാഗ്യം. ബസ്സ് കിട്ടി. സാധാരണ ഇരിക്കാറുള്ള സീറ്റില്‍ മറ്റാരോ ഇരിക്കുന്നത് കണ്ടപ്പോള്‍ മുഖം വീര്‍പ്പിച്ച് അതിന്‍റെ മറുവശത്ത് പോയി ഇരുന്നു. ബസ്സ് നീങ്ങാന്‍ തുടങ്ങി. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍...! വൈകി വരുന്ന കുട്ടികളെ കണ്ണുരുട്ടി പെടിപ്പിച്ചിരുന്ന മദ്രാസിലെ പ്രിന്‍സിപ്പലേയും ക്ലാസ്സ് ടീച്ചറെയും ഓര്‍മ വന്നു. മഴ ശക്തമായി മുഖത്തടിച്ചപ്പോളാണ് ഓര്‍മയില്‍ നിന്നും തിരിച്ചു വന്നത്. ബസ്സിന്‍റെ ജനലിലെ ഷട്ടര്‍ താഴ്ത്തി വാതിലിലേക്ക് നോക്കി മഴയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പാട്ടുകളും ആലോചിച്ചങ്ങനെയിരുന്നു. പവങ്ങാടിരങ്ങാന്‍ തുടങ്ങുമ്പോഴേക്കും വീണ്ടും തുടങ്ങി ആ മഴ. നശിച്ച മഴ എന്ന് പറയാന്‍ നാവു പൊങ്ങിയില്ല. മദ്രാസില്‍ ഉണ്ടായിരുന്ന നാല് വര്‍ഷങ്ങള്‍ കൊണ്ട് മഴയെ അത്രയ്ക്ക് സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. മഴയത്ത് വെറുതെ നടക്കുന്നതിനും മഴയുടെ സംഗീതമാസ്വദിക്കുന്നതിനും എന്നും സമയം കണ്ടെത്തിയിരുന്നു. അനുഗ്രഹാശിസ്സുകളോടെയുള്ള മഴ ജീവിതം മുഴുവനും നിറയുമാറാകട്ടെ ... ഒരു മഴക്കാലത്ത് തന്നെയാകട്ടെ ഞാനെന്നെ തന്നെ ഈ ഭൂമിയ്ക്കായ് സമര്‍പ്പിച്ച് വിട വാങ്ങുന്നത്...